പട്‌ന: അരുണാചൽ പ്രദേശിലെ ഓപ്പറേഷൻ ലോട്ടസ് ബീഹാറിലെ ജനതാ ​ദൾ യുവിന് പ്രതിസന്ധിയാകുന്നു. തങ്ങളുടെ സഖ്യകക്ഷിയായ ബിജെപിയിലേക്ക് അരുണാചലിലെ ജെഡിയുവിന്റെ ഏഴിൽ ആറ് എംഎൽഎമാരും കൂറുമാറിയതോടെ ബീഹാറിൽ ജെഡിയു എംഎൽഎമാരിൽ അതൃപ്തി പുകയുകയാണ്. ഇതോടെ ബീഹാറിലെ പ്രതിപക്ഷ പാർട്ടിയായ ആർജെഡി രാഷ്ട്രീയ കരു നീക്കങ്ങൾ ശക്തമാക്കി.

ബീഹാറിൽ ജെഡിയു എംഎൽഎമാർ പാർട്ടി വിടാനൊരുങ്ങുന്നു എന്നാണ് റിപ്പോർട്ടുകൾ. പതിനേഴ് ജെഡിയു എംഎൽഎമാർ തങ്ങൾക്കൊപ്പം വരാൻ തയ്യാറാണെന്ന് അറിയിച്ചെന്ന് ആർജെഡി നേതാവ് ശ്യാം രാജക് പറഞ്ഞു. ഇവർ ഏത് സമയവും ജെഡിയു വിടാൻ തയ്യാറാണ് എന്നും എന്നാൽ കൂറുമാറ്റ നിരോധ നിയമത്തിന് എതിരായി പ്രവർത്തിക്കാൻ താൽപ്പര്യമില്ലാത്തതിനാലാണ് ആർജെഡി കാത്തിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. 28 എംഎൽഎമാരുമായി വന്നാൽ അവരെ തങ്ങൾ സ്വീകരിക്കുമെന്നും രാജക് കൂട്ടിച്ചേർത്തു. ബിജെപിക്ക് മുന്നിൽ മുഖ്യമന്ത്രി നിതീഷ് കുമാർ കീഴടങ്ങിയതോടെ നിലവിൽ എംഎൽഎമാർ അസ്വസ്ഥരാണ് എന്ന് രാജക് കൂട്ടിച്ചേർത്തു.

എൻഡിഎയിൽ ഭിന്നത രൂക്ഷമാണെന്നും ഇടക്കാല തെരഞ്ഞെടുപ്പിന് തയ്യാറാകണമെന്നും നേരത്തെ തേജസ്വി യാദവ് പറഞ്ഞിരുന്നു. അടുത്ത വർഷം ബിഹാറിൽ ഇടക്കാല തെരഞ്ഞെടുപ്പ് വരുമെന്നാണ് തേജസ്വി പറഞ്ഞിരിക്കുന്നത്. ബീഹാറിൽ 243 അംഗ നിയമസഭയിൽ 125 സീറ്റുകൾ നേടിയാണ് എൻഡിഎ സഖ്യം അധികാരത്തിലെത്തിയത്. ആർജെഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിന്റെ സീറ്റുകളുടെ എണ്ണം 110 ൽ ഒതുങ്ങി. എൻഡിഎയിൽ ബിജെപിക്കാണ് കൂടുതൽ സീറ്റ്. എന്നാൽ, നേരത്തെ നിശ്ചയിച്ചതുപോലെ ജെഡിയു അധ്യക്ഷൻ നിതീഷ് കുമാറിന് തന്നെ മുഖ്യമന്ത്രി സ്ഥാനം നൽകുമെന്ന് ബിജെപി വ്യക്തമാക്കിയിരുന്നു. ബിജെപി 74 സീറ്റ് നേടിയപ്പോൾ ജെഡിയുവിന് ലഭിച്ചത് 43 സീറ്റുകൾ മാത്രമാണ്. ജെഡിയുവിന്റെ മോശം പ്രകടനത്തിൽ നിരാശനായ നിതീഷ് കുമാർ ഇനി മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ താൽപര്യമില്ലെന്ന് മുന്നണിയെ അറിയിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ, ബിജെപി നേതാക്കൾ നിതീഷിനോട് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ ആവശ്യപ്പെടുകയായിരുന്നു.

