തിരുവനന്തപുരം : ഫിൻലാൻഡിലെ ലോകോത്തര വിദ്യാഭ്യാസ മാതൃകയെക്കുറിച്ച് പഠിക്കാൻ മന്ത്രി വി.ശിവൻകുട്ടിയും ഉദ്യോഗസ്ഥ സംഘവും ഖജനാവിലെ ദശലക്ഷങ്ങൾ ചെലവാക്കി അവിടേക്ക് വിമാനം കയറേണ്ട. ഫിൻലൻഡിലെ സ്‌കൂളുകളിൽ എന്ത് സംഭവിക്കുന്നു എന്നിതിനെക്കുറിച്ചുള്ള ഇടതു വീക്ഷണം സഹിതമുള്ള പുസ്തകം കേരളാ ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതൊന്നെടുത്ത് വായിച്ചാൽ തീരുന്ന കാര്യത്തിനാണ് വിദേശത്ത് പഠനയാത്ര എന്ന പേരിൽ ഖജനാവിലെ പണം മുടിക്കുന്നത്.

സന്തോഷം, ജീവിത നിലവാരം, വിദ്യാഭാസ ഗുണമേന്മ എന്നിവയിലൊക്കെ ഏറെ മുന്നിലാണ് ഫിൻലാൻഡ്. തിമോത്തി ഡി വാക്കർ എഴുതിയ Teach Like Finland: 33 Simple Strategies for Joyful Classroosm എന്ന പുസ്തകത്തിന്റെ സ്വതന്ത്ര പരിഭാഷയായ സ്‌കൂൾ പഠനത്തിന്റെ ഫിൻലൻഡ് മാതൃകയാണ് പരിഷത്ത് പ്രസിദ്ധീകരിച്ചത്. വിദ്യാഭ്യാസ പ്രവർത്തകനായ കെ ആർ അശോകൻ ആണ് പരിഭാഷകൻ. ഫിൻലൻഡിൽ താമസിക്കുന്ന അമേരിക്കൻ വംശജനാണ് തിമോത്തി ഡി വാക്കർ.

അമേരിക്കയിൽ മൂന്നു സ്‌കൂളുകളിൽ അദ്ധ്യാപകനായി ജോലിചെയ്ത ശേഷമാണ് ഫിൻലൻഡിലെത്തുന്നത്. അതുകൊണ്ടുതന്നെ വിദേശിയുടെ വീക്ഷണകോണിലൂടെ ഫിന്നിഷ് വിദ്യാഭ്യാസ രീതിയെ അദ്ദേഹം വിലയിരുത്തി. അമേരിക്കയും ഫിൻലൻഡും അനുവർത്തിക്കുന്ന വിദ്യാഭ്യാസരീതികൾ അവയുടെ സൂക്ഷ്മതലത്തിൽ താരതമ്യം ചെയ്തു. ക്ഷേമം, പാരസ്പര്യം, സ്വയംഭരണം, പ്രാവീണ്യം, മനോഘടന എന്നീ അഞ്ച് ഭാഗങ്ങളിൽ 33 അദ്ധ്യാപന തന്ത്രങ്ങൾ മുന്നോട്ടുവയ്ക്കുന്നു.

ലോകത്തിനു മാതൃകയാണ് ഫിൻലൻഡിലെ വിദ്യാഭ്യാസം സംവിധാനമെന്ന കാര്യത്തിൽ തർക്കമില്ല. ഹോം വർക്കിന്റെയും ക്ലാസ് വർക്കിന്റെയും പരീക്ഷയുടെയും ഭാരമില്ലാത്ത സുന്ദരമായ ഫിന്നിഷ് മോഡൽ കേരളത്തിലും നടപ്പാക്കാനാവുന്നതേയുള്ളൂ. 7 വയസിലാണ് അവിടെ കുട്ടികൾ ഒന്നാം ക്ലാസ്സിൽ പ്രവേശിക്കുന്നത്. ആഴ്ചയിൽ 20 മണിക്കൂറുള്ള പ്രീസ്‌കൂൾ വിദ്യാഭ്യാസം തുടങ്ങുന്നത് ആറു വയസിലാണ്. ഒന്നാം ക്ലാസ്സിലേക്ക് പ്രവേശിപ്പിക്കാൻ കുട്ടികളെ മാനസികമായി തയ്യാറെടുപ്പിക്കുന്നതിനു പ്രീസ്‌കൂൾ വിദ്യാഭ്യാസം സഹായിക്കുന്നു.

