കൊല്ലം: കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാനെന്ന പേരിൽ പിഞ്ചുകുട്ടികളെ അടക്കം രണ്ടു മണിക്കൂറോളം പൊരിവെയിലത്ത് നിർത്തി സിപിഎം ലോക്കൽ കമ്മറ്റി അംഗത്തിന്റെ നേതൃത്വത്തിൽ പ്രകടനവും യോഗവും നടത്തിയെന്ന് പരാതി.

ബാലസംഘത്തിന്റെ മീറ്റിങ് എന്ന പേരിലാണ് കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് യോഗവും പിന്നീട് പൊരിവെയിലത്ത് പ്രകടനവും നടത്തിയത്. പത്തനംതിട്ട ജില്ലയിലെ കടമ്പനാട് പഞ്ചായത്ത് രണ്ടാം വാർഡായ നെല്ലിമുകളിൽ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. സമരത്തിന്റെ ചിത്രം സഹിതം പരിപാടി സംഘടിപ്പിച്ച ലോക്കൽ കമ്മറ്റിയംഗം ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.

കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് 10 വയസിൽ താഴെയുള്ളവരെ ആളു കൂടുന്ന സ്ഥലങ്ങളിൽ കൊണ്ടുപോകാൻ പാടില്ല. ഇവർക്ക് സ്‌കൂളുകളിലോ ട്യൂഷനോ പോകുന്നതിന് വിലക്കുണ്ട്. ക്ഷേത്രങ്ങളിലും പള്ളികളിലും 10 വയസിൽ താഴെയുള്ളവർക്ക് പ്രവേശനമില്ല എന്നതാണ് കോവിഡ് ചട്ടം. ഇതു ലംഘിച്ചാണ് കുട്ടികളെ വിളിച്ചു കൂട്ടി ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യോഗവും പ്രകടനവും നടത്തിയത്.

സിപിഎമ്മിന്റെ കുട്ടികൾക്കുള്ള പോഷക സംഘടനയാണ് ബാലസംഘം. ഇതിന്റെ യൂണിറ്റ് കമ്മറ്റി യോഗമെന്ന് പറഞ്ഞാണ് വലുതും ചെറുതുമായ കുട്ടികളെ വീട്ടിൽ നിന്ന് വിളിച്ചു കൊണ്ടു വന്നിട്ടുള്ളത്. ഈ യോഗമാണ് കർഷകർക്കുള്ള ഐക്യദാർഢ്യമാക്കി മാറ്റിയത്. കുട്ടികളെ പൊരിവെയിലിൽ തള്ളുകയും ചെയ്തു. കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് കുട്ടികളെ തെരുവിൽ ഇറക്കിയതിന് സംഘാടകർക്കെതിരേ ബാലാവകാശ കമ്മിഷൻ കേസ് എടുക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.