ബർമിങ്ഹാം: രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെ എട്ട് വിക്കറ്റിന് കീഴടക്കി രണ്ട് മത്സരങ്ങളുടെ പരമ്പര ന്യൂസിലൻഡ് സ്വന്തമാക്കി. ആതിഥേയർ മുന്നോട്ടുവച്ച 38 റൺസ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തിൽ ന്യൂസിലൻഡ് മറികടന്നു. സ്‌കോർ: ഇംഗ്ലണ്ട് 303 & 122. ന്യൂസിലൻഡ് 388 & 39. ലോർഡ്സിൽ നടന്ന ആദ്യ ടെസ്റ്റ് സമനിലയിൽ അവസാനിച്ചിരുന്നു.

വെള്ളിയാഴ്‌ച്ച ഇന്ത്യക്കെതിരെ നടക്കുന്ന ഐസിസി ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിന്റെ 'മുന്നൊരുക്കം' അവിസ്മരണീയമാക്കാൻ കിവീസിന് കഴിഞ്ഞു. ജയത്തോടെ കലാശപ്പോരാട്ടത്തിന് ആത്മവിശ്വാസത്തോടെ ഇറങ്ങാനും ന്യൂസിലൻഡിന് സാധിക്കും.

മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോൾ ഒമ്പതിന് 122 എന്ന നിലയിലാണ് ഇംഗ്ലണ്ട്. നാലാം ദിവസം ട്രന്റ് ബോൾട്ട് ആദ്യ പന്തിൽ തന്നെ ഒല്ലി സ്റ്റോൺ (15) മടങ്ങി. ജയിംസ് ആൻഡേഴ്‌സൺ (0) പുറത്താവാതെ നിന്നു. മാർക് വുഡ് (29), ഒല്ലി പോപ് (23) എന്നിവർ മാത്രമാണ് ഇംഗ്ലണ്ട് നിരയിൽ അൽപമെങ്കിലും ചെറുത്തുനിന്നത്. റോറി ബേൺസ് (0), ഡൊമിനിക് സിബ്ലി (8), സാക് ക്രൗളി (17), ജോ റൂട്ട് (11), ഡാനിയേൽ ലോറൻസ് (0), ജയിംസ് ബ്രേസി (8), സ്റ്റുവർട്ട് ബ്രോഡ് (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ. നീൽ വാഗ്നനർ, മാറ്റ് ഹെന്റി എന്നിവർ കിവീസിനായി മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തി. അജാസ് പട്ടേൽ, ബോൾട്ട് എന്നിവർക്ക് രണ്ട് വി്ക്കറ്റ് വീതമുണ്ട്.

38 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലൻഡിന് ഡെവോൺ കോൺവെ (3), വിൽ യംഗ് (8) എന്നിവരുടെ വിക്കറ്റുകളാണ് കിവീസിന് നഷ്ടമായത്. ടോം ലാഥം (23), റോസ് ടെയ്ലർ (0) പുറത്താവാതെ നിന്നു. ഇംഗ്ലണ്ടിനായി സ്റ്റുവർട്ട് ബ്രോഡ്, ഒല്ലി സ്റ്റോൺ എന്നിവർ വിക്കറ്റുകൾ പങ്കിട്ടു. നേരത്തെ ന്യസിലൻഡ് 85 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡാണ് നേടിയത്. ബർമിങ്ഹാമിൽ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 303നെതിരെ ന്യൂസിലൻഡ് 388ന് പുറത്തായി. ഡെവോൺ കോൺവെ (80), വിൽ യംഗ് (82), റോസ് ടെയ്‌ലർ (80) എന്നിവരുടെ ഇന്നിങ്‌സാണ് കിവീസിന് ലീഡ് സമ്മാനിച്ചത്. ഇംഗ്ലണ്ടിനായി സ്റ്റുവർട്ട് ബ്രോഡ് നാല് വിക്കറ്റ് വീഴ്‌ത്തി.

രണ്ടിന് 229 എന്ന നിലയിലാണ് സന്ദർശകർ മൂന്നാം ദിനം ആരംഭിച്ചത്. ടെയ്‌ലർ- യംഗ് കൂട്ടൂകെട്ടായിരുന്നു ക്രീസിൽ. ഇരുവരും 92 റൺസാണ് കൂട്ടിച്ചേർത്തത്. യംഗിനെ പുറത്താക്കി ഡാനിയേൽ ലോറൻസ് ഇംഗ്ലണ്ടിന് ബ്രേക്ക് ത്രൂ നൽകി. പിന്നീടെത്തിയ ഹെന്റി നിക്കോൾസി (21) നൊപ്പം 63 റൺസ് കൂട്ടിചേർത്ത ശേഷം ടെയ്‌ലറും പവലിയനിൽ തിരിച്ചെത്തി. പിന്നാലെ എത്തിയവർക്കാർക്കും അധികനേരം പിടിച്ചുനിൽക്കാനായില്ല. ടോം ബ്ലണ്ടൽ (34), ഡാരിൽ മിച്ചൽ (6), നീൽ വാഗ്നർ (0), മാറ്റ് ഹെന്റി (12), അജാസ് പട്ടേൽ (20) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ. ട്രന്റ് ബോൾട്ട് (12) പുറത്താവാതെ നിന്നു. ബ്രോഡിന് പുറമെ മാർക് വുഡ്, ഒല്ലി സ്റ്റോൺ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. ജയിംസ് ആൻഡേഴ്‌സൺ, ഡാനിയേൽ ലോറൻസ് എന്നിവർക്ക് ഓരോ വിക്കറ്റുണ്ട്.