പ്രൈമറി സ്‌കൂൾ 1 മുതൽ 6 വരെ ക്ലാസ്സുകളും സെക്കന്ററി സ്‌കൂൾ 7 മുതൽ 9 വരെ ക്ലാസ്സുകളും ഉൾപ്പെടുന്നതാണ് . ഓരോ കുട്ടിക്കും വീടുകളോട് ചേർന്നുള്ള സ്‌കൂളുകളിൽ പ്രവേശനം ലഭിക്കുന്നതാണ്. 5 കിലോമീറ്ററിന് പുറത്തുള്ള സ്‌കൂളിലാണ് പ്രവേശനം ലഭിച്ചതെങ്കിൽ യാത്രാകൂലി ലഭിക്കുന്നതായിരിക്കും. സൗജന്യമായി ഉച്ചഭക്ഷണവും പാഠ്യ പുസ്തകങ്ങളും പെൻസിലും മറ്റു സ്‌കൂൾ സാമഗ്രികളും ലഭിക്കുന്നതായിരിക്കും. ഐ ബി സിലബസുകൾ പിന്തുടരുന്ന ഇംഗ്ലീഷ് സ്‌കൂളുകളും, ഇംഗ്ലീഷ് , ഫിന്നിഷ് ഭാഷകൾ സംയോജിപ്പിച്ചുകൊണ്ടുള്ള 'ബൈലിങ്വൽ' സ്‌കൂളുകളും ഹെൽസിങ്കി പോലുള്ള നഗരങ്ങളിലുണ്ട് .

ഒന്നാം ക്ലാസ്സുമുതൽ ഒമ്പതാം ക്ലാസ്സുവരെയാണ് നിർബന്ധിത അടിസ്ഥാന വിദ്യാഭ്യാസം. ഒമ്പതാം ക്ലാസ്സിലെ പരീക്ഷകൾക്കൊന്നും അമിത പ്രാധാന്യം കൊടുത്തു കുട്ടികളെ ബുദ്ധിമുട്ടിക്കുന്ന രീതിയല്ല ഇവിടെ ഉള്ളത്. അതിനു ശേഷമുള്ള 3 വർഷമാണ് അപ്പർ സെക്കന്ററി സ്‌കൂളുകൾ അഥവാ ലുക്കിയോകൾ . നമ്മുടെ നാട്ടിലെ പ്ലസ് ടുവിന് സമാനമായ വിദ്യാഭ്യാസമാണിത്. തൊഴിൽപരമായ വൊക്കേഷണൽ കോഴ്സുകളും ഈ 3 വർഷം തിരഞ്ഞെടുക്കാവുന്നതാണ് അതിനു ശേഷമാണു ബിരുദവും ബിരുദാനന്തര ബിരുദവുമൊക്കെ വരുന്നത് .

യൂണിവേഴ്സിറ്റിയിൽ നിന്നോ യൂണിവേഴ്സിറ്റി ഓഫ് അപ്പ്ളൈഡ് സയൻസിൽ നിന്നോ ഇത് സാധ്യമാണ് . തൊഴിൽ സംബന്ധമായ പ്രൊഫഷണൽ കോഴ്സുകൾക്ക് ഫീസ് കൊടുക്കുന്ന രീതി ഇവിടെ ഇല്ല. അതുകൊണ്ടു തന്നെ പണം കൊടുത്തു പ്രൊഫഷണൽ ബിരുദം നേടാൻ സാധ്യമല്ല. പൊതുമേഖലയിൽ നിലവാരമുള്ള വിദ്യാലയങ്ങൾക്കായി അന്വേഷിക്കേണ്ട ആവശ്യമില്ല . സൗജന്യമായ വിദ്യാഭ്യാസം ഇവിടെ എല്ലാവരുടെയും അവകാശമാണ്. എല്ലാ വിദ്യാലയങ്ങളുടെയും നിലവാരം ഒരുപോലെയായിരിക്കും. വ്യത്യസ്ത സ്‌കൂളുകൾ തമ്മിലുള്ള അന്തരം വളരെ നിസ്സാരമാണ്. ചില സ്‌കൂളുകൾ സംഗീതത്തിനും, കായികവിനോദങ്ങൾക്കും പ്രാധാന്യം നല്കുന്നവയാകും. മറ്റു ചില സ്‌കൂളുകളിൽ വിദേശ ഭാഷകൾ തിരഞ്ഞെടുക്കുന്നതിൽ വൈവിധ്യം കണ്ടേക്കാം

