കണ്ണൂർ: പി.ജയരാജൻ രക്തവും വിയർപ്പും കൊടുത്ത് വളർത്തിയ ഐ.ആർ.പി.സിയിൽ അദ്ദേഹത്തെ നോക്കുകുത്തിയായി നില നിലനിർത്തി സിപിഎം പിടിമുറുക്കി. അദ്ദേഹത്തിന്റെ ഇടം -വലം കൈയായി നിന്നവരെ പാർട്ടി വെട്ടിനിരത്തി. സ്ഥാപക നേതാവായ ജയരാജനെ ഉപദേശക സമിതി ചെയർമാനാക്കി നിലനിർത്തിയെങ്കിലും ജയരാജൻ സംഘടനയിലേക്ക് കൊണ്ടുവന്നവരെയാണ് നിശബ്ദമാക്കിയത്.

പാർട്ടിയിൽ നിന്നും മാത്രമല്ല തന്റെ സ്വന്തം സംഘടനയിൽ നിന്നും ജയരാജൻ ഒതുക്കപ്പെട്ടുവെന്നാണ് വിലയിരുത്തൽ. വരാനിരിക്കുന്ന പാർട്ടി സംസ്ഥാന സമ്മേളനത്തിൽ ജയരാജനെ സംസ്ഥാന കമ്മിറ്റിയിൽ നിന്നും തഴയാൻ നീക്കം നടക്കുന്നുവെന്ന അഭ്യൂഹം നിലനിൽക്കവെയാണ് ജയരാജനെതിരെയുള്ള പുതിയ നീക്കമെന്നത് ശ്രദ്ധേയമാണ്.

പി. ജയരാജൻ സിപിഎം ജില്ലാ സെക്രട്ടറിയായിരിക്കെ ആരംഭിച്ച ഇനീഷ്യേറ്റീവ് ഫോർ റിഹാബിലിറ്റേഷൻ ആൻഡ് പാലിയേറ്റീവി കെയർ (ഐആർപിസി)യിലും അദ്ദേഹത്തെ ഒതുക്കി പാർട്ടി പൂർണ നിയന്ത്രണം കൈപിടിയിലാക്കിയതോടെ പാർട്ടി യോഗങ്ങളിൽ പങ്കെടുക്കേണ്ട റോൾ മാത്രമേ ഇപ്പോൾ ജയരാജനുള്ളു.

2012 നവംബറിലായിരുന്നു പാലിയേറ്റീവ്, സാന്ത്വന മേഖലയിൽ സന്നദ്ധ സംഘടനയായി ഐആർപിസി പ്രവർത്തനമാരംഭിക്കുന്നത്. അന്നു മുതൽ പി.ജയരാജനായിരുന്നു ഉപദേശക സമിതി ചെയർമാൻ. പി.ജയരാജനോട് ഏറ്റവും അടുപ്പമുള്ള മനുഷ്യവകാശ പ്രവർത്തകൻ കെ.പി. സാജിദായിരുന്നു സംഘടനയുടെ ആദ്യ ജോയിന്റ് സെക്രട്ടറി. പിന്നീട് മൂന്നു മാസത്തിനുശേഷം ഇതുവരെ സാജിദായിരുന്നു ചെയർമാൻ.
കഴിഞ്ഞ ദിവസം ചേർന്ന ഐആർപിസി വാർഷിക സമ്മേളനത്തിൽ ഭാരവാഹികളെ അഴിച്ചു പണിയുകയും പുതിയ ചെയർമാനായി എം. പ്രകാശനെ നിശ്ചയിക്കുകയുമായിരുന്നു.

