കണ്ണുർ: സംസ്ഥാന ഗവർണർ ഡോ.. ആരിഫ് മുഹമ്മദ് ഖാനെതിരെ അതിരൂക്ഷ വിമർശനവുമായി എം.വി ജയരാജൻ. കണ്ണൂർ സർവകലാശാല വി സിയായി ഗോപിനാഥ് രവീന്ദ്രനെ നിയമിച്ച ഗവർണർ പിന്നീട് അത് മാറ്റി പറയുന്നത് ഗവർണർ പദവിയേക്കാൾ ഉയർന്ന പദവി മോഹിച്ചാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ ആരോപിച്ചു.

കാര്യസാധ്യത്തിനായി സമ്മർദ്ദങ്ങൾക്ക് വഴങ്ങി ഗവർണർ ചളിയിൽ കുത്തിയ നാട്ട പോലെ കളിക്കരുതെന്നും ജയരാജൻ പറഞ്ഞു. സേവ് കണ്ണൂർ യുനിവേഴ്‌സിറ്റി ,സേവ് ഹയർ എഡ്യുക്കേഷൻ മുദ്രാ വാക്യമുയർത്തി സർവകലാശാല സംരക്ഷണ സമിതി നടത്തിയ പ്രകടനത്തിന്റെ സമാപന സമ്മേളനം യൂനിവേഴ്‌സിറ്റി പരിസരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിയമമനുസരിച്ച് പ്രവർത്തിക്കേണ്ട ചാൻസലർ കൂടിയായ ഗവർണർ എന്തുകൊണ്ടാണ് രാഷ്ട്രീയക്കാരെ പോലെ വാർത്താ സമ്മേളനം നടത്തി സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുന്നത്. ഗവർണറെ സമ്മർദ്ദത്തിലാക്കിയത് ആരാണെന്ന് പറയണം. വി സി നിയമനത്തിൽ എടുത്ത തീരുമാനം ഒരാഴ്ച കഴിഞ്ഞ് മാറ്റി പറയാൻ ഗവർണറെ പ്രേരിപ്പിച്ചത് ഇതിനെക്കാൾ ഉയർന്ന പദവി മോഹിച്ചാണെന്നും ചില സമ്മർദ്ദങ്ങൾക്ക് വഴങ്ങി അദ്ദേഹം ചെളിയിൽ കുത്തിയ നാട്ട പോലെ കളിക്കരുതെന്നും എം.വി ജയരാജൻ പറഞ്ഞു.

യു.ജി സി യുടെ പുതുക്കിയ മാനദണ്ഡപ്രകാരം 65 വയസ് വരെ വി സിക്ക് തുടരാവുന്നതാണ്. നാലു വർഷത്തെ സേവനത്തെ വിലയിരുത്തിയാണ് ഗോപിനാഥ് രവീന്ദ്രനെ പുനർ നിയമിച്ചത്. ഉന്നത വിദ്യാദ്യാസ മന്ത്രി എന്തിനാണ് രാജിവെക്കണ്ടത്. പ്രോ വൈസ് ചാൻസിലർ എന്ന നിലക്ക് വി സി നിയമനത്തിന്റെ മാനദണ്ഡങ്ങൾ അവർ ഗവർണറുടെ ശ്രദ്ധയിൽ പെടുത്തുക മാത്രമാണ് ചെയ്തതെന്നും എം വിജയരാജൻ പറഞ്ഞു. എസ്.എഫ്.ഐ., എ.കെ.പി.സി.ടി.എ, എ.കെ ജി സി ടി, കെ.യു സി ടി, കെ.യു ഇയു സംയുക്ത സമിതിയാണ് കൂട്ടായ്മ സംഘടിപ്പിച്ചത്