തിരുവനന്തപുരം: നെഞ്ചിൽ കൈവച്ചു പറഞ്ഞു. ഷാരോൺ മജിസ്‌ട്രേട്ടിന് കൊടുത്ത മൊഴയിൽ എല്ലാം ഉണ്ട്. മരണ മൊഴിയിൽ കുറ്റക്കാരി അല്ല. നെഞ്ചും വരിച്ച് ഞാൻ നേരിടും. എല്ലാം കഴിഞ്ഞിട്ട് പാറശ്ശാലയിലെ പത്രക്കാരെ കാണുന്നുണ്ട്-രണ്ടു ദിവസം മുമ്പ് ശ്രീനിലയത്തിൽ എത്തിയ മാധ്യമ പ്രവർത്തകരോട് ഗ്രീഷ്മ നടത്തിയ വെല്ലുവിളിയായിരുന്നു ഇത്. എന്നാൽ ക്രൈംബ്രാഞ്ചിന് മുമ്പിൽ അന്വേഷണം എത്തിയപ്പോൾ ഈ നെഞ്ചു വിരിവ് വിലപോയില്ല. ഗ്രീഷ്മ കുറ്റസമ്മതം നടത്തി. വീട്ടിലെത്തിയ ഗ്രീഷ്മയുടെ ആത്മവിശ്വാസത്തോടെയുള്ള വെല്ലുവിളി പല പ്രദേശിക മാധ്യമ പ്രവർത്തകരേയും അത്ഭുതപ്പെടുത്തിയിരുന്നു. ഈ കുട്ടി തെറ്റു ചെയ്‌തോ എന്നും എന്തിനും പോന്ന മനസ്സ് അവൾക്കുണ്ടെന്നും അടക്കം പറഞ്ഞു. എന്നാൽ 30 മണിക്കൂറിനുള്ളിൽ പൊലീസിന് മുമ്പിൽ എല്ലാം ഏറ്റെടുത്തു ഗ്രീഷ്മ.

നെയ്യാറ്റിൻകരയിൽ നിന്ന് പത്ത് കിലോമീറ്ററോളം ദുരത്താണ് ഷോരോണിന്റെ വീട്. ഷാരോണിന്റെ മരണത്തിലെ ദുരൂഹത പാറശ്ശാലയിലും നെയ്യാറ്റിൻകരയിലുമാണ് ആദ്യം ചർച്ചയായത്. വീട്ടുകാരുടെ സംശയങ്ങൾ വിശ്വസിക്കാൻ പോലും തുടക്കത്തിൽ ആർക്കുമായില്ല. എന്നാൽ മരണത്തിൽ ദുരൂഹത ഉന്നയിച്ച് പൊലീസിന് കുടുംബം നൽകിയ പരാതി നിർണ്ണായകമായി. പറശ്ശാല പൊലീസ് സ്‌റ്റേഷനിലെ ഭൂരിഭാഗം പൊലീസുകാരും വിഴിഞ്ഞത്തെ ഡ്യൂട്ടിയിലാണ്. അതുകൊണ്ടു തന്നെ അത്യാവശ്യ പൊലീസുകാർ മാത്രമുണ്ടായിരുന്ന സ്‌റ്റേഷനിൽ പരാതിക്ക് വേണ്ടത്ര പരിഗണന കിട്ടിയില്ലെന്നതാണ് വസ്തുത. ഇതിനൊപ്പം ഗ്രീഷ്മയെ കുറ്റക്കാരിയല്ലെന്ന് വരുത്താൻ പൊലീസ് ഉദ്യോഗസ്ഥരും മുന്നിൽ നിന്നു. ഗ്രീഷ്മയെ ന്യായീകരിച്ചും കൊലപാതക സാധ്യത നിഷേധിക്കും പാറശ്ശാല എസ് ഐയുടെ അഭിമുഖം പോലും മാധ്യമങ്ങളിൽ എത്തി. ഗ്രീഷ്മയെ കുറ്റ വിമുക്തയാക്കുന്ന അഭിമുഖം.

