പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസില്‍ 50 വയസുള്ള പിതാവിന് 98 വര്‍ഷം കഠിനതടവ് വിധിച്ച് പോക്സോ അതിവേഗ കോടതി ജഡ്ജി , ഡോണി തോമസ് വര്‍ഗീസ്. പോക്സോ ആക്ടിലെയും ഐപിസി യിലെയും വിവിധ വകുപ്പുകള്‍ പ്രകാരം 98 വര്‍ഷം കഠിന തടവും 5.25 ലക്ഷം പിഴയും പിഴ ഒടുക്കാത്ത പക്ഷം അഞ്ചു വര്‍ം അധിക കഠിന തടവുമാണ് ശിക്ഷ.

മകളെ 11-ാം വയസ് മുതല്‍ ബ്ലൂഫിലിം കാണിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മാന്നാര്‍ സ്വദേശിയാണ് പ്രതി. 2019 മുതല്‍ 22 വരെ വിവിധ സമയങ്ങളിലായിരുന്നു ലൈംഗികപരമായി ദുരുപയോഗം ചെയ്തത്. ആരോടെങ്കിലും പറഞ്ഞാല്‍ കുട്ടിയും അഴിക്കുള്ളിലാകുമെന്നു പറഞ്ഞ് ഭയപ്പെടുത്തിയുമാണ് ലൈംഗിക വൈകൃതങ്ങള്‍ ഉള്‍പ്പെടെയുള്ള പീഢനങ്ങള്‍ക്കിരയാക്കിയത്. ചെയ്തിരുന്നു. സ്വന്തം വീട്ടില്‍ മാതാവും മറ്റാരും ഇല്ലാത്ത സമയങ്ങളിലാണ് ലൈംഗികാതിക്രമം നടന്നത്.

2022 ലെ ഒരു ദിവസം അയല്‍വാസിയായ വീട്ടമ്മ സംഭവം നേരിട്ട് കണ്ട് മാതാവിനെ വിവരം അറിയിച്ചു. പ്രതി തന്റെ ആദ്യ വിവാഹം മറച്ചു വച്ചാണ് അതീജിവതയുടെ മാതാവിനെ വിവാഹം കഴിച്ചത്. ആദ്യ വിവാഹത്തില്‍ പ്രതിക്ക് മൂന്നു കുട്ടികള്‍ ഉണ്ട്. രണ്ടാം വിവാഹത്തിലെ രണ്ടു കുട്ടികളില്‍ മൂത്തയാളാണ് പീഡനത്തിനിരയായത്. കേസ് രജിസ്റ്റര്‍ ചെയ്ത സമയത്ത് പെണ്‍കുട്ടി എല്ലാ വിവരങ്ങളും പറയാന്‍ തയാറായിരുന്നില്ല.

കൗണ്‍സിലിങ്ങിലൂടെയും മെഡിക്കല്‍ പരിശോധനയിലൂടെയും ഗൗരവതര ലൈംഗിക പീഡനം വെളിവായി. പെണ്‍കുട്ടിക്ക് തുടര്‍ കൗണ്‍സിലിംഗ് നല്‍കുകയും ലൈംഗികാതിക്രമ വിവരങ്ങള്‍ പോലീസ് മുമ്പാകെ പൂര്‍ണ്ണമായി വെളിപ്പെടുത്തുകയുമായിരുന്നു. പിതാവിന്റെ പീഡനത്തില്‍ മനംനൊന്ത് പെണ്‍കുട്ടി ആത്മഹത്യ ശ്രമം വരെ നടത്തിയിരുന്നു.

പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ജയ്സണ്‍ മാത്യൂസ് ഹാജരായ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത് റാന്നി പോലീസ് സബ് ഇന്‍സ്പെക്ടറായ സായ് സേനനും പോലീസ് ഇന്‍സ്പെക്ടര്‍ ആയ എം.ആര്‍ സുരേഷും ചേര്‍ന്നാണ്. പിഴ ശിക്ഷ വിധിച്ച തുക പ്രതിയില്‍ നിന്നും പെണ്‍കുട്ടിക്ക് ഈടാക്കി നല്‍കണമെന്നും വിധിയില്‍ പറയുന്നു.