ന്യൂഡൽഹി: കർഷക പ്രക്ഷോഭത്തിന് പിന്തുണയറിയിച്ചതിന് അറസ്റ്റിലായ ദളിത് ആക്ടിവിസ്റ്റ് നോദീപ് കൗറിന് ജാമ്യം. പഞ്ചാബ് ഹരിയാന ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. കർഷക സമരത്തിൽ പങ്കെടുക്കുന്നതിനിടെ കഴിഞ്ഞ ജനുവരി പന്ത്രണ്ടിനാണ് നോദീപിനെ ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തത്. 43 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് നവ്ദീപ് കൗറിന് ജാമ്യം അനുവദിച്ചിരിക്കുന്നത്.

സമരം ശക്തമാകുന്നതിനിടെ കുണ്ഡലിയിലെ വ്യവസായ സ്ഥാപനത്തിലെ പ്രതിനിധികളേയും ജീവനക്കാരെയും ആക്രമിച്ചുവെന്നാരോപിച്ചാണ് നവ്ദിപ് കൗറിനെ ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകശ്രമം, ഭീഷണിമുഴക്കൽ, നിയമവിരുദ്ധമായ സമ്മേളനം, മാരകായുധങ്ങൾ ഉപയോഗിച്ച് കലാപ ശ്രമം, അതിക്രമം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് നവ്ദീപിനെനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

അറസ്റ്റിന് പിന്നാലെ നവ്ദീപിനെ പൊലീസ് ക്രൂരമായി മർദ്ദിച്ചെന്ന ആരോപണങ്ങളും ഉയർന്നിരുന്നു. നവ്ദീപിനെ വിട്ടയക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് നിരവധി മനുഷ്യവകാശ പ്രവർത്തകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. സമൂഹമാധ്യമങ്ങളിൽ അടക്കം നവ്ദീപിനെ വിട്ടയക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ക്യാമ്പയിനുകളും സജീവമായിരുന്നു.

അറസ്റ്റിന് പിന്നാലെ ക്രൂരമായ മർദ്ദനമാണ് നവ്ദീപിന് പുരുഷ പൊലീസുകാരിൽ നിന്നും ഏറ്റുവാങ്ങേണ്ടിവന്നിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷയുമായി നവ്ദീപ് കോടതിയെ സമീപിച്ചത്. ഇത് പരിശോധിച്ചതിന് ശേഷമാണ് കോടതി ജാമ്യം അനുവദിച്ചത്.

അതേസമയം കേന്ദ്ര കാർഷിയക നിയമങ്ങൾക്കെതിരെ കർഷകർ നടത്തുന്ന പ്രക്ഷോഭം 93 -ാം ദിവസത്തിലേക്ക് കടന്നു. സമരത്തിനിടെ സിംഘു അതിർത്തിയിൽ ഒരു പതിനേഴുകാരൻ കൂടി മരിച്ചു. ഇതോടെ അതിർത്തിയി ൽ മരിച്ചവരുടെ എണ്ണം 252 ആയി. ഇന്ന് യുവ കിസാൻ ദിനമായി ആചരിച്ചുകൊണ്ട് യുവകർഷകരാണ് ഇന്ന് സമര വേദിയിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.