തിരുവനന്തപുരം: ലൗ ജിഹാദിന് പുറമെ നാർക്കോട്ടിക് ജിഹാദും ഉണ്ടെന്ന പാലാ ബിഷപ്പിന്റെ പ്രസ്താവനയ്ക്ക് എതിരെ ഡിവൈഎഫ്‌ഐ. മതമേലദ്ധ്യക്ഷന്മാർ സമൂഹത്തെ തകർക്കാൻ ശ്രമിക്കുന്നവർ ആകരുതെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

ആയുധം ഉപയോഗിക്കാൻ പറ്റാത്ത സ്ഥലങ്ങളിൽ നാർക്കോട്ടിക് ജിഹാദ് ഉപയോഗിക്കുകയാണെന്നും കത്തോലിക്കാ കുടുംബങ്ങൾ ഇതിനെതിരെ കരുതിയിരിക്കണമെന്നാണ് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞത്. യാതൊരു തെളിവുകളുടെയും അടിസ്ഥാനമില്ലാതെ ഇത്തരം പ്രസ്താവന അപകടകരമാണെന്ന് ഡിവൈഎഫ് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി.

കേരളത്തിന്റെ സമാധാന അന്തരീക്ഷവും മത സൗഹാർദ്ദവും തകർക്കുന്ന ഇത്തരം പ്രസ്താവന ഒരു മതമേലാധ്യക്ഷന്റെ ഭാഗത്തുനിന്ന് ഉണ്ടായത് അത്യന്തം അപകടകരമാണ്. ഇത് കേരളത്തെ അപമാനിക്കുന്നതിന് തുല്യമാണ്. ഒരുമയോടെ നിലനിൽക്കുന്ന സമൂഹത്തിൽ വിഭാഗീയത വളർത്താനുള്ള ശ്രമങ്ങൾ അനുവദിക്കാനാവില്ല.

അതിരുകടന്ന പ്രസ്താവന പാലാ ബിഷപ്പ് പിൻവലിക്കണം. അനാവശ്യമായ അഭിപ്രായ പ്രകടനങ്ങൾ സമൂഹത്തിൽ സ്പർദ്ധ വളർത്തും. ഇന്നത്തെ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രിയും പാലാ ബിഷപ്പിന്റെ പ്രസ്താവനയെ എതിർത്തിരുന്നു. ഉത്തരവാദിത്തപ്പെട്ട സ്ഥനത്ത് ഇരിക്കുന്നവർ ഇത്തരം പ്രശ്‌നം കൈകാര്യം ചെയ്യുമ്പോൾ ഏതെങ്കിലും തരത്തിലുള്ള മതപരമായ വേർതിരിവ് ഉണ്ടാകാതിരിക്കാനും അനാവശ്യമായ ചേരികൾ സൃഷ്ടിക്കാതിരിക്കാനും അങ്ങേയറ്റം ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.