കോലഞ്ചേരി: തിരുവാണിയൂരിൽ നവജാതശിശുവിനെ പാറമടയിലെറിഞ്ഞ് കൊന്ന മക്കൾക്ക് മാനക്കേടുണ്ടാകാതിരിക്കാൻ വേണ്ടിയാണെന്നാണ് കൊലപാതകിയമായ മാതാവ് പറയുന്നതത്. കൗമാരപ്രായം പിന്നിട്ട മക്കളുള്ള ഇവർ ഈ പ്രസവം മാനക്കേടുണ്ടാക്കുമെന്നു ഭയന്നിരുന്നതായാണ് പൊലീസിൽ മൊഴി നൽകിയിരിക്കുന്നത്. അതേസമയം കുഞ്ഞിന്റെ പിതാവ് ആരാണെന്ന കാര്യത്തിൽ അവ്യക്തത നിലനിൽക്കുന്നുണ്ട്.

സംഭവത്തിൽ തിരുവാണിയൂർ പഴുക്കാമറ്റം ആറ്റിനീക്കര സ്‌കൂളിന് സമീപം താമസിക്കുന്ന പഴുക്കാമറ്റത്ത് വീട്ടിൽ ശാലിനിയ്‌ക്കെതിരേ കൊലപാതകക്കുറ്റം ചുമത്തി. നേരത്തേ അസ്വാഭാവിക മരണത്തിനായിരുന്നു കേസെടുത്തിരുന്നത്. എന്നാൽ കൊലപാതകമാണെന്ന് തെളിഞ്ഞതോടെ പൊലീസ് 40 കാരിക്കെതിരേ കൊലപാതകച്ചുറ്റം ചുമത്തി. പുത്തൻകുരിശ് പൊലീസ് മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കിയ ശേഷം ആശുപത്രിയിൽ റിമാൻഡ് ചെയ്യുകയായിരുന്നു. യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ട ശേഷം കസറ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.

പ്രസവിച്ച ഉടൻ ഷർട്ടിൽ പൊതിഞ്ഞ് കല്ലു കെട്ടി പാറമടയിലേക്കെറിഞ്ഞെന്നാണ് ഇവർ അവസാനമായി നൽകിയിരിക്കുന്ന മൊഴി. ഗർഭിണി ആയതിലെ നാണക്കേട് ഓർത്താണ് ക്രൂരകൃത്യം നടത്തിയത് ശാലിനി പൊലീസിൽ മൊഴിനൽകി. കൂലിപ്പണിക്കാരിയായ ശാലിനി കുറച്ചുകാലമായി ഭർത്താവുമായി പിണങ്ങിയാണ് കഴിയുന്നത്.

പ്രസവശേഷം രക്തസ്രാവം നിലയ്ക്കാത്തതിനെത്തുടർന്ന് ആരോഗ്യപ്രവർത്തകരെത്തി ഇവരെ ബുധനാഴ്ച തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരെ ആശുപത്രിയിൽ കൊണ്ടുപോകാൻ ഭർത്താവും ആരോഗ്യപ്രവർത്തകരും എത്തിയപ്പോഴും ഇവർ ആരും വീട്ടിൽ കയറാൻ അനുവദിച്ചില്ല. വീട്ടിനുള്ളിൽ കയറിയാൽ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. എന്നാൽ ഇത് അവഗണിച്ച് പുത്തൻകുരിശ് പൊലീസും ആരോഗ്യ പ്രവർത്തകരും ചേർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

ബുധനാഴ്ച വൈകിട്ട് ഡോക്ടർ നടത്തിയ പരിശോധനയിലാണ് പ്രസവിച്ച കാര്യം അറിയുന്നത്. ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെ ഇളയ മകനോട് വയറുവേദനയെന്നു പറഞ്ഞ് പുറത്തിറങ്ങിയ ശാലിനി വീടിനടുത്തുള്ള റബർ തോട്ടത്തിലെ പാറക്കല്ലിന് മുകളിലെത്തി പ്രസവിച്ചു. തുടർന്ന് പൊക്കിൾ ക്കൊടി മുറിച്ച് മാറ്റി കുഞ്ഞിന്റെ വായിൽ തുണി തിരുകി രണ്ടു ഷർട്ടുകളിൽ പൊതിഞ്ഞ് 500 മീറ്റർ അകലെയുള്ള പാറമടയിലെത്തി. അതിന് ശേഷം കുഞ്ഞിന്റെ ദേഹത്ത് ഭാരമുള്ള കല്ല് വരിഞ്ഞു കെട്ടി മടയിലേക്ക് വലിച്ചെറിയുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ബുധനാഴ്ച രാവിലെ ശാലിനി വീട്ടിൽ രക്തത്തിൽ കുളിച്ചുകിടക്കുന്നത് കണ്ട് മൂത്ത മകൻ പിതാവിനെ വിവരം അറിയിക്കുകയായിരുന്നു.

തിരുവാണിയൂരിൽ നവജാത ശിശു മുങ്ങിമരിച്ചതാണെന്നു പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി. ഇന്നലെ കളമശേരി മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് വെള്ളം ഉള്ളിൽ ചെന്നാണ് മരണമെന്നു തെളിഞ്ഞത്. ശ്വാസകോശത്തിൽ വെള്ളവും ചെളിയും കയറിയിട്ടുണ്ട്. മരിച്ച കുട്ടിയെ പാറമടയിൽ കെട്ടിത്താഴ്‌ത്തി എന്നായിരുന്നു അമ്മ പൊലീസിനോടു പറഞ്ഞിരുന്നത്. എന്നാൽ പ്രസവിച്ച് ആറു മണിക്കൂറിനു ശേഷമാണ് മരണം സംഭവിച്ചത് എന്ന് പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ തെളിഞ്ഞു. നേരത്തേ, അസ്വാഭാവിക മരണത്തിനായിരുന്നു കേസെടുത്തിരുന്നത്. കൊലപാതകം തെളിഞ്ഞതോടെ കൊലക്കുറ്റത്തിനു കേസെടുക്കും. ചാപിള്ളയായതിനിലാണ് പാറമടയിലെറിഞ്ഞതെന്ന് ആദ്യം മൊഴി നൽകിയത്.

ഡോക്ടറിൽ നിന്ന് വിവരമറിഞ്ഞ പൊലീസ് ഇന്നലെ രാവിലെ ശാലിനിയെ ആശുപത്രിയിൽ നിന്നെത്തിച്ച് കുഞ്ഞിനെ എറിഞ്ഞ സ്ഥലം കണ്ടെത്തി. ഫയർഫോഴ്സിന്റെ സ്‌കൂബാ സംഘമാണ് മൃതദേഹം കണ്ടെടുത്തത്. ചോരക്കുഞ്ഞിനെ പാറമടയിലെറിഞ്ഞ് കൊന്നിട്ടും കൂസലുമില്ലാതെയാണ് പൊലീസിനോട് ശാലിനി കാര്യങ്ങൾ വിശദീകരിച്ചത്. പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്നലെ തിരുവാണിയൂർ പൊതുശ്മശാനത്തിൽ ശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു. മരണപ്പെട്ട പിഞ്ചു കുഞ്ഞിനെ കൂടാതെ നാലുമക്കൾ വേറെയുമുണ്ട്.