പി. ജയരാജനെ ഉപദേശ സമിതി ചെയർമാനായി നിലനിർത്തിയെങ്കിലും ഇത്രയും കാലം ചെയർമാനായിരുന്ന സാജിദിനെ വൈസ് ചെയർമാനാക്കി തരംതാഴ്‌ത്തുകയായിരുന്നു. ഐആർപിസി ആരംഭിക്കുന്നതിനു മുന്നേ തന്നെ രോഗീപരിചരണ, സാന്ത്വന പ്രവർത്തന മേഖലകളിൽ സജീവമായ വ്യക്തിയായിരുന്നു സാജിദ്. ജില്ലയിൽ എയ്ഡ്‌സ് രോഗികളെ പരിചരിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ മുൻനിരയിൽ പ്രവർത്തിച്ചിരുന്നു. സാജിദിന്റെയും സുഹൃത്തുക്കളുടെയും ഇത്തരം പ്രവർത്തനങ്ങൾ ഐആർപിസിക്ക് മുതൽക്കൂട്ടാകുമെന്ന വിലയിരുത്തലിലാണ് തുടക്കം മുതൽ തന്നെ സാജിദിനെ സംഘടനയുടെ സുപ്രധാന സ്ഥാനത്തേക്ക് നിയോഗിക്കാൻ പി. ജയരാജൻ ഉൾപ്പെടെയുള്ളവരെ പ്രേരിപ്പിച്ചതും.

ജില്ലയിലുടനീളം വോളണ്ടിയർമാരെ ഒരുക്കി ഏകീകൃത രീതിയിൽ പ്രവർത്തനമാരംഭിച്ച സിപിഎമ്മിന്റെ ആദ്യ സാന്ത്വന പരിചരണ വിഭാഗമാണ് ഐആർപിസി. മറ്റു ജില്ലകളിൽ പാർട്ടിയുമായി ബന്ധപ്പെട്ട സാന്ത്വന പരിചരണ വിഭാഗമുണ്ടെങ്കിലും അതെല്ലാം പ്രാദേശികമായ കൂട്ടായ്മ എന്ന നിലയിലായിരുന്നു. കണ്ണൂർ ഐആർപിസിയുടെ മാതൃക രാഷ്ട്രീയ എതിരാളികളുടെ പോലും പ്രശംസ നേടിയിരുന്നു.

ഐആർപിസിയിൽ പി.ജയരാജനുള്ളതിനേക്കാൾ ആധിപത്യം പാർട്ടിക്കു വേണമെന്ന തീരുമാനത്തിലാണ് എം. പ്രകാശനെ ചെയർമാനാക്കിയതെന്നാണ് പാർട്ടി കേന്ദ്രങ്ങളിൽ നിന്നു തന്നെ ലഭിക്കുന്ന വിവരം. നേരത്തെ വൈസ് ചെയർമാനായിരുന്ന ഡോ. കെ.പി. ബാലകൃഷ്ണ പൊതുവാളിനെ പുതിയ ഭരണ സമിതിയിൽ ഉപദേശക സമിതി അംഗമാക്കിയാണ് നിലനിർത്തിയത്.

ജനറൽ സെക്രട്ടറിയായിരുന്ന കെ.വി. മുഹമ്മദ് അഷറഫ് അസി. സെക്രട്ടറി വി.വി. പ്രീത, ട്രഷറർ സി.എം. സത്യൻ എന്നിവരെ തത്സ്ഥാനത്ത് നിലനിർത്തിയിട്ടുണ്ട്. ടി.ഐ. മധുസൂദനൻ എംഎൽഎ ഉപദേശക സമിയംഗമാണ്. എന്നാൽ ജയരാജൻ പാർട്ടി യിലേക്കും ഐ .ആർ .പി സിയിലേക്കും കൊണ്ടുവന്ന അമ്പാടി മുക്ക് സഖാവ് എൻ. ധീരജ് കുമാറിനെ ഐ.ആർ.പി.സി റിലീഫ് സെൽ അംഗത്വത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.നേരത്തെ പി.ജയരാജന് നിയമസഭാ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ച ധീരജ് കുമാറിനെ പാർട്ടി ചെട്ടി പീടിക ബ്രാഞ്ച് അംഗത്വത്തിൽ നിന്നും പുറത്താക്കിയിരുന്നു.