കൊല്ലം: കറുത്ത് വികൃതമായ രൂപം. കണ്ണിലും നെറ്റിയിലും ചുവന്ന പാടുകളും രക്തം കട്ടപിടിച്ചിരിക്കുകയും ചെയ്തിരിക്കുന്നു. കണ്ടാൽ ആരും പേടിച്ചു പോകും. സർക്കാർ ആശുപത്രികളുടെ അനാസ്ഥമൂലം ജീവനറ്റ ഗർഭസ്ഥ ശിശുവിനെ ആഴ്ചകൾക്ക് ശേഷം പ്രസവിച്ചപ്പോൾ ബന്ധുക്കൾ കണ്ട കാഴ്ചയാണിത്. പാരിപ്പള്ളി കുളമട കഴുത്തുമൂട്ടിൽ താമസിക്കുന്ന, കല്ലുവാതുക്കൽ പാറ പാലമൂട്ടിൽ വീട്ടിൽ മിഥുന്റെ ഭാര്യ മീരയാണ് (23) ആഴ്ചകൾക്ക് മുൻപ് മരിച്ച കുഞ്ഞിനെ പ്രസവിച്ചത്. കടുത്ത വയറുവേദനയെതുടർന്ന് മൂന്ന് സർക്കാരാശുപത്രികളിൽ പോയെങ്കിലും കുഞ്ഞ് മരിച്ചു എന്ന് അവർ കണ്ടെത്തിയില്ല. തുടർന്ന് 15 ന് പുലർച്ചെ കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് കുഞ്ഞിന് ജീവനില്ലെന്ന് കണ്ടെത്തുന്നതും അടിയന്തിര ശസ്ത്രക്രിയ നടത്തി മൃതദേഹം പുറത്തെടുത്തതും.

കൊല്ലം വിക്ടോറിയ ഗവ.ആശുപത്രിയിലെ ഡോക്ടർ ഗുരുതര അനാസ്ഥ നടത്തി എന്ന് ബന്ധുക്കൾ ആരോപിക്കുന്നു. മീരയെ പരേേിശാധിച്ച ശേഷം പ്രസവിച്ചു കഴിഞ്ഞാൽ വലിയ തലവേദനയാകുമെന്നും ഐ.സി.യുവിൽ കിടത്തേണ്ടി വരുമെന്നും അിനാൽ തിരുവനന്തപുരത്തേക്ക് റഫർ ചെയ്യാമെന്നും നഴ്സിനോട് പറഞ്ഞതായി ബന്ധുക്കൾ പറയുന്നു. കൂടാതെ ആശുപത്രിയുടെ ആംബുലൻസിൽ വിടണ്ട എന്നും പറഞ്ഞതായും ബന്ധുക്കൾ ആരോപിക്കുന്നുണ്ട്. എസ്.എ.ടിയിലെത്തിയപ്പോൾ അവിടെ അഡ്‌മിറ്റ് ചെയ്തു. എട്ടാംമാസത്തിലെ വേദനയാണിതെന്നും പേടിക്കേണ്ടെന്നും പറഞ്ഞ് മരുന്ന് നൽകി. വേദന കുറഞ്ഞതോടെ തിരികെ വീട്ടിലേക്ക് പോകാനും ആദ്യം കാണിച്ച ആശുപത്രിയിൽ കാണിച്ചാൽ മതിയെന്നും പറഞ്ഞു. ഇവിടെ ഡോക്ടർ വയറു പരിശോധിക്കുകയോ സ്‌കാൻ ചെയ്യുകയോ ചെയ്തില്ല.

തിരികെ വീട്ടിലെത്തിയപ്പോഴേക്കും വീണ്ടും വേദന തുടങ്ങി. അസ്വസ്ഥത രൂക്ഷമായതോടെ 15നു പുലർച്ചെ കൊല്ലം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി സ്‌കാൻ ചെയ്തപ്പോഴാണു കുഞ്ഞിന് അനക്കമില്ലെന്നു കണ്ടത്. ഉടൻ തന്നെ ഡോക്ടർമാർ മീരയെ ലേബർ റൂമിലേക്ക് പ്രവേശിപ്പിക്കുകയും ജീവനറ്റ കുഞ്ഞിനെ അരമണിക്കൂറിനുള്ളിൽ പുറത്തെടുക്കുകയും ചെയ്തു. മൃതദേഹത്തിന് ഒരാഴ്ചയിലധികം പഴക്കമുണ്ടെന്നും അണുബാധ ഉണ്ടാകാതിരുന്നതിനാലാണ് അമ്മയുടെ ആരോഗ്യത്തെ ബാധിക്കാതിരുന്നതെന്നും മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ പറഞ്ഞു. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷ് സംസ്‌കാരം കുളമടയിലെ വീട്ടിൽ നടത്തി. കേറ്ററിങ് ബിസിനസ് നടത്തുന്ന മിഥുനും മീരയ്ക്കും 2 ആൺകുട്ടികളാണുള്ളത്.

ഗർഭിണിയായപ്പോൾ മുതൽ മീര പരവൂർ നെടുങ്ങോലം രാമറാവു മെമോറിയൽ താലൂക്കാശുപത്രിയിലായിരുന്നു ചികിത്സ തേടിയിരുന്നത്. കഴിഞ്ഞ ആഴ്ചയാണ് അസഹനീയമായ വയറു വേദന തുടങ്ങിയത്. ഇതേ തുടർന്ന് 11 ന് ആശുപത്രിയിൽ എത്തി. ഇവിടെ നിന്നും കൊല്ലം വിക്ടോറിയ ആശുപത്രിയിലേക്ക് റഫർ ചെയ്തു. എന്നാൽ അവിടെ അഡ്‌മിറ്റ് ചെയ്തില്ല. പകരം എസ്.എ.ടിയിലേക്കു റഫർ ചെയ്തു. വേദന അൽപം കുറഞ്ഞതിനാൽ വീട്ടിലേക്കു മടങ്ങിയ ദമ്പതികൾ 13ന് വീണ്ടും എസ്.എ.ടിയിലെ അത്യാഹിത വിഭാഗത്തിലെത്തി. അവിടെ ഡ്യൂട്ടി ഡോക്ടർ പരിശോധിക്കുക പോലും ചെയ്തില്ലെന്നു മീരയും മിഥുനും പറയുന്നു. ഗർഭപാത്രത്തിൽ കുഞ്ഞു മരിച്ചതറിയാതെ മീരയും മിഥുനും വീട്ടിലേക്കു മടങ്ങുകയായിരുന്നു. അതേ സമയം ആശുപത്രികളുടെ അനാസ്ഥയ്ക്കെതിരെ പരാതി നൽകുമെന്ന് ബന്ധുക്കൾ അറിയിച്ചു. സംഭവത്തിൽ കൊല്ലം ഡി.എം.ഒ അന്വേഷണം പ്രഖ്യാപിച്ചിട്ടുമുണ്ട്.