കൊച്ചി: കൊച്ചിയെ തന്നെ വിഷപ്പുകയിൽ മുക്കിയ ബ്രഹ്മപുരത്തിന്റെ ആശങ്കകൾ പതിയെ നീങ്ങിത്തുടങ്ങുന്നെ ഉള്ളൂ.പക്ഷെ അപ്പോഴും ചില കാര്യങ്ങളിൽ പതിവ് പല്ലവി ആവർത്തിക്കുന്നുവെന്ന ദുഃഖകരമായ സത്യം നാം അംഗീകരിക്കേണ്ടി വരും.ആപത്ഘട്ടങ്ങളിൽ നമുക്ക് രക്ഷകരാകുമ്പോൾ വാനോളം പുകഴ്‌ത്തുകയും ആവശ്യം കഴിഞ്ഞാൽ കണ്ടഭാവം പോലും നടിക്കുകയും ചെയ്യാത്ത നമ്മുടെ തനത് രീതിക്ക് ഇപ്പോഴും വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്നതാണ് ബ്രഹ്മപുരവും നമ്മോട് പറയുന്നത്.കോവിഡ് കാലത്തെ മാലാഖമാരും, പ്രളയകാലത്തെ മത്സ്യത്തൊഴിലാളികളുടെ സേവനവുമൊക്കെ ഇത്തരം അവഗണനയുടെ നേർസാക്ഷ്യങ്ങളാണ്.

ഇപ്പോഴിതാ ഏതാണ്ട് സമാന അനുഭവം പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് ബ്രഹ്മപുരത്ത് തീയണയ്ക്കാൻ അഗ്നിശമനസേനയ്‌ക്കൊപ്പം അഹോരാത്രം പ്രവർത്തിച്ച ജെസിബി ഓപ്പറേറ്റർമാർ.ഇവർക്ക് നൽകാമെന്ന് പറഞ്ഞ ശമ്പളം പോലും ഇപ്പോഴും നൽകിയിട്ടില്ലെന്നും നിങ്ങൾ വാഹനവും കൊണ്ട് പൊയ്‌ക്കോളു ശമ്പളം തരാമെന്നുമാണ് കോർപ്പറേഷൻ പറയുന്നതെന്നും തൊഴിലാളികൾ സാക്ഷ്യപ്പെടുത്തുന്നു.പൈസ തന്നാൽ അപ്പോൾ തന്നെ തങ്ങൾ പൊയ്‌ക്കോളാമെന്നാണ് തൊഴിലാളികളുടെ ഭാഷ്യം.സാധാരണ കൂലിയിലും കുറഞ്ഞ തുക മാത്രമാണ് നൽകിയത്. തീയണച്ചശേഷം അടിയന്തരാവശ്യങ്ങൾക്കായി നിലനിർത്തിയ വാഹനങ്ങളുടെ കൂലിയുടെ കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.

ബ്രഹ്മപുരത്ത് തീ നിയന്ത്രിക്കാൻ അഗ്‌നിശമന സേനയ്‌ക്കൊപ്പം നിന്നവരാണ് മണ്ണുമാന്ത്രി യന്ത്രങ്ങളുടെ ഓപ്പറേറ്റർമാർ.ദുരന്തനിവാരണ നിയമപ്രകാരം പിടിച്ചെടുത്ത യന്ത്രങ്ങളുടെ ഓപ്പറേറ്റർമാർക്ക് പറഞ്ഞ ബാറ്റ തുക നൽകിയില്ലെന്നാണ് ആരോപണം.പകലും രാത്രിയും പണിയെടുത്ത ഓപ്പറേറ്റർമാർക്ക് 1500 രൂപമാത്രമാണ് പ്രതിദിനം നൽകിയത്.ഒരു ഷിഫ്റ്റിന് മാത്രം രണ്ടായിരം രൂപ എന്നായിരുന്നു ധാരണ.തീ പടർന്ന സമയത്ത് ഇവരുടെ പ്രവർത്തനത്തെ എല്ലാവരും വാനോളം പുകഴ്‌ത്തിയിരുന്നു.

