മുംബൈ: എൻസിപി നേതാവ് നവാബ് മാലിക്ക് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) സോണൽ ഡയറക്ടർ സമീർ വാംഖഡെക്കെതിരെ കുരിശു യുദ്ധം പ്രഖ്യാപിച്ചു കൊണ്ട് രംഗത്തുണ്ട്. നവാബ് അനധികൃത മാർഗത്തിലൂടെ കോടികൾ സമ്പാദിച്ചിട്ടുണ്ടെന്ന് ആരോപിച്ചാണ് നവാബ് മാലിക് വീണ്ടും രംഗത്തുവന്നത്. സത്യസന്ധനായ ഒരു ഉദ്യോഗസ്ഥന് കഴിയാത്ത വിധത്തിൽ അത്യാഢംബരത്തിലാണ് വാംഖഡെയുടെ ജീവിതമെന്ന് മാലിക് ആരോപിച്ചു.

വാംഖഡെ ധരിക്കുന്ന പാന്റ്സിന് ലക്ഷം രൂപ വിലയുണ്ട്. എഴുപതിനായിരം രൂപയുടെ ഷർട്ടാണ് ഇടുന്നത്. വാച്ചിന് അൻപതു ലക്ഷം രൂപ വരെ വിലയുണ്ട്- മാലിക് പറഞ്ഞു. സത്യസന്ധനായ ഒരു ഉദ്യോഗസ്ഥന് എങ്ങനെയാണ് ഇത്തരത്തിൽ ആഡംബര ജീവിതം നയിക്കാനാവുകയെന്ന് മാലിക് ചോദിച്ചു. ആളുകളെ തെറ്റായി കേസിൽ പെടുത്തി കോടികൾ വാങ്ങിയെടുക്കുകയാണ് വാംഖഡെ ചെയ്യുന്നത്. ഇതു ചെയ്യാനായി വാംഖഡെയ്ക്ക് സ്വ്കാര്യ സംഘം തന്നെയുണ്ടെന്ന മാലിക് ആരോപിച്ചു.

തനിക്ക് അധോലോകവുമായി ബന്ധമുണ്ടെന്ന് ആരോപണം ഉന്നയിച്ച മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്തുകൊണ്ടാണ് അന്വേഷണം നടത്താതിരുന്നതെന്ന് മാലിക് ചോദിച്ചു. ചില്ലുകൊട്ടാരത്തിൽ ഇരുന്ന് മറ്റുള്ളവരെ കല്ലെറിയരുതെന്ന് പറയാറുണ്ട്, ഞാൻ ചില്ലുകൊട്ടാരത്തിലല്ല ഇരിക്കുന്നത് -ഫഡ്‌നാവിസിനെ ലക്ഷ്യമിട്ട് നവാബ് മാലിക് പറഞ്ഞു.

എനിക്ക് അധോലോക ബന്ധമുണ്ടെന്നാണ് പറയുന്നത്. ഞാൻ 62 വർഷമായി ജീവിക്കുന്നത് ഈ നഗരത്തിലാണ്. എനിക്ക് നേരെ കൈചൂണ്ടി ആർക്കെങ്കിലും പറയാനാകുമോ അധോലോക ബന്ധമുണ്ടെന്ന്. ഫഡ്‌നാവിസ് മുഖ്യമന്ത്രിയായിരുന്നല്ലോ. അഭ്യന്തരവും അദ്ദേഹത്തിനായിരുന്നു. ഞാൻ അധോലോക ബന്ധമുള്ളയാളാണെങ്കിൽ ഫഡ്‌നാവിസ് എന്തുകൊണ്ട് അത് അന്വേഷിച്ചില്ല -നവാബ് മാലിക് ചോദിച്ചു.

ദേവേന്ദ്ര ഫഡ്‌നാവിസും മയക്കുമരുന്ന് കച്ചവടക്കാരനായ ജയദീപ് റാണ എന്നയാളും തമ്മിൽ ബന്ധമുണ്ടെന്ന് മാലിക് ആരോപിച്ചതിന് പിന്നാലെയാണ് ഇരുവരും തമ്മിൽ വാഗ്വാദം ആരംഭിച്ചത്. മയക്കുമരുന്ന് കേസിൽ ജയിലിലുള്ള ജയദീപ് റാണയും ഫഡ്‌നാവിസും ഒരുമിച്ചുള്ള ഫോട്ടോയായും പുറത്തുവിട്ടിരുന്നു.

സമീർ വാങ്കഡെയെ എൻ.സി.ബി തലപ്പത്ത് നിയോഗിച്ചത് ഫഡ്‌നാവിസിന്റെ ഇടപെടലിലൂടെയാണ്. ഇയാളാണ് റാക്കറ്റിന്റെ തലവൻ. ബോളിവുഡിനെ മഹാരാഷ്ട്രക്ക് പുറത്തേക്ക് കൊണ്ടുപോകാനുള്ള ബിജെപി നീക്കം മാത്രമാണ് ആഡംബരക്കപ്പൽ ലഹരിക്കേസ്. ബോളിവുഡിനെ അപകീർത്തിപ്പെടുത്താനുള്ള നീക്കം മാത്രമാണിതെന്നും നവാബ് മാലിക് ആരോപിച്ചിരുന്നു.

ഇതിന് മറുപടിയുമായി ഫഡ്‌നാവിസ് രംഗത്തെത്തി. നവാബ് മാലിക്കിന് അധോലോക നേതാക്കളുമായുള്ള ബന്ധം പുറത്തുകൊണ്ടുവരുമെന്നായിരുന്നു ഫഡ്‌നാവിസിന്റെ മറുപടി. മരുമകനെതിരായ എൻ.സി.ബി കേസ് ലഘൂകരിക്കാനായാണ് നവാബ് മാലിക് ഇത്തരം ആരോപണങ്ങളിലൂടെ ശ്രമിക്കുന്നത്. എല്ലാ കാര്യങ്ങളും ഞാൻ പുറത്തുകൊണ്ടുവരും. തെളിവില്ലാത്ത ഒരു കാര്യവും ഞാൻ പറയാറില്ല -ഫഡ്‌നാവിസ് പറഞ്ഞു.

ജയദീപ് റാണയുമായി തനിക്ക് ബന്ധമുണ്ടെന്ന വാദവും ഫഡ്‌നാവിസ് നിഷേധിച്ചു. റിവർ മാർച്ച് എന്ന സംഘടനയുടെ ഭാഗമായി വന്ന ഒരാളാണ് നവാബ് മാലിക് ട്വീറ്റ് ചെയ്ത ചിത്രത്തിലുള്ളതെന്ന് ഫഡ്‌നാവിസ് പറഞ്ഞു. 'ചിത്രത്തിലുള്ള വ്യക്തി എല്ലാവരുടെയും കൂടെ നിന്ന് ചിത്രം എടുത്തിരുന്നു. എന്റെ ഭാര്യയുടെ കൂടെയും എന്റെ കൂടെയും ചിത്രമെടുത്തു. എന്റെ ഭാര്യ ഒരു സാമൂഹിക പ്രവർത്തകയാണ്. എന്നെ ആക്രമിക്കാൻ വഴിയില്ലാതായപ്പോൾ ഭാര്യയെ ആക്രമിക്കുകയാണ്. മാന്യത കൈവിടാൻ ഞാൻ തയാറല്ല, എങ്കിലും ഇതിന് തക്കതായ മറുപടി നൽകും -ഫഡ്‌നാവിസ് പറഞ്ഞു.