അരുണാചൽ പ്രദേശിൽ സംഭവിച്ചത്

അരുണാചൽ പ്രദേശിൽ ജെഡിയു എംഎൽഎമാർ കൂട്ടമായി ബിജെപിയിൽ ചേർന്നത് ബിഹാറിലെ എൻഡിഎ ബന്ധത്തിൽ വിള്ളലുളവാക്കിയിരുന്നു. പാർട്ടിക്കുള്ള ഏഴ് എം‌എൽ‌എമാരിൽ ആറുപേരും ഭരണകക്ഷിയായ ബിജെപിയിൽ ചേർന്നതായി നിയമസഭ പുറത്തിറക്കിയ ബുള്ളറ്റിനിലാണ് അറിയിച്ചിട്ടുള്ളത്. റം‌ഗോംഗ് അസംബ്ലി നിയോജകമണ്ഡലത്തിലെ തലെം തബോഹ്, ഹയാങ് മംഗ്ഫി (ചായാങ് താജോ), ജിക്കെ ടാക്കോ (താലി), ഡോർജി വാങ്‌ഡി ഖർമ (കലക്റ്റാങ്), ഡോങ്‌രു സിയോങ്‌ജു (ബോംഡില) എന്നിവരാണ് ബിജെപിയിൽ ചേർന്നിട്ടുള്ളതെന്നാണ് ബുള്ളറ്റിനിൽ പറയുന്നത്.

 നവംബറിൽ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ സിയോങ്‌ജു, ധർമ്മ, ടാകു എന്നിവർക്ക് നോട്ടീസ് നൽകുകയും അവരെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തുിരുന്നു. ഇവർക്ക് ജെഡിയു കാരണം കാണിക്കൽ നോട്ടീസും നൽകിയിരുന്നു. മുതിർന്ന പാർട്ടി അംഗങ്ങളുടെ അറിവില്ലാതെ തന്നെ ആറ് ജെഡി (യു) എം‌എൽ‌എമാർ നേരത്തെ തലെം തബോഹിനെ പുതിയ നിയമസഭാ നേതാവായി തിരഞ്ഞെടുത്തുവെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.

പീപ്പിൾസ് പാർട്ടി ഓഫ് അരുണാചലിൽ (പിപിഎ) ഏക എം‌എൽ‌എ, ലികബാലി നിയോജകമണ്ഡലത്തിലെ കാർഡോ നൈഗ്യോർ എന്നിവരും ഇതോടൊപ്പം ബിജെപിയിൽ ചേർന്നിട്ടുണ്ട്. ബിജെപിയിൽ ചേരുന്നതിന് മുമ്പ് പി‌പി‌എ എം‌എൽ‌എയെയും ഈ മാസം ആദ്യം രാഷ്ട്രീയ പാർട്ടി പുറത്താക്കിയിരുന്നു.

2019 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ജെഡിയു മത്സരിച്ച 15 സീറ്റുകളിൽ ഏഴെണ്ണത്തിൽ വിജയിച്ചിരുന്നു. 41 സീറ്റുകൾ നേടിയ ബിജെപിക്കുശേഷം ഏറ്റവും വലിയ രണ്ടാമത്തെ പാർട്ടിയായി ജെഡിയു മാറുകയും ചെയ്തിരുന്നു. 60 അംഗ അരുണാചൽ സഭയിൽ ബിജെപിക്ക് ഇപ്പോൾ 48 എം‌എൽ‌എമാരുണ്ട്. ജെഡിയുവിന് അവശേഷിക്കുന്നത് ഒരാൾ മാത്രമാണ്. കോൺഗ്രസിനും നാഷണൽ പീപ്പിൾസ് പാർട്ടിക്കും (എൻ‌പി‌പി) നാല് അംഗങ്ങൾ വീതവുമുണ്ട്.