നാട്ടിൽ ഇവർക്ക് പണിയുണ്ട്.പക്ഷെ ഇവിടുന്ന് തുക ലഭിക്കാതെ പോയാൽ പിന്നീട് അത് ലഭിക്കുമോ എന്ന ചോദ്യവും ഇവരെ ആശങ്കയിലാഴ്‌ത്തുന്നുണ്ട്.തീയണച്ചെങ്കിലും അടിയന്തിര ആവശ്യങ്ങൾക്കായി നിലനിർത്തിയ അഞ്ച് വാഹനങ്ങളുടെ ഓപ്പറേറ്റർമാരുടെ ബാറ്റയുടെ കാര്യത്തിൽ ഇപ്പോൾ കൃത്യമായ മറുപടിയില്ല.നിലവിൽ ബ്രഹ്മപുരത്ത് തുടരുന്ന മണ്ണ് മാന്തി യന്ത്രങ്ങളുടെ ഓപ്പറേറ്റർമാർക്ക് താമസച്ചെലവ് നൽകില്ലെന്ന് കോർപറേഷൻ അറിയിച്ചതായും പരാതിയുണ്ട്.ഫയർ ആൻഡ് സേഫ്റ്റിയോട് ഇക്കാര്യം അറിയിച്ചപ്പോൾ അങ്ങിനെ തരാതിരിക്കാൻ കഴിയില്ലെന്നാണ് പറഞ്ഞതെന്നും ഡ്രൈവർമാർ പറയുന്നു.

ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടെന്നും ഇവർ പറയുന്നു.ചുമ തൊണ്ടവേദന തുടങ്ങി ശ്വാസകോശ ഇൻഫക്ഷൻ വരെ ഉണ്ട്.ഇവിടുന്ന് എന്ത് കിട്ടിയാലും അത് ആശുപത്രി ചെലവിനേ കാണുവെന്നുമാണ് ഇവരുടെ പക്ഷം.മാസ്‌കോ മറ്റുള്ള സുരക്ഷക്രമീകരണങ്ങളൊന്നും തങ്ങൾക്ക് ലഭിച്ചില്ലെന്ന പരാതിയും ഇവർക്കുണ്ട്.മാസ്‌ക് ചോദിച്ചപ്പോഴൊക്കെ എത്തിക്കാം എത്തിക്കാം എന്നുപറഞ്ഞതല്ലാതെ ഒന്നും എത്തിച്ച് നൽകാനും ബന്ധപ്പെട്ടവർ തയ്യാറായില്ല.8 മുതൽ 13 വരെ രാവും പകലുമില്ലാതെയാണ് പണിയെടുത്തത്.ലീവ് പോലും എടുത്തിട്ടില്ല.അത് പരിഗണിച്ചെങ്കിലും വാടക തരണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.

13 ശേഷം അടിയന്തിര ആവശ്യങ്ങൾക്കെന്ന് പറഞ്ഞ് ഇവിടെ അഞ്ചുവണ്ടികൾ പിടിച്ചിട്ടുണ്ട്. ഇപ്പോൾ അതിന്റെ വാടകയും എന്തിന് ബാറ്റപോലും തരില്ലെന്നാണ് പറയുന്നത്.വാടക ലഭിക്കാത്തതിനാൽ തന്നെ ഉടമയുടെ കയ്യിൽ നിന്നും തങ്ങൾക്ക് ബാറ്റ കിട്ടില്ലെന്നും ഇവർ വിശദമാക്കുന്നു.ഗൂഗിൾ പെ ചെയ്യാമെന്നൊക്കെയാണ് ഇപ്പോൾ പറയുന്നത് ഇതും വിശ്വസിച്ച് ഞങ്ങളെങ്ങിനെ പോകുമെന്നും ഇവർ ചോദിക്കുന്നു.വരുമ്പോൾ വാഗ്ദാനങ്ങൾ ഒത്തിരിയുണ്ടായിരുന്നു അതുമാത്രം കണ്ടായിരുന്നില്ല ഞങ്ങൾ വന്നത്.വിഷയത്തിന്റെ ഗൗരവം കൂടി ഞങ്ങൾക്കറിയാമായിരുന്നു.പക്ഷെ ഇത്തരമൊരു അവഗണന പ്രതീക്ഷിച്ചില്ലെന്നും ഇവർ സങ്കടത്തോടെ പറഞ്ഞു നിർത്തുന്നു.