ഇതിനൊപ്പമാണ് ഗ്രീഷ്മയുടെ ആത്മവിശ്വാസം ചർച്ചയാകേണ്ടത്. മജിസ്‌ട്രേട്ടിന് കൊടുത്ത മൊഴി പോലും ഗ്രീഷ്മ അറിഞ്ഞിരുന്നു. തന്നെ കുറിച്ച് മൊഴിയിലൊന്നും ഇല്ലെന്ന ആത്മവിശ്വാസം മാധ്യമ പ്രവർത്തകർക്ക് മുമ്പിലെത്തി. പൊലീസിലെ ആരോ തന്നെയാകണം ഇക്കാര്യം ഇത്ര വ്യക്തമായി ഗ്രീഷ്മയേയും അറിയിച്ചത്. അതിന്റെ ആത്മവിശ്വാസത്തിലാണ് മാധ്യമങ്ങൾക്ക മുമ്പിൽ അഹങ്കാര സ്വരവുമായി നിറഞ്ഞത്. ഈ വാർത്തയെ ചർച്ചയാക്കിയതും ഗ്രീഷ്മയുടെ വീട്ടിൽ ആദ്യമെത്തിയതും ഏഷ്യാനെറ്റ് ന്യൂസാണ്. ഗ്രീഷ്മയുടെ ചിത്രങ്ങൾ മൊബൈലിൽ പകർത്താൻ ശ്രമിച്ചെന്ന് പറഞ്ഞ് നാട്ടുകാരുടെ സഹായത്തോടെ കൈയേറ്റ ശ്രമം പോലുമുണ്ടായി. അമ്മാവന്മാരുടെ ഗുണ്ടകളാണ് ഇതിന് പിന്നിലെന്ന് തിരിച്ചറിയേണ്ട സാഹചര്യമാണ് ഉയരുന്നത്. അതിന് ശേഷം മാധ്യമങ്ങളെ ആരേയും കയറ്റില്ലെന്ന നിലപാടും അവർ എടുത്തു.

ഇതിന് ശേഷം ഒരു സമൂദായ സംഘടനയുടെ പിന്തുണയിൽ അനുകൂല വാർത്ത ചെയ്യാമെന്ന് പറഞ്ഞാണ് ഗ്രീഷ്മയുടെ വീട്ടിൽ മറ്റൊരു കൂട്ടം മാധ്യമ പ്രവർത്തകർ എത്തിയത്. ഇവരുടെ മൊബൈലും ക്യാമറയുമെല്ലാം പുറത്തു വാങ്ങി വച്ച ശേഷമാണ് അമ്മാവനും ഗുണ്ടകളും മാധ്യമ പ്രവർത്തകരെ അകത്തേക്ക് കയറ്റി വിട്ടത്. അവർക്ക് മുമ്പിലാണ് ആത്മവിശ്വാസത്തിന്റെ ആൾരൂപമായി ഗ്രീഷ്മ അഹങ്കാരം നടത്തിയത്. പൊലീസിൽ നിന്നും മജിസ്‌ട്രേട്ടിന്റെ മൊഴി മുൻകൂട്ടി മനസ്സിലാക്കിയായിരുന്നു അതെല്ലാം. അന്വേഷണം ഈ വിഷയങ്ങളിലേക്ക് കൂടി പോയാലേ സത്യം പൂർണ്ണമായും പുറത്തു വരൂ. പാറശ്ശാല പൊലീസിലെ ആദ്യ വിശദീകരണങ്ങൾ തന്നെ അട്ടിമറിക്കുള്ള സാധ്യതയാണ് ചർച്ചയാക്കുന്നത്. എങ്ങനേയും മാധ്യമങ്ങളിലെ വാർത്തകൾ പെൺകുട്ടിക്ക് അനുകൂലമാക്കാനുള്ള ബോധ പൂർവ്വമായ ശ്രമം.

രണ്ടു ദിവസം മുമ്പ് ടൈംസ് ഓഫ് ഇന്ത്യയിൽ പാറശ്ശാല എസ് ഐ പറഞ്ഞത് ചുവടെ

ഷാരോണിന്റെ മരണമൊഴിയെടുക്കാൻ പോകുമ്പോൾ പ്രതി ആരാണെന്ന് ഉറപ്പിച്ചാണ് താൻ പോയതെന്നും എന്നാൽ മൊഴിയെടുത്തതോടെ സംശയം ഇല്ലാതായെന്നും പാറശാല എസ് ഐ സജി പറഞ്ഞിരുന്നു. ടൈംസ് ഒഫ് ഇന്ത്യയോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.'ഷാരോണും പെൺകുട്ടിയും തമ്മിൽ പ്രണയത്തിലായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ മറ്റൊരാളുമായി പെൺകുട്ടിയുടെ വിവാഹം ഉറപ്പിച്ചെങ്കിലും ഷാരോണുമായി ഒരുപാട് അടുത്തതിന്റെ പേരിൽ ഇത് മുടങ്ങുകയായിരുന്നു. ഷാരോണിന്റെ വീട്ടിൽ ഇക്കാര്യങ്ങളെല്ലാം അറിയാമായിരുന്നു. നവംബറിൽ പെൺകുട്ടിയുടെ പിറന്നാൾ സ്വന്തം വീട്ടിൽ ആഘോഷിച്ച ശേഷം ഒന്നിച്ച് താമസിക്കാനായിരുന്നു ഇരുവരും തീരുമാനിച്ചിരുന്നത്. നടുവേദനയ്ക്കുള്ള കഷായമാണ് പെൺകുട്ടി കഴിച്ചിരുന്നത്. ഭയങ്കര കയ്‌പ്പായിരുന്നത് കാരണം പെൺകുട്ടിക്ക് കഴിക്കാൻ മടിയായിരുന്നു.

