കൊച്ചി: താര സംഘടനയുടെ രണ്ടാമത്തെ ബി​ഗ് ബജറ്റ് ചിത്രം നിർമ്മിക്കുക ആന്റണി പെരുമ്പാവൂരിന്റെ ആശീർവാദ് സിനിമാസ്. മമ്മൂട്ടിയും മോഹൻലാലും അടക്കം 140-ഓളംപേർ അണിനിരക്കുന്ന ചിത്രത്തിന്റെ പേര് നിർദ്ദേശിക്കാനായി പ്രേക്ഷകർക്കും അവസരം ലഭിക്കുന്നതോടെ ജനകീയ പങ്കാളിത്തതോടെയുള്ള സിനിമയാണ് താരസംഘടന ഒരുക്കുന്നതെന്ന് ഉറപ്പായിരിക്കുകയാണ്. സിനിമയുടെ ആദ്യ പോസ്റ്റർ മോഹൻലാൽ ഇന്നലെ അമ്മയുടെ ആസ്ഥാന മന്ദിര ഉദ്ഘാടന ചടങ്ങിൽ പ്രദർശിപ്പിച്ചിരുന്നു. പ്രേക്ഷകരിൽനിന്ന് സിനിമയുടെ പേരു ക്ഷണിച്ച് മത്സരം സംഘടിപ്പിക്കുമെന്നും മോഹൻലാൽ പറഞ്ഞു.

പ്രിയദർശനും ടി.കെ. രാജീവ്കുമാറും ചേർന്നാകും സംവിധാനം ചെയ്യുന്നത്. രാജീവ്കുമാറാണ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ആന്റണി പെരുമ്പാവൂരിന്റെ ആശീർവാദ് സിനിമാസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഏറെ താമസിയാതെ തുടങ്ങുമെന്ന് ‘അമ്മ' പ്രസിഡന്റ് മോഹൻലാൽ പറഞ്ഞു. കൊച്ചിയിൽ പുതിയ ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങിലായിരുന്നു പുതിയ സിനിമയുടെ പ്രഖ്യാപനം. ഇതിനുമുമ്പ് ‘ട്വന്റി-ട്വന്റി' എന്ന സിനിമയായിരുന്നു ‘അമ്മ' നിർമ്മിച്ചത്.

കോവിഡിന്റെ പശ്ചാത്തലത്തിൽ സിനിമാ ഇൻഡസ്ട്രിക്കുണ്ടായ സാമ്പത്തിക നഷ്ടം മറികടക്കാനാണ് ‘ട്വന്റി 20' പോലൊരു സിനിമ ചെയ്യുന്നതെന്ന് മോഹൻലാൽ പറഞ്ഞു. ‘ഏകദേശം 135ഓളം പ്രവർത്തകർക്ക് ഇതിൽ അഭിനയിക്കാൻ കഴിയും. അങ്ങനെയൊരു കഥയാണ് ഈ സിനിമയ്ക്കും വേണ്ടിയിരുന്നത്. ഇതൊരു മഹത്തായ സിനിമയാണ്. ചിത്രം ആശീർവാദ് ആകും നിർമ്മിക്കുക. സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം ടി.കെ. രാജീവ് കുമാർ എഴുതിയിരിക്കുന്നു. ഇതൊരു ക്രൈം ത്രില്ലറാണ്. പ്രിയദർശനും രാജീവ് കുമാറും ചേർന്ന് ചിത്രം സംവിധാനം ചെയ്യും.'–മോഹൻലാൽ പറഞ്ഞു.സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററും റിലീസ് ചെയ്തു. ചിത്രത്തിന്റെ പേര് നിർദ്ദേശിക്കാൻ പ്രേക്ഷകർക്കായി ഒരു മത്സരവും ‘അമ്മ' സംഘടന ഒരുക്കുന്നു. അതിന്റെ വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയിക്കുമെന്നും മോഹൻലാൽ വ്യക്തമാക്കി.

എറണാകുളത്തെ കലൂരിൽ സ്ഥാപിച്ച ആസ്ഥാനമന്ദിരം മമ്മൂട്ടിയും മോഹൻലാലും ചേർന്നാണ് ഉദ്ഘാടനം ചെയ്തത്. സംഘടനയുടെ ചരിത്രത്തിലെതന്നെ ഏറ്റവും സന്തോഷകരമായ നിമിഷമാണിതെന്ന് മമ്മൂട്ടി പറഞ്ഞു. ജീവകാരുണ്യ പ്രവർത്തനങ്ങളും അംഗങ്ങളുടെ ക്ഷേമപ്രവർത്തനങ്ങളുമായി കൂട്ടായ്മയോടെ സംഘടന മുന്നോട്ടുപോകുമെന്ന് മോഹൻലാൽ പറഞ്ഞു. ആധുനിക സൗകര്യങ്ങളോടെ അഞ്ചുനിലകളിലായാണ് ആസ്ഥാനമന്ദിരം.