കണ്ണൂർ:ഏഴര വർഷത്തിന് ശേഷം നാടുകടുത്തൽ' 'ശിക്ഷ'യിൽ നിന്നും കാരായി രാജനെയും, കാരായി ചന്ദ്രശേഖരനെയും മോചിതരാക്കുന്ന ഹൈക്കോടതി വിധി സ്വാഗതാർഹവും നീതി തേടിയുള്ള പോരാട്ടത്തിന്റെ വിജയവുമാണെന്ന് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു. കണ്ണുരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദീർഘകാലമായി വിവിധ കോടതികളിൽ നിയമയുദ്ധം നടത്തിവരികയായിരുന്നു. 2006 ൽ ആർ.എസ്.എസ്സുകാരാണ് ഫസലിനെ കൊലപ്പെടുത്തിയതെന്ന സത്യം ജനങ്ങൾക്കറിയാം. അത് ജുഡീഷ്യറിയെ ബോധ്യപ്പെടുത്തി തങ്ങളുടെ നിരപരാധിത്വം തെളിയിക്കാനാണ് രാജനും, ചന്ദ്രശേഖരനും, സി.പി. എമ്മും പരിശ്രമിക്കുന്നതെന്നും ജയരാജൻ പറഞ്ഞു.

2012 ലാണ് നിരപരാധികളായ രാജനെയും, ചന്ദ്രശേഖരനെയും ഫസൽ കേസിൽ സിബിഐ പ്രതികളാക്കിയത്. 2006 ൽ മറ്റ് ആറ്‌നിരപരാധികളെയും കള്ളക്കേസിൽ കുടുക്കുകയായിരുന്നു. യഥാർത്ഥ പ്രതികളും ആർ.എസ്.എസ്സുകാരുമായ കുപ്പി സുബീന്റെയും, ഷിനോജിന്റെയും വെളിപ്പെടുത്തൽ പുറത്ത് വന്നതോടെ സത്യം ജനങ്ങൾ തിരിച്ചറിഞ്ഞു.

ഫസൽ കേസിലെ നിർണ്ണായക വഴിത്തിരിവായിരുന്നു ഇത്. ഇവരുടെ വെളിപ്പെടുത്തലുകളും, മറ്റ് തെളിവുകളും സഹിതം ഫസലിന്റെ സഹോദരി ഭർത്താവ് അബ്ദുൾ സത്താർ യഥാർത്ഥ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ടുകൊണ്ട് സിബിഐയെ സമീപിച്ചു. മാത്രമല്ല രാജനടക്കമുള്ളവർ പോളിഗ്രാഫ് ടെസ്റ്റിന് വിധേയമാകാൻ സന്നദ്ധത അറിയിച്ചു. എന്നിട്ടും നീതി കിട്ടിയില്ല. ജയിലിൽ കിടന്ന ചിലരെ പോളിഗ്രഫ് ടെസ്റ്റ് നടത്തിയപ്പോൾ ഫസലിനെ ഒരിക്കൽ പോലും കണ്ടിട്ടില്ലെന്ന് വ്യക്തമായിരുന്നു. തുടർന്നാണ് 2017 ൽ അബ്ദുൾ സത്താർ ഹൈക്കോടതിയിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഹർജി നൽകിയത്. 2021 ജൂലൈ 7 ന് തുടരന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു. ഫസൽ കേസിൽ നീതിയുടെ ആദ്യ വിജയമായിരുന്നു ഈ വിധി.

ജൂഡീഷ്യറിയിൽ നിന്നുണ്ടായ മൂന്ന് മാസത്തിന് ശേഷം രാജനും, ചന്ദ്രശേഖരനും നാട്ടിലേക്ക് പോകാമെന്ന വിധി നീതി തേടിയുള്ള പോരാട്ടത്തിലെ രണ്ടാമത്തെ വിജയമാണ്. മനുഷ്യാവകാശ നിഷേധത്തിനെതിരെ ഏഴര വർഷമായി നടത്തി വന്ന പോരാട്ടവുമായി സഹകരിച്ച രാഷ്ട്രീയ-സാംസ്‌കാരിക-കായിക മേഖലയിലെ പ്രഗൽഭമതികൾ മതപണ്ഡിതന്മാർ, വിവിധ സംഘടനകൾ, സാംസ്‌കാരിക സ്ഥാപനങ്ങൾ, റിട്ടയേർഡ് ജഡ്ജിമാരടക്കമുള്ളവർ, മാധ്യമപ്രവർത്തകർ എന്നിവരോടെല്ലാം നന്ദി രേഖപ്പെടുത്തുന്നു.

അപൂർവ്വത്തിൽ അപൂർവ്വമാണ് ഈ കേസ്. അതുകൊണ്ടാണ് കാരായി രാജനോടും, കാരായി ചന്ദ്രശേഖരനോടും ഐക്യദാർഢ്യം പ്രകടിപ്പാക്കാൻ പലരും സന്നദ്ധരായത്. നിരപരാധികൾ അകത്തും, അപരാധികൾ പുറത്ത് വിലസുകയും ചെയ്യുന്ന കേസാണിതെന്നും
ജാമ്യവ്യവസ്ഥ പിൻവലിക്കരുതെന്ന് സിബിഐ കോടതിയിൽ വാദിക്കുമ്പോൾ പറഞ്ഞ കാരണം ഇവർ നാട്ടിലെത്തിയാൽ സാക്ഷികളെ സ്വാധിനിക്കുമെന്നായിരുന്നു.

ഈ ഏഴര വർഷത്തിനിടയിൽ കോടതിയുടെ അനുമതിയോടെ നിരവധി തവണ നാട്ടിൽ വന്നിരുന്നു. തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും ജയിക്കുകയും ചെയ്തു. ഒരു സാക്ഷിയേയും ഭീക്ഷണിപ്പെടുത്തിയതായി പരാതി ഉയർന്നുവന്നില്ല എന്നിട്ടും അതേ വാദമാണ് സിബിഐ കഴിഞ്ഞ ദിവസവും ഹൈക്കോടതിയിൽ ആവർത്തിച്ചത്. കേസിലെ മറ്റ് ആറുപേർ വർഷങ്ങളായി നാട്ടിൽ തന്നെയായിരുന്നു. കേസിലെ ആറുപേർ ജാമ്യം കിട്ടിയവർ വർഷങ്ങളായി നാട്ടിൽ തന്നെയായിരുന്നു. അവരാരും സാക്ഷികളെ ഭീക്ഷണിപ്പെടുത്തിയിട്ടില്ല. കുടുംബത്തോടപ്പവും, നാട്ടുകരോടൊപ്പവും ജീവിക്കാനും പൊതുപ്രവർത്തനം നടത്താനും രാജനും ചന്ദ്രശേഖരനും ഈ വിധി മൂലം സാധിക്കുമെന്നും എം വി ജയരാജൻ പറഞ്ഞു.