ഇക്കാര്യം പറഞ്ഞ് ഷാരോൺ പെൺകുട്ടിയെ കളിയാക്കുമായിരുന്നു. അങ്ങനെയാണെങ്കിൽ നീയൊന്ന് ഇത് കഴിച്ചുനോക്കെന്ന് പറഞ്ഞതിനെ തുടർന്നാണ് വീട്ടിലെത്തിയ ദിവസം ഷാരോൺ കഷായം കുടിച്ചത്. കഷായം തീരുന്ന ദിവസമായിരുന്നതിനാൽ കുടിക്കാനുള്ളത് മാറ്റി വച്ച ശേഷം ബോട്ടിൽ പെൺകുട്ടി കഴുകി വച്ചു.'കഷായം നല്ല കയ്‌പ്പായതിനാൽ മധുരമുള്ള എന്തെങ്കിലും വേണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് ശീതളപാനീയം വാങ്ങി കുടിച്ചു. അതോടെ അയാൾ ഛർദിച്ചു. രണ്ട്, മൂന്ന് തവണ വൊമിറ്റ് ചെയ്ത ശേഷം ബൈക്കിൽ പോകുമ്പോഴും ഇത് തുടർന്നെന്ന് പറയുന്നു. അന്നേദിവസം വീട്ടിൽ എത്തിയപ്പോൾ ഒട്ടും വയ്യ എന്നാണ് അവൻ പെൺകുട്ടിയോട് പറഞ്ഞത്. ഇതിന് മുമ്പും രാവിലെ എണീക്കുമ്പോൾ ഷാരോണിന് ഛർദിയുണ്ടെന്നാണ് പെൺകുട്ടി പറയുന്നത്. ആദ്യം പോയ ആശുപത്രിയിൽ ശീതളപാനീയം കഴിച്ചു എന്ന് മാത്രമാണ് ഷാരോൺ പറഞ്ഞിരുന്നത്. കഷായം കഴിച്ച കാര്യം പറഞ്ഞില്ല. ആദ്യമേ ഇക്കാര്യം പറഞ്ഞിരുന്നെങ്കിൽ രക്ഷിക്കാൻ കഴിയുമായിരുന്നു.

''ആശുപത്രിയിൽ നിന്നും വിവരം കിട്ടിയ ഉടൻ മജിസ്‌ട്രേറ്റിനെക്കൊണ്ട് ഞങ്ങൾ മൊഴി രേഖപ്പെടുത്തി. ഒരു ചെറുപ്പക്കാരന്റെ ജീവിതമല്ലേ, ഇത്രയും ഗൗരവമേറിയ വിഷയമല്ലേ. എന്ത് സംഭവിച്ചുവെന്ന് അറിയണ്ടേ. പ്രതി ഇന്നയാളായിരിക്കുമെന്ന് ഉറപ്പിച്ച് മുൻവിധിയോടെയാണ് ഷാരോണിനെ കാണാൻ ഞാൻ പോകുന്നത്. പക്ഷേ ഷാരോൺ തന്ന മൊഴിയോടെ എന്റെ സംശയം ഇല്ലാതായി. തന്റെ ശരീരത്തിന് ഹാനികരമായ ഒന്നും അവൾ തരില്ലെന്നാണ് മജിസ്‌ട്രേറ്റിന് കൊടുത്ത മൊഴിയിൽ പറയുന്നത്. തനിക്ക് ഈ വിഷയത്തിൽ പരാതി ഇല്ലെന്നും പറയുന്നുണ്ട്. സംശയിക്കത്തക്ക കാര്യങ്ങളൊന്നും തങ്ങൾ തമ്മിൽ ഇല്ലായിരുന്നുവെന്നാണ് അവനും അവളും പറഞ്ഞത്. ഞങ്ങൾ ഡോക്ടറോട് സംസാരിച്ചപ്പോഴും സംശയമൊന്നും പറഞ്ഞിരുന്നില്ല.'- എസ് ഐ സജി പറഞ്ഞിരുന്നു.