വർക്കല: അധികം ആരോടും സംസാരിക്കാത്ത, മദ്യപാനമടക്കമുള്ള ദുശ്ശീലങ്ങൾ ഇല്ലാത്ത ഓട്ടോ റിക്ഷ ഡ്രൈവർ സബീർ. സബീറിൽ നിന്ന് ഇങ്ങനൊരു ക്രൂരത ആരും പ്രതീക്ഷിച്ചില്ല. ഇപ്പോഴും മക്കളെ കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്തതിന് കാരണം നാവായിക്കുളത്തുകാർക്ക് അറിയില്ല. അത് ദുരൂഹമായി തുടരുകയാണ്.

കുടുംബത്തിലെ അഭിപ്രായ വ്യത്യാസത്തെത്തുടർന്ന് അഞ്ചുമാസമായി സബീർ നാവായിക്കുളം വടക്കേ വയലിൽ മംഗ്ലാവിൽ വാതുക്കൽ വയലിൽ വീട്ടിൽ ഒറ്റയ്ക്കായിരുന്നു. ഭാര്യ റജീന സഹോദരനോടൊപ്പം മൂന്നു കിലോമീറ്റർ അകലെ നാവായിക്കുളം വൈരമല എ.ആർ.മൻസിലിലും. ഭാര്യയും കുട്ടികളുമായി അകന്ന് താമസിക്കുന്നത് സബീറിനെ മാനസികമായി തളർത്തിയിരുന്നു. അകൽച്ചയുടെ കാരണം ഇനിയും പൊലീസിന് വ്യക്തമായിട്ടില്ല. ഭാര്യ റജീനയുടെ മൊഴി പൊലീസ് ഇതിനായി എടുക്കും.
.
സബീർ കുടുംബവുമായി അകന്ന ശേഷം ആരുമായും അടുപ്പം കാട്ടാതായി. മക്കളെ കാണാൻ സബീർ മിക്കവാറും സമ്മാനപ്പൊതികളുമായി മക്കളെ കാണാൻ മിക്കപ്പോഴും സബീർ എത്തും. വല്ലയപ്പോഴും മക്കളെയും കൂട്ടി യാത്രകളും പോകും. വെള്ളിയാഴ്ച വൈകിട്ട് ഭാര്യ താമസിക്കുന്ന വീട്ടിലെത്തിയ സബീർ മക്കളെ ഒപ്പം കൊണ്ടു പോയി. കുട്ടികളും സന്തോഷത്തോടെ കൂടെ പോയി. രാത്രി റജീനയുടെ സഹോദരൻ വിളിച്ചപ്പോൾ വർക്കല ബീച്ചിൽ പോയതായും പുതിയ വസ്ത്രം വാങ്ങിയതായും മുന്തിയ ഹോട്ടലിൽ നിന്ന് ആഹാരം കഴിച്ചതായും സന്തോഷത്തോടെ കുട്ടികൾ പറഞ്ഞു.

ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കുന്നതിന് കുട്ടികളെ രാവിലെ വീട്ടിൽ കൊണ്ടു വരണമെന്ന ഭാര്യ സഹോദരന്റെ ആവശ്യം സബീർ സമ്മതിച്ചു. എന്നാൽ കാത്തിരുന്ന് നിരശനായി കുട്ടികളെ അന്വേഷിച്ചിറങ്ങി പിന്നെ അറിഞ്ഞത് സബീറിന്റെ ക്രൂരതയാണ്. ഇനി റജീന തനിച്ചാണ്. 2 ആൺ മക്കളെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കിയ സംഭവത്തിൽ മൂന്നു പേരുടെയും മൃതദേഹങ്ങൾ നെടുമങ്ങാട് ആനാട് ചുള്ളിമാനൂർ മുസ്ലിം പള്ളിയിൽ ഖബർ അടക്കി. പോസ്റ്റ്‌മോർട്ടത്തിനു ശേഷം നാവായിക്കുളത്തുകൊണ്ടു വന്ന മൃതദേഹങ്ങൾ സബീറിന്റെ ഭാര്യ റജീന താമസിക്കുന്ന വൈരമല എ.ആർ.മൻസിലിൽ പൊതു ദർശനത്തിനു വച്ച ശേഷമാണ് കൊണ്ടു പോയത്.

സബീറിന്റെ കുടുംബ സ്ഥലം ചുള്ളിമാനൂർ ആയതിനാലാണ് അവിടെ ഖബർ അടക്കാൻ തീരുമാനിച്ചത്. വെള്ളി രാവിലെ 9 മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം.മൂത്ത മകൻ അൽത്താഫി(12)നെ സബീർ താമസിക്കുന്ന മംഗ്ലാവിൽ വാതുക്കൽ വയലിൽ വീട്ടിൽ കഴുത്തറുത്തുകൊലപ്പെടുത്തിയ ശേഷം ഇളയ മകൻ അൻഷാദി(9) നെയും കൊണ്ട് നാവായിക്കുളം വലിയ കുളത്തിൽ ചാടുക ആയിരുന്നു.നാലു മാസമായി സബീറും ഭാര്യയും അകന്നു താമസിക്കുകയായിരുന്നു.കുടുംബ പ്രശ്‌നങ്ങൾ ആകാം കൊലയ്ക്ക് കാരണമായതെന്ന് പൊലീസ് പറയുന്നു.

നാവായിക്കുളം ഗവ.ഹയർസെക്കൻഡറി സ്‌കൂളിലെ 6,4 ക്ലാസ് വിദ്യാർത്ഥികളായ അൽത്താഫിന്റെയും അൻഷാദിന്റെയും വേർപാട് ഇനിയും ഉൾക്കൊള്ളാൻ നാവായിക്കുളത്തിന് കഴിഞ്ഞിട്ടില്ല. ബാപ്പയുടെ കൈപിടിച്ച് യാത്ര പറഞ്ഞ് പോയത് ഇതിന് ആയിരുന്നോ മക്കളേ...എന്നെ തനിച്ചാക്കി നിങ്ങൾ പോയില്ലേ.... ഉമ്മ റജീനയുടെ നിലവിളിക്കും ആർക്കും ഉത്തരമില്ല. നാവായിക്കുളം പട്ടാളം മുക്കിലെ ഓട്ടോ തൊഴിലാളിയായിരുന്നു സബീർ. മരണത്തെ തുടർന്ന് ഓട്ടോകൾ കഴിഞ്ഞ ദിവസം ഓട്ടം നിർത്തി വച്ചു.