പാലക്കാട്: കോൺഗ്രസിന്റെ വനിതാ പ്രവർത്തകരെ അപമാനിച്ചു നെന്മാറ എംഎൽഎ കെ ബാബുവിന്റെ പ്രസംഗം. മുഖ്യമന്ത്രിക്കെതിരെ നടന്ന പ്രതിഷേധ സമരത്തിൽ പങ്കെടുത്ത പ്രവർത്തകർക്കെതിരെയാണ് ജനപ്രതിനിധി സ്ത്രീവിരുദ്ധപരാമർശം നടത്തിയത്. പ്രതിഷേധത്തിനിടെ ബാരിക്കേഡിന് മുകളിൽ കയറുന്ന വനിതാപ്രവർത്തകരെയാണ് കെ. ബാബു അപമാനിച്ചത്.

സൈബറിടത്തിൽ സിപിഎം പ്രവർത്തകർ നടത്തുന്ന ഇത്തരം അശ്ലീല പ്രചരണത്തിനെതിരെ പൊലീസിൽ പരാതി നൽകിയിരിക്കുന്ന ഘട്ടത്തിലാണ് ഇത്തരമൊരു അവഹേളന പരാമർശവുമായി എംഎംഎ തന്നെ രംഗത്തുവന്നത് എന്നതും ശ്രദ്ധേയമാണ്. നെന്മാറ മണ്ഡലത്തിലെ പല്ലശ്ശേനിയിൽ തിങ്കളാഴ്ച രാത്രി നടന്ന പ്രതിഷേധയോഗത്തിലാണ് കെ. ബാബുവിന്റെ പരാമർശം ഉണ്ടായത്.

മുൻ ഏരിയ സെക്രട്ടറി കെ. രമാധരനും യോഗത്തിൽ പങ്കെടുത്തിരുന്നു. ഇത്തരമൊരു പ്രസ്താവനയെ കുറിച്ച് ചോദിച്ചപ്പോൾ ആ വാക്കുകളിൽ എന്താണ് തെറ്റ്, അവിടെ നടന്ന സംഭവങ്ങളുടെ ചിത്രങ്ങളും വീഡിയോയും എല്ലാവരും കണ്ടതല്ലേ അതിനെയല്ലേ ഞാൻ സൂചിപ്പിച്ചത് എന്നായിരുന്നു കെ. ബാബുവിന്റെ പ്രതികരണം.

'സ്ത്രീകൾ കയറിക്കഴിഞ്ഞാലുടനെ അവരാ സമരത്തിന്റെ മുമ്പിൽ നിൽക്കും. അങ്ങനെ നിന്നാൽ തന്നെ അവിടെ ബാരിക്കേഡ് തീർത്തിട്ടുണ്ടെങ്കിൽ അതിന് മുകളിലേക്ക് ചാടിക്കയറും. ചാടിക്കയറി മുകളിലെത്തിയില്ലെങ്കിൽ.......... തള്ളി കൊടുക്കും. എത്ര നാണംകെട്ട സമരങ്ങളാണിവിടെ. ആള് വേണ്ടേ, ആള് കൂട്ടണ്ടേ അവര്. നിങ്ങള് കാണുന്നില്ലേ പ്രതിഷേധം. ഏഴും മൂന്നും പത്താളുണ്ടോ എവിടെയെങ്കിലും. നാലും മൂന്നും ഏഴാള് കേറും. അതിൽ ഏതെങ്കിലും രണ്ട് പെണ്ണുങ്ങള് കേറും'. ഇത്തരത്തിലായിരുന്നു എംഎൽഎയുടെ പ്രസംഗം.

സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കൊല്ലങ്കോട് പൊലീസ് സ്റ്റേഷനില് പരാതി നല്കിയിട്ടുണ്ട്. സംഭവം വിവാദമായതോടെ കൂടുതൽ പ്രതികരിക്കാതിരിക്കയാണ് എംഎൽഎ ബാബു. കഴിഞ്ഞദിവസം പത്തനംതിട്ടയിൽ യൂത്ത് കോൺഗ്രസ് മാർച്ചിനിടയിൽ വനിതാ പ്രവർത്തകയെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ബാരിക്കേഡിന് മുകളിൽ കയറുവാൻ സഹായിച്ചിരുന്നു. ഈ ചിത്രം വ്യാപകമായി സാമൂഹ്യമാധ്യമങ്ങളിൽ സിപിഎം പ്രൊഫൈലുകൾ അശ്ലീല രീതിയിൽ പ്രചരിപ്പിച്ചിരുന്നു.