കുട്ടികളുടെ പഠന സമയം കുറവാണിവിടെ. ക്ലാസ് റൂമുകളിൽ അധിക സമയം ഇരുന്നു മുഷിയേണ്ട കാര്യമില്ല. ആവശ്യത്തിന് വിശ്രമ സമയങ്ങൾ കുട്ടികൾക്ക് നിശ്ചിത ഇടവേളകളിൽ ലഭിക്കുന്നു. പ്രൈമറി സ്‌കൂൾ കുട്ടികൾ ആഴ്ചയിൽ ശരാശരി 22 മണിക്കൂറും സെക്കന്ററി സ്‌കൂൾ കുട്ടികൾ ഏകദേശം 30 മണിക്കൂറും ആയിരിക്കും സ്‌കൂളുകളിൽ ചിലവഴിക്കുന്നത് കുറച്ചു സമയം കൂടുതൽ ഉണർവോടെ എന്നതായിരിക്കാം ഇവരുടെ വിജയസൂത്രം. അതുപോലെ തന്നെ അദ്ധ്യാപകരുടെ ക്ലാസ് റൂം സമയം പൊതുവെ കുറവാണ്. ഉദാഹരണത്തിന് അമേരിക്കയിൽ ഒരു സെക്കന്ററി സ്‌കൂൾ അദ്ധ്യാപിക 180 ദിവസം ശരാശരി 1080 മണിക്കൂർ ക്ലാസ് റൂമിൽ ചെലവഴിക്കുമ്പോൾ ഇവിടെ അത് ഏകദേശം 600 മണിക്കൂറുകൾ മാത്രമായിരിക്കും.

അദ്ധ്യാപകർ തങ്ങളുടെ അധിക സമയം പാഠ്യപദ്ധതികൾ ആസൂത്രണം ചെയ്യുന്നതിലും ഓരോ കുട്ടിയുടെയും വ്യക്തിപരമായ വളർച്ചക്ക് ഉതകുന്ന പഠന സാമഗ്രികൾ ഉണ്ടാക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ദിവസവും സ്‌കൂളുകളിൽ കായികവിനോദങ്ങൾക്കും സമയം കണ്ടെത്താറുണ്ട് . അദ്ധ്യാപകർ കുട്ടികളുടെ സമ്പൂണ്ണ വളർച്ചയിൽ ഭാഗഭാക്കാണ്. അവർ മാതാപിതാക്കളുമായി ആശയവിനിമയം നടത്താറുണ്ട്. 24 കുട്ടികൾ മാത്രമാണ് സാധാരണ പ്രൈമറി സ്‌കൂളുകളിൽ ഒരു ക്ലാസ്സിലുള്ളത്. 1 മുതൽ 6 വരെ ക്ലാസ്സുകളിൽ ഒരേ അദ്ധ്യാപിക ആയിരിക്കും കുട്ടിയുടെ ക്ലാസ് ടീച്ചർ. അതുവഴി ഓരോ കുട്ടിയേയും കൂടുതൽ മനസിലാക്കി അവരുടെ കഴിവുകളും പോരായ്മകളും അറിയുവാനുള്ള സാഹചര്യം ലഭിക്കുന്നു. പാഠ്യ പദ്ധതികൾ അടിച്ചേല്പിക്കാതെ സ്വതന്ത്രരായി ചിന്തിക്കുന്ന അദ്ധ്യാപകരാണ്അ വിടെ. ഭാഷയിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേകം പരിശീലനം നൽകുന്നു.

