തിരുവനന്തപുരം: കെ റെയിൽ പദ്ധതിയിൽ ചർച്ചകൾ പുരോഗമിക്കുമ്പോൾ ഭരണകക്ഷിക്കുള്ളിൽ തന്നെ അസ്വാരസ്യങ്ങൾ പുകയുന്നു. ഇടത് മുന്നണിക്കുള്ളിൽ സിപിഎമ്മും സിപിഐയും കെ റെയിലിനെ ചൊല്ലി കലഹിക്കുമ്പോൾ മറ്റ് കക്ഷികളൊന്നും ഇക്കാര്യത്തിൽ അഭിപ്രായം പറഞ്ഞിട്ടില്ല. പദ്ധതിയിൽ പാർട്ടികൾക്കുള്ളിൽ ഏകഅഭിപ്രായത്തിലെത്താൻ കഴിയാത്തതുകൊണ്ടാണ് പരസ്യപ്രതികരണത്തിന് അവരരും മുതിരാത്തത് എന്നാണ് റിപ്പോർട്ടുകൾ. എൻസിപി, എൽജെഡി, ജെഡിഎസ്, കേരളാ കോൺഗ്രസ് തുടങ്ങിയ കക്ഷികൾക്കുള്ളിൽ കെ റെയിലിനെതിരായ വികാരത്തിനാണ് മുൻതൂക്കം. എന്നാൽ സിപിഎമ്മിനെ ഭയന്ന് അവരാരും പരസ്യപ്രതികരണത്തിന് ഒരുങ്ങുന്നില്ല എന്നുമാത്രം. എന്നാൽ പാർട്ടികൾക്കുള്ളിൽ നിന്നും ഒറ്റപ്പെട്ട ശബ്ദങ്ങളും പരസ്യമായി ഉയരുന്നുണ്ട്.

കെ റെയിൽ പദ്ധതിയ്‌ക്കെതിരെ പരസ്യ പ്രസ്താവനയുമായി എൻസിപിയുടെ വിദ്യാർത്ഥിസംഘടനയായ എൻഎസ്‌സി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അജു കെ മധു രംഗത്തെത്തി. സാധാരണക്കാരായ ജനങ്ങളെ ജീവിതകാലം മുഴുവൻ അധ്വാനിച്ചുണ്ടാക്കിയ വീടുകളിൽനിന്ന് ഒരു ദയയുമില്ലാതെ ഇറക്കിവിടുന്നതാണോ വികസനമെന്ന് അജു ചോദിച്ചു. ഇത് കണ്ടിട്ടു കണ്ടില്ലെന്നു നടിക്കാൻ ഞങ്ങളെപോലുള്ള സാധാരണക്കാരായ പൊതുപ്രവർത്തകർക്ക് കഴിയില്ല.

കാസർഗോഡ് നിന്ന് നാല് മണിക്കൂറിൽ തിരുവനന്തപുരത്ത് എത്താൻ ആരാണിത്ര വെമ്പൽ കൊള്ളുന്നത്? കെ ഫോൺ, കോക്കോണിക്‌സ്, ജലപാത പോലുള്ള ഈ സർക്കാരിന്റെ മറ്റ് പദ്ധതികളെല്ലാം ഇനിയും ഒന്നുമായിട്ടില്ല. അത് പൂർത്തിയാക്കിയിട്ട് പോരെ കെ റെയിൽ എന്ന പുതിയ പദ്ധതിയെന്നും അജു ചോദിക്കുന്നു.

ഇത്രയധികം കുടുംബങ്ങളെ കുടി ഒഴിപ്പിക്കുമ്പോൾ ഉണ്ടാകുന്ന സാമൂഹ്യപ്രശ്‌നങ്ങളെ കണ്ടില്ലെന്ന് നടിക്കാനാകില്ല. മൂലമ്പിള്ളി പോലുള്ള സ്ഥലങ്ങളിൽ പുനരധിവാസം ഇനിയും പൂർണമായിട്ടില്ല. വിളപ്പിൽശാലയിൽ സാങ്കേതിക സർവകലാശാലയുടെ ക്യാംപസിനായി ഏറ്റെടുത്ത നൂറ് ഏക്കർ ഭൂമിക്ക് നഷ്ടപരിഹാരം നൽകാൻ പോലും ഇതുവരെ സാധിച്ചിട്ടില്ല. ഈ മുന്നനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ജനങ്ങളുടെ എതിർപ്പ് സ്വാഭാവികമാണ്. ഇന്ന് പ്രതികരിച്ചില്ലെങ്കിൽ നാളെ നമ്മളും പെരുവഴിയിൽ ഇറങ്ങേണ്ടിവരുമെന്നും അജു കെ മധു ഓർമിപ്പിച്ചു. അജുവിന്റെ പ്രതികരണത്തിന് പിന്നാലെ എൽഡിഎഫ് ഘടകകക്ഷികളിലെ പല നേതാക്കളും കെ റെയിലിനെതിരെ പ്രതികരണങ്ങളുമായി താമസിയാതെ രംഗത്തെത്തുമെന്നാണ് സൂചന.