ലണ്ടൻ: കൂടുതൽ വിമാനങ്ങളും കൂടുതൽ റൂട്ടുകളുമായി യുകെയുടെ ആകാശത്തു കണ്ണും നട്ടെത്തിയ എയർ ഇന്ത്യയോട് മത്സരിക്കാൻ തയ്യാറായി ആദ്യ ഗൾഫ് എയർലൈൻ രംഗത്തെത്തി. യുകെ റൂട്ടുകളിൽ ഇന്ത്യൻ സഞ്ചാരികളുടെ എണ്ണം ക്രമാതീതമായി കുതിച്ചുയർന്നത് ശ്രദ്ധയിൽ പെട്ടതോടെ ഏതാനും മാസങ്ങളായി വിമാനക്കമ്പനികൾ ലണ്ടൻ സർവീസുകളിൽ കണ്ണ് വയ്ക്കുകയാണ്.

ഇതിന്റെ ഭാഗമായിട്ടാണ് പരമാവധി യാത്രക്കാരെ കയ്യിലെടുക്കാൻ മുംബൈ, ഡൽഹി സർവീസുകൾക്ക് മാത്രമായി ഹീത്രോ സ്ലോട്ട് കൈവശപ്പെടുത്തിയ എയർ ഇന്ത്യ മറ്റു ഇന്ത്യൻ നഗരങ്ങൾക്കായി ഗാത്വിക്കിലേക്ക് പറന്നു മാറിയത്. ഇതോടെ കൊച്ചി അടക്കമുള്ള നേരിട്ടുള്ള മറ്റു സർവീസുകൾ ഹീത്രോ ഒഴിവാക്കി ഗാത്വിക് ലക്ഷ്യമിട്ട് പറന്നു തുടങ്ങിയിരിക്കുകയാണ്. ഇത് ഇന്ത്യൻ യാത്രക്കാരെ കൂട്ടമായി കയ്യിലെടുക്കാൻ എയർ ഇന്ത്യയെ സഹായിക്കും എന്ന് മനസിലാക്കിയ ഗൾഫ് എയർ ലൈനുകൾ ഇപ്പോൾ മറുതന്ത്രം മെനയുന്ന തിരക്കിലാണ്.

ഇതിന്റെ ഭാഗമായി സ്‌പെഷ്യൽ സമ്മർ ഫെയറുകൾ എന്ന പേരിൽ ഇടക്കാല ഓഫറുകൾ അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ് മിക്ക എയർലൈനുകളും. ഇതിന്റെ ഭാഗമായി ഇപ്പോൾ വിൽപനയിൽ ഉള്ള ടിക്കറ്റുകളിൽ യാത്ര ചെയ്യുന്നവർക്കു ജൂൺ 15നകം മടങ്ങിയെത്തിനായാൽ വൻ നിരക്കിളവ് ആണ് എത്തിഹാദ് നൽകുന്ന ഓഫർ. ഇത് പക്ഷെ തിരഞ്ഞെടുത്ത റൂട്ടുകളിൽ മാത്രമാണ്. ഏകദേശം 600 പൗണ്ടിന് അടുത്താണ് ഈ നിരക്ക്. അവസാന നിമിഷ ബുക്കിങ്ങിന് തയ്യാറാകുന്ന ആളുകളെ കൂടി നിരക്കിളവിന്റെ പേരിൽ കണ്ടെത്തുക എന്ന കച്ചവട തന്ത്രം കൂടിയാണ് എത്തിഹാദ് പ്രയോജനപ്പെടുത്തുന്നത്.

