പത്തനംതിട്ട: ഒന്നര വർഷം നീണ്ട അജ്ഞാതവാസത്തിലേക്ക് തന്നെ നയിച്ച കാര്യങ്ങൾ തുറന്നു പറയുകയാണ് പരുത്തിപ്പാറയിലെ പരേതൻ നൗഷാദ്. ഭാര്യ അഫ്സാന മർദിച്ചവശനാക്കി നിലത്തിട്ടു. അവിടെ വീണു കിടക്കുന്നതിനിടെ അവൾ സുഹൃത്തുക്കളെയും വിളിച്ചു കൊണ്ടു വന്നു തന്നെ നോക്കി. മരണാസന്നനായി കിടക്കുന്നുവെന്ന് കരുതി അവർ എല്ലാവരും കൂടി സ്ഥലം വിട്ടു. ഇനി ഇവിടെ നിന്നാൽ ജീവന് ആപത്താണെന്ന് അപ്പോൾ തോന്നി. രാവിലെ എണീറ്റപ്പോൾ അഫ്സാനയെ കാണാനില്ല. തന്നെ ശരിപ്പെടുത്താൻ കൂടുതൽ ആളെ വിളിക്കാൻ പോയെന്ന് കരുതിയാണ് വീട് വിട്ടത്. അടൂർ ടൗണിൽ തന്നെ രണ്ടു ദിവസം കറങ്ങി നടന്നു. വീടിന് സമീപമുള്ള ഒരു അമ്മയോട് കാര്യം പറഞ്ഞിരുന്നു.

കുട്ടികളെ കാണണം എന്ന ആഗ്രഹമാണ് ഇപ്പോൾ നൗഷാദ് മുന്നോട്ടു വയ്ക്കുന്നത്. മൂത്ത കുട്ടിക്ക് അഞ്ചരവയസുണ്ട്. അതിനായി അഫ്സാനയുടെ വീട്ടിലേക്ക് പോകില്ല. അവിടെ ചെല്ലുമ്പോൾ പ്രതികരണം എങ്ങനെ ആകുമെന്ന് അറിയില്ല. അതു കൊണ്ടാണ് കൂടൽ പൊലീസിനോട് ആവശ്യം അറിയിച്ചിട്ടുണ്ട്. അവർ അതിനായുള്ള സൗകര്യം ക്രമീകരിച്ചു തരുമെന്നാണ് വിശ്വസിക്കുന്നതെന്നും നൗഷാദ് പറഞ്ഞു. ഇനി ഇവിടെ നിൽക്കാൻ ആഗ്രഹിക്കുന്നില്ല. തൊടുപുഴയിൽ ഇപ്പോൾ ജോലി ചെയ്യുന്ന സ്ഥലത്തേക്ക് മടങ്ങും. അവിടെ ഒരു പാട് ജോലി ബാക്കിയുണ്ട്.

പാടത്തെ വീട്ടിലാണ് നൗഷാദ് ഇപ്പോഴുള്ളത്. തൊടുപുഴയിൽ നിന്ന് ഇന്നലെ കണ്ടു പിടിച്ച നൗഷാദിനെ മിസിങ് കേസ് നിലനിൽക്കുന്നതിനാൽ കോടതിയിൽ ഹാജരാക്കി വീട്ടുകാർക്കൊപ്പം വിട്ടയയ്ക്കുകയായിരുന്നു. അതിനിടെ അട്ടക്കുളങ്ങര വനിതാ ജയിലിൽ കഴിയുന്ന അഫ്സാനയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ജാമ്യാപേക്ഷ എതിർക്കില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. ഒന്നരവർഷം മുമ്പ് കാണാതാവുകയും നാടകീയതകൾക്കൊടുവിൽ കണ്ടെത്തുകയും ചെയ്ത പത്തനംതിട്ട കലഞ്ഞൂർ സ്വദേശി നൗഷാദ് നാട് വിട്ടത് മർദനത്തിന് പിന്നാലെയെന്ന് പൊലീസും സ്ഥിരീകരിക്കുന്നു.

ഭാര്യ അഫ്സാനയും സുഹൃത്തുക്കളും ചേർന്നാണ് നൗഷാദിനെ മർദിച്ചത്. ബോധംപോയ നൗഷാദിനെ ഇവർ ഉപേക്ഷിച്ചു പോയി. തുടർന്ന് രാവിലെ വന്ന് നോക്കിയപ്പോൾ മർദനേറ്റ് കിടന്ന സ്ഥലത്ത് നൗഷാദില്ലായിരുന്നു. ഇതോടെയാണ് നൗഷാദ് മരിച്ചെന്ന ധാരണയിൽ അഫ്സാന എത്തിയതെന്നും പൊലീസ് വ്യക്തമാക്കി. അഫ്സാനയ്ക്ക് മാനസിക പ്രശ്നങ്ങളൊന്നും ഇല്ലെന്നും പൊലീസ് പറഞ്ഞു. നൗഷാദിനും മാനസിക പ്രശ്നങ്ങളില്ല. തൊടുപുഴയിൽ ഒരാളുടെ പന്ത്രണ്ട് ഏക്കർ ഭൂമിയിൽ കൃഷി ചെയ്ത് വരികയായിരുന്നു നൗഷാദെന്നും പൊലീസ് കൂട്ടിച്ചേർത്തു.

