മുംബൈ: ആഡംബരക്കപ്പൽ ലഹരി വിവാദത്തിലൂടെ ബോളിവുഡിനെ മുംബൈയിൽ നിന്ന് കടത്താനാണ് ബിജെപി ലക്ഷ്യം വെയ്ക്കുന്നതെന്ന ആരോപണവുമായി മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്. ഈ നീക്കത്തിന്റെ ഭാഗമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ സിനിമ പ്രവർത്തകർ യോഗം ചേർന്നതായും മന്ത്രി ആരോപിച്ചു.

യുപിയിലെ നോയ്ഡയിൽ ഫിലിം സിറ്റി ആരംഭിക്കുന്നതുമായി ബന്ധപ്പെട്ടാണ് ചർച്ചകൾ നടക്കുന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് നവാബ് മാലിക്കിന്റെ ആരോപണം. 'ബോളിവുഡിന്റെ ആസ്ഥാനമായ മുംബൈയെ വിവാദങ്ങളിൽപ്പെടുത്തി അപമാനിക്കാനും സമാന്തരമായി യുപിയിൽ ഫിലിം സിറ്റി രൂപീകരിക്കാനുമാണ് വിവാദങ്ങളിലൂടെ ബിജെപി ലക്ഷ്യംവെയ്ക്കുന്നത്'- പുതിയ ആരോപണത്തിൽ മന്ത്രി പറയുന്നു.

കഴിഞ്ഞദിവസം സമീർ വാങ്കഡെയ്ക്കെതിരെ ഫോൺ ചോർത്തൽ, ഐആർഎസ് നിയമനത്തിനായി വ്യാജ ജാതി രേഖയുണ്ടാക്കി എന്നടക്കമുള്ള ഗുരുതര ആരോപണങ്ങളുയർത്തി നവാബ് മാലിക് രംഗത്തെത്തിയിരുന്നു. കൈക്കൂലി ആരോപണത്തിൽ അറസ്റ്റിനെതിരെ മുംബൈ ഹൈക്കോടതി സമീപിച്ചതോടെ സമീർ വാങ്കഡെയുടെ ഭയമാണ് പുറത്തുവന്നിരിക്കുന്നതെന്നും നവാബ് മാലിക് പ്രസ്താവന നടത്തിയിരുന്നു.