എന്നാൽ ഈ നിരക്കിളവിന്റെ ആനുകൂല്യം സ്‌കൂൾ അവധിക്കാല യാത്രയിൽ ലഭ്യമായേക്കില്ല എന്നാണ് ട്രാവൽ രംഗത്തുള്ള ഏജൻസികൾ നൽകുന്ന സൂചന. എങ്കിലും മുൻ വർഷത്തെ വൻ നിരക്കിലേക്ക് ഇത്തവണ ടിക്കറ്റ് വില ഉയരാനിടയില്ല എന്നാണ് പ്രതീക്ഷ, കാരണം അധിക വിമാനങ്ങൾ എത്തിയതോടെ യാത്രക്കാരെ വീതം വയ്‌ക്കേണ്ടി വരുന്ന സാഹചര്യത്തിൽ ന്യായമായ നിരക്കുകളിൽ പറക്കാൻ എയർലൈനുകൾ നിർബന്ധിതമായേക്കും എന്നാണ് പ്രതീക്ഷ.

സമ്മർ ദിനങ്ങളിൽ ഒരേ ദിവസം ലണ്ടൻ - മുംബൈ റൂട്ടിലേക്ക് മൂന്നു വിമാനങ്ങൾ വരെ അധികമായി പറത്താൻ ബ്രിട്ടീഷ് എയർവേയ്‌സും ഇത്തവണ തയ്യാറാകുന്നതോടെ കോവിഡിന് ശേഷം കയ്യിൽ ഒതുങ്ങുന്ന നിരക്കുമായി യുകെ മലയാളികൾക്ക് നാട്ടിലെത്താൻ കഴിഞ്ഞേക്കും എന്ന സൂചനയാണ് ടിക്കറ്റ് നിരക്കിലെ മത്സരം തെളിയിക്കുന്നത്. കഴിഞ്ഞ വർഷം അവസാന നിമിഷം ടിക്കറ്റ് നിരക്ക് 2000 പൗണ്ട് വരെയെത്തിയ സാഹചര്യം കണക്കിലെടുക്കുമ്പോൾ ഇത്തവണ എയർലൈനുകൾ തമ്മിൽ മത്സരം നടന്നാൽ ടിക്കറ്റ് നിരക്ക് നേർ പകുതിയായി എങ്കിലും താഴ്‌ന്നേക്കും എന്നാണ് പ്രതീക്ഷ.

അമിത ലാഭം പ്രതീക്ഷിച്ച് ഓൺ ലൈൻ ടിക്കറ്റെടുത്ത നൂറുകണക്കിന് ആളുകൾക്ക് ഓൺലൈൻ പ്ലാറ്റുഫോമുകളുടെ വഞ്ചനയിൽ ടിക്കറ്റ് ലഭിക്കാതായതോടെയാണ് യാത്രയുടെ തൊട്ടു മുൻപേ അവസാന നിമിഷത്തിൽ ഒരാൾക്ക് 1800 -1900 പൗണ്ട് നിരക്കിൽ വരെ ടിക്കറ്റ് എടുക്കേണ്ടി വന്നത്. ഈ കണക്കനുസരിച്ചു തട്ടിപ്പിന് ഇരയായ പല കുടുംബങ്ങളും 7000 -8000 പൗണ്ട് വരെ മുടക്കിയാണ് കഴിഞ്ഞ വർഷം നാട്ടിലെത്തിയത്.

തട്ടിപ്പുകാർക്ക് മുൻകൂട്ടി നൽകിയ ടിക്കറ്റ് വിലയും ചേരുമ്പോൾ ഇത്തരത്തിൽ അബദ്ധം പിണഞ്ഞ കുടുംബങ്ങൾക്ക് പതിനായിരം പൗണ്ടോളം ഒറ്റയടിക്ക് കഴിഞ്ഞ വർഷത്തെ അവധിക്കാല യാത്രയ്ക്ക് വേണ്ടി ചെലവാക്കേണ്ടി വന്നതും തട്ടിപ്പിനിരയായതുകൊണ്ടാണ്. ഈ സാഹചര്യത്തിൽ കുറഞ്ഞ നിരക്കുമായി എയർലൈനുകൾ നേരിട്ട് എത്തിയാൽ ഇത്തവണ ഓൺലൈൻ തട്ടിപ്പുകാരുടെ കച്ചവടം പൊളിയാനുള്ള സാധ്യതയും ഏറെയാണ്.