നൗഷാദിനെ കൊന്നുകുഴിച്ചുമൂടിയതായി അഫ്സാന നൽകിയ മൊഴിയെ തുടർന്ന് കഴിഞ്ഞ ദിവസം ഇവർ വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്റെ പരിസരത്ത് അഞ്ച് മണിക്കൂറോളം പരിശോധന നടത്തിയിരുന്നു. എന്നാൽ പരിശോധനയിൽ ഒന്നും തന്നെ കണ്ടെത്താനായിരുന്നില്ല. പരിശോധനയ്ക്കിടെ ഇവരുടെ മൊഴിയിലെ വൈരുദ്ധ്യത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നൗഷാദിനെ തൊടുപുഴയിൽ നിന്ന് പൊലീസ് കണ്ടെത്തിയത്.

വെള്ളിയാഴ്ച തൊടുപുഴയ്ക്കടുത്ത് തൊമ്മൻകുത്തിൽ കട നടത്തുന്ന രാജേഷ്, പത്രത്തിൽ നൗഷാദിന്റെ ചിത്രംസഹിതം വന്ന വാർത്ത കണ്ടതാണ് സംഭവത്തിൽ വഴിത്തിരിവായത്. കടയിൽ സ്ഥിരം വന്നുപോകുന്നയാൾക്ക് പത്രത്തിൽ കണ്ടയാളുടെ രൂപസാദൃശ്യം തോന്നി. ബന്ധുവും സീനിയർ സിവിൽ പൊലീസ് ഓഫീസറുമായ കെ. ജയ്മോനെ വിവരമറിയിച്ചു.

ജെയ്മോൻ, തൊമ്മൻകുത്ത് കുഴിമറ്റം ഭാഗത്തെത്തി. തോട്ടമുടമയോട് നൗഷാദിനെക്കുറിച്ച് തിരക്കി. തന്റെ ഫോണിലുള്ള നൗഷാദിന്റെ ഫോട്ടോ കാണിച്ചതോടെ തോട്ടമുടമ സ്ഥിരീകരിച്ചു. തോട്ടത്തിൽ പണിയെടുക്കുകയായിരുന്ന നൗഷാദ് പൊലീസ് ഉദ്യോഗസ്ഥൻ പറയുമ്പോഴാണ്, താൻ കൊല്ലപ്പെട്ടെന്നതരത്തിൽ ഭാര്യ പറഞ്ഞെന്ന വിവരമറിയുന്നത്. മൊബൈൽഫോൺ ഉപയോഗിക്കാത്തതും താമസസ്ഥലത്ത് വൈദ്യുതിയില്ലാത്തതുമാണ് വാർത്തകൾ അറിയാതെപോകാൻ കാരണം.ഭാര്യയുടെ ബന്ധുക്കൾ കണ്ടെത്തുമെന്ന ഭയത്താൽ നാടുവിടുന്നതിനുമുമ്പ് നൗഷാദ് ഫോൺ ഉപേക്ഷിച്ചിരുന്നു.

വെള്ളിയാഴ്ച വൈകീട്ടോടെ നൗഷാദിനെ കൂടൽ പൊലീസ് സ്റ്റേഷനിലെത്തിച്ചു. മാതാപിതാക്കളായ അഷ്റഫും സൈത്തൂർബീവിയും കാണാനെത്തിയിരുന്നു. നൗഷാദ്-അഫ്സാന ദമ്പതിമാർക്ക് സ്‌കൂൾവിദ്യാർത്ഥികളായ രണ്ട് ആൺമക്കളുണ്ട്. ഇവർ നൂറനാട്ട് അഫ്സാനയുടെ വീട്ടിലാണ്. നൗഷാദിനെ റാന്നി കോടതിയിൽ ഹാജരാക്കിയശേഷം പാടത്തെ സ്വന്തംവീട്ടിലേക്ക് വിട്ടു. നൗഷാദിനെ കണ്ടെത്തിയതോടെ കൊലപാതകക്കേസിൽനിന്ന് അഫ്സാന ഒഴിവായെങ്കിലും പൊലീസിനെ തെറ്റിദ്ധരിപ്പിച്ചെന്ന കേസ് നിലനിൽക്കും.