ന്യൂഡൽഹി: 2020 ജൂണിലാണ് അന്താരാഷ്ട്ര അതിർത്തി ലംഘിച്ചുകൊണ്ട് ചൈനീസ് പീപ്പിൾസ് ആർമി ഇന്ത്യൻ പ്രദേശത്തേക്ക് അതിക്രമിച്ച കയറിയത്. കമ്പി ചുറ്റിയ വടികളും ടേസറുകളും ഉപയോഗിച്ച് പ്രാകൃതമായ രീതിയിലാണ് ചൈന അന്ന് ആക്രമണം നടത്തിയത്. ഇന്ത്യയുടെ ഘാതക് പ്ലാറ്റൂണിലെ സൈനികർ വെറും കൈ ഉപയോഗിച്ചാണ് അന്ന് ചൈനീസ് സൈനികരെ നേരിട്ടത്. ആക്രമണത്തിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചു. 45 ഓളം ചൈനീസ് പട്ടാളക്കാർ മരിച്ചുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. മരിച്ച സൈനികരുടെ വിവരങ്ങൾ ചൈന ഇതുവരെ പുറത്തു വിട്ടിട്ടില്ല.ഈ സാഹചര്യത്തിൽ ചൈനയുടെ പ്രാകൃതമായ യുദ്ധ രീതികളെ നേരിടാൻ പുതിയ ആയുധങ്ങൾ അവതരിപ്പിച്ചിരിക്കുകയാണ് ഇന്ത്യൻ സൈന്യം.

കൃത്യമായി അക്രമണത്തിന് ഉപയോഗിക്കാമെന്നതും എന്നാൽ അതേസമയം മാരകമല്ലാത്തതുമാണ് ഇവയുടെ പ്രത്യേകത.നോയിഡ ആസ്ഥാനമായുള്ള കമ്പനിയാണ് ഇന്ത്യക്കായി ആയുധങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.രാജ്യത്തിന്റെ പാരമ്പര്യത്തെ പ്രതിഫലിപ്പിക്കുന്ന ത്രിശൂലവും വജ്രായുധവും ഇനി സുരക്ഷാ സേനയുടെ ആയുധമാകും. പരമശിവന്റെ ത്രിശൂലത്തെയും ഇന്ദ്രന്റെ വജ്രായുധത്തേയും പ്രതിഫലിപ്പിക്കുന്നതാണ് ഈ ആയുധങ്ങൾ എന്ന് നിർമ്മാതാക്കളായ അപാസ്റ്റെറോൺ പ്രൈവറ്റ് ലിമിറ്റഡിന്റെ ചീഫ് ടെക്നോളജി ഓഫീസർ മോഹിത് കുമാർ പറഞ്ഞു.

ശത്രുക്കൾക്ക് ഇലക്ട്രിക് ഷോക്ക് നൽകുന്നതിന് വേണ്ടിയാണ് വജ്ര നിർമ്മിച്ചിരിക്കുന്നത്. ഒരറ്റത്ത് കൂർത്ത മുനയുള്ള മെറ്റൽ റോഡ് ടേസറാണിത്. ശത്രുക്കളെ ആമ്രിക്കാനും അവരുടെ ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളുടെ ടയറ് പഞ്ചാറാക്കാനും വജ്ര ഉപയോഗപ്പെടുത്താം. അനുവദനീയമായ പരിധിക്കുള്ളിൽ പ്രവർത്തിക്കുന്ന കറന്റ് ഉള്ളതിനാൽ ഷോക്ക് ട്രീറ്റ്മെന്റ് നൽകാൻ സാധിക്കുമെന്നതും ഈ ആയുധത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.ശത്രുക്കൾക്ക് ശക്തമായ പ്രഹരമേൽപ്പിക്കാൻ വൈദ്യുത പ്രവാഹം പുറപ്പെടുവിക്കുന്ന ഒരു ബാറ്ററിയിൽ പ്രവർത്തിക്കുന്ന ലോഹ സ്റ്റിക്ക് ആണ് വജ്ര. മുൻവശത്തെ ലോഹ സ്‌പൈക്കുകൾ ശത്രുവിന്റെ വാഹനങ്ങൾ പഞ്ചറാക്കാൻ ഉപയോഗിക്കാം. ഏതൊരു ശത്രുവിനെയും കുറച്ചുകാലം അബോധാവസ്ഥയിലാക്കാനും ഇതിന് കഴിയും.