അപ്പർ സെക്കന്ററി സ്‌കൂളുകളിൽ നിന്നും മികച്ച വിജയം നേടുന്ന മിടുക്കരായ കുട്ടികൾക്ക് പ്രൈമറി സ്‌കൂൾ ടീച്ചിങ് പ്രോഗ്രാമിന് അപേക്ഷിക്കുവാനുള്ള അവസരമുണ്ട്. എല്ലാ വർഷവും ഏകദേശം 6000 അപേക്ഷാർത്ഥികൾ ഉണ്ടെങ്കിലും 650 മുതൽ 700 അപേക്ഷാർത്ഥികളെ മാത്രമാണ് തിരഞ്ഞെടുക്കുന്നത് . അപേക്ഷിക്കുന്നവർ പഠനത്തിൽ മാത്രമല്ല , സംഗീതം , നൃത്തം, ചിത്രരചന, ഫുട്ബോൾ പോലുള്ള കായിക വിനോദങ്ങൾ അല്ലെങ്കിൽ മറ്റു പാഠ്യേതര മേഖലകളിൽ പ്രാവിണ്യം തെളിയിച്ചവരാണെങ്കിൽ മുൻഗണന ലഭിക്കാറുണ്ട്. ഇതിനു കാരണം വിദ്യാഭ്യാസമെന്നാൽ കണക്കും സയൻസും മാത്രം പഠിക്കുവാനുള്ളതല്ല മറിച്ചു കുട്ടികളുടെ മാനസികോല്ലാസത്തിനും കലാവാസന വളർത്തുവാനും അവരുടെ സർഗ്ഗസൃഷ്ടി ഉണർത്തുവാനുമുള്ള ഇടങ്ങളാണ്.

കുട്ടികളെ പരീക്ഷക്ക് വേണ്ടി മാത്രം പഠിപ്പിക്കുന്ന രീതിയല്ല ഇവിടെ പിന്തുടരുന്നത്. എടുത്താൽ പൊങ്ങാത്തത്ര 'ഹോം വർക്ക്' കൊടുത്തു കുട്ടികളെ വിഷമിപ്പിക്കാറില്ല. ശരാശരി 30 മിനിറ്റ് 'ഹോം വർക്ക്' മാത്രമായിരിക്കും ഒരു സെക്കന്ററി സ്‌കൂൾ കുട്ടിക്ക് ദിവസവും ചെയ്യേണ്ടതുള്ളൂ . ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിക്ക് ചെയ്യേണ്ട 'ഹോം വർക്ക്' വളരെ രസകരമാണ്. 10 തവണ വീട്ടിൽ ഒറ്റക്കാലിൽ ചാടാനും വീടിന്റെ ഒരു വശത്തു നിന്നും മറു വശത്തേക്ക് ഓടാനുമൊക്കെയാണ് നിർദ്ദേശിക്കുന്നത്. ഇത് അവരുടെ ചലന ശേഷി വളർത്തി എടുക്കാനാണത്രെ. വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ദിവസവും 10 മിനിറ്റ് ഇഷ്ടമുള്ള ബുക്ക് വായിക്കാനാണ് നിർദ്ദേശിക്കുന്നത് . വായിച്ചതിനുശേഷം വലിയ ഒരു ചിത്രത്തിന്റെ ഓരോരോ ഭാഗങ്ങൾ കളർ ചെയ്യണം.

വായിക്കുന്തോറും ചിത്രം കൂടുതൽ വർണപ്പകിട്ടാകുന്നു. സഭ്യമായ രീതിൽ സംസാരിക്കാനും തെറ്റ് ചെയ്താൽ ക്ഷമ ചോദിക്കാനും മാതാപിതാക്കളുമായി ദൈനം ദിന കാര്യങ്ങൾ വിശകലനം ചെയ്യാനും തുറന്ന മനോഭാവത്തോടെ സംസാരിക്കാനുമാണ് വേറൊരു 'ഹോം വർക്ക്' സാമൂഹ്യ ശാസ്ത്രവും സംഗീതവും മറ്റു കലാസൃഷ്ടി ഉണർത്തുന്ന വിഷയങ്ങളും തുല്യ പ്രാധാന്യത്തോടെ പഠിക്കേണ്ടതുണ്ട്. 2016 ൽ ഇവിടുത്തെ വിദ്യാഭ്യാസ ഘടന സമഗ്രമായി നവീകരിച്ചു. ക്ലാസ് മുറികളിൽ കുട്ടികൾക്കും അദ്ധ്യാപകരെ പോലെ തന്നെ തുല്യ പ്രാധാന്യം നൽകുന്നു. ഒന്നാം ക്ലാസ്സുമുതൽ കുട്ടികളെക്കൊണ്ട് ഇവിടെ നിന്നും പുസ്തകങ്ങൾ എടുത്തു വായിപ്പിക്കുവാനും അവരിൽ വായനാശീലം വളർത്തുവാനും അദ്ധ്യാപകർ ശ്രദ്ധിക്കാറുണ്ട്. നീന്തൽ പരിശീലനവും സ്‌കൂളുകളിൽ നൽകുന്നു.