നിരോധിത പ്രദേശങ്ങളിൽ പ്രവേശിക്കാൻ ശ്രമിക്കുന്ന എതിരാളിയുടെ വാഹനത്തെ തടയാനാണ് തൃശൂൽ ഉപയോഗിക്കുന്നത്.കമ്പനി നിർമ്മിച്ച ത്രിശൂൽ പ്രവർത്തിക്കുന്നത് ബാറ്ററിയുടെ സഹായത്തോടെയാണ്, കൂടാതെ വൈദ്യുത പ്രവാഹ സംവിധാനവുമുണ്ട്. ഇത് പ്രവർത്തിപ്പിക്കുന്നതിന് പ്രത്യേക പരിശീലനവും നൽകും.

വൈദ്യുതി പ്രസരിപ്പിക്കാൻ സാധിക്കുന്ന സാപ്പർ പഞ്ചാണ് ഈ ആയുധങ്ങളിലെല്ലാം മുന്നിൽ നിൽക്കുന്നത്. കൈയുറകളുടെ രൂപത്തിലാണ് വികസിപ്പിച്ചിട്ടുള്ളത്. ശത്രുക്കളെ തുരത്താൻ ഉപയോഗപ്രദമായ പോരാട്ടത്തിനുള്ള ആയുധമാണിത്. ഇത് എട്ട് മണിക്കൂർ വരെ ചാർജ് നിൽക്കുന്നവയും വാട്ടർപ്രൂഫുമാണ്. പൂജ്യം മുതൽ 30 വരെ താപനിലയിൽ ഇവ പ്രവർത്തിക്കും. കൊടും തണുപ്പിൽ നിന്നും രക്ഷനേടാനുള്ള ഗൗസുകളായി ഉപയോഗിക്കാൻ സാധിക്കുന്നവയാണ് സാപ്പർ പഞ്ചുകൾ. എന്നാൽ ശത്രു അടുത്തെത്തിയാൽ ഇവയെ ഇലക്ട്രിക് ഷോക്ക് നൽകുന്ന ടേസറുകളാക്കി മാറ്റാൻ സാധിക്കും.

ദണ്ഡ് എന്നപേരിൽ ബാറ്ററിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഒരു ഇലക്ട്രിക് സ്റ്റിക്കും ബന്ദ്ര എന്നപേരിൽ കവചവും കമ്പനി ഒരുക്കിയിട്ടുണ്ട്.

കിഴക്കൻ ലഡാക്കിൽ നടന്ന ഗൽവാൻ സംഘർഷത്തിൽ ഇന്ത്യൻ സൈന്യത്തെ ആക്രമിക്കാൻ ചൈനീസ് സൈന്യം പ്രാകൃതമായ രീതിയിൽ കമ്പിവടികളും ടേസറുകളുമാണ് ഉപയോഗിച്ചിരുന്നത്. തോക്ക് ഉപയോഗിക്കാൻ പാടില്ലെന്ന കരാർ നിലനിൽക്കുന്നതിനാലാണ് ചൈനീസ് പട്ടാളം വടികൾ ഉപയോഗിച്ച് ആക്രമണം നടത്തിയത്. ഇതിനെ ചെറുക്കാൻ ത്രാണിയുള്ള എന്നാൽ ജീവന് മാരകമല്ലാത്ത രീതിയിലുള്ള ആയുധങ്ങളാണ് ഇന്ത്യൻ സൈന്യത്തിന് നൽകുക.