തിരുവനന്തപുരം: സംവിധായകൻ രാമസിംഹൻ അബൂബക്കർ ബിജെപി വിട്ടു എന്ന വാർത്ത ഇന്നലെ മുതൽ സമൂഹമാധ്യമങ്ങളിൽ ചൂടൻ ചർച്ചയായിരുന്നു. രാമസിംഹനെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ രംഗത്തെത്തുകയും ചെയ്തു. പാർട്ടി ബന്ധം പൂർണമായും ഉപേക്ഷിച്ചു എന്ന രീതിയിലുള്ള പോസ്റ്റുകൾ രാമസിംഹൻ തന്നെയാണ് ഫേസ്‌ബുക്കിൽ കുറിച്ചത്. ബിജെപിയിൽ നിന്നും രാജിവെച്ചെങ്കിലും താൻ ഇപ്പോൾ പിന്തുടരുന്ന ഹൈന്ദവ സംസ്‌ക്കാര രീതി തുടരുമെന്നാണ് രാമസിംഹൻ പറയുന്നത്.

കേരളത്തിലെ ബിജെപിയിൽ നിന്നും താൻ രാജിവെക്കാൻ ഇടയാക്കിയ സാഹചര്യത്തെ കുറിച്ചാണ് രാമസിംഹൻ പ്രതികരിച്ചത്. മറ്റൊരു പാർട്ടിയിലേക്ക് പോകുന്നുവെന്ന രീതിയിലുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചപ്പോൾ, വിശദീകരണ കുറിപ്പുകളുമായി രാമസിംഹൻ വീണ്ടും രംഗത്തെത്തുകയും ചെയ്തു. താൻ മറ്റു പാർട്ടികളിലേക്കില്ലെന്നാണ് രാമസിംഹൻ ഇപ്പോഴും പറയുന്നത്. കേരള ബിജെപിയിൽ ഒതുക്കി നിർത്തലും വെട്ടി നിരത്തലുമാണ് നടക്കുന്നതെന്നാണ് രാമസിംഹൻ പ്രതികരിക്കുന്നത്. സത്യസന്ധമായി പ്രവർത്തിച്ച പലരുടെയും ശബ്ദം പോലും ഇന്ന് കേൾക്കുന്നില്ലെന്നും അദ്ദേഹം മറുനാടനോട് പറഞ്ഞു.

രാമസിംഹൻ അബൂബക്കർ മറുനാടനോട് പ്രതികരിച്ചത് ഇങ്ങനെ: കേരള ബിജെപി ഘടകത്തിന്റെ പോക്ക് ശരിയല്ല എന്നു തോന്നിയതു കൊണ്ടാണ് പാർട്ടിയിൽ നിന്നും രാജിവച്ചത്. പാർട്ടിയിലെ ഏറ്റവും താഴെയുള്ള പ്രവർത്തകരോട് ചോദിച്ചാൽ പോലും അസംതൃപ്തിയാണ്. കേരളത്തിൽ പാർട്ടിക്ക് മുന്നോട്ട് കുതിയിക്കുന്ന അവസ്ഥയില്ല. പിന്നോട്ട് പോകുന്ന പ്രവണതയാണ്. കഴിഞ്ഞ കുറച്ചു കാലങ്ങളായി ഒതുക്കേണ്ടവരെ ഒതുക്കി നിർത്തുകയും വെട്ടി നിരത്തുകയും ചെയ്യുന്ന പ്രവണതയാണുള്ളത്.

നസീറിനെ പുറത്താക്കിയപ്പോളാണ് ഞാൻ പദവി രാജിവെയ്ക്കുന്നത്. പിന്നീട് സന്ദീപ് വാര്യർക്കെതിരെ നടപടിയെടുത്തു. ടിപി സെൻകുമാറിനെയും ഒതുക്കി നിർത്തി. ഇലക്ഷനു ഇനി ഒരു വർഷമേ ഉള്ളു...ഇനിയെന്തു മാറ്റം വരാനാണ്. േേകരള ബിജെപിയിൽ നിന്നും തന്നെ ഒഴിവാക്കിയിട്ട് വർഷങ്ങളായി. കൊടുവള്ളിയിൽ 2016 ൽ മത്സരിച്ചപ്പോൾ നല്ല വോട്ടിംങ് ശതമാനം ഉയർത്തിയ ആളാണ് ഞാൻ. പക്ഷെ പിന്നീട് താൻ എവിടെയായിരുന്നു എന്നത് പ്രധാന ചോദ്യമാണ്. ഒരു ചിത്രത്തിലും ഉൾപ്പെട്ടിട്ടില്ല. എല്ലാവരെയും ഒതുക്കുന്നത് എന്താണ് മനസ്സിലാകുന്നില്ല. വളരെ സത്യസന്ധമായി പ്രവർത്തിച്ച പലരുടെയും ശബ്ദം പോലും ഇന്ന് പാർട്ടിയിൽ കേൾക്കുന്നില്ല.

പാർട്ടിയിൽ ആരെങ്കിലും കുറച്ചു മുൻപന്തിയിൽ എത്തുന്നതായി തോന്നിയാൽ ഒരുമാസം കഴിയുമ്പോൾ അയാളെ വെട്ടിമാറ്റും. നേതൃത്വത്തിൽ നിരവധി ചെറുപ്പക്കാരുണ്ട്, അവരെ എന്തുകൊണ്ട് മുൻനിരയിലേയ്ക്ക് കൊണ്ടുവരുന്നില്ലി? സന്ദീപ് വാര്യർ എന്തു തെറ്റാണ് ചെയ്തതെന്ന് ജനങ്ങൾക്കു അറിയേണ്ടേ? അദ്ദേഹം തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ തുറന്നു പറയണം. ഇത് ഉണ്ടയില്ലാതെ വെടിവെച്ചിടുന്ന അവസ്ഥയാണ്. ഞാൻ കൊടുവള്ളിയിൽ കഷ്ടപ്പെട്ടുണ്ടാക്കിയ വോട്ട് ഏഴായിരമാക്കി കുറച്ചിട്ടു, ഇതെല്ലാം മനസ്സിനു വേദനയുണ്ടാക്കി.

അവസാനം നടന്ന ഉപതിരഞ്ഞെടുപ്പിൽ കാടിളക്കി പ്രചരണം നടത്തിയിട്ടും വോട്ടു നില താഴുകയാണ് ചെയ്തത്. പരാജയം ഉണ്ടായാലും തിരുത്താൻ ഒരു നേതാവ് ഉണ്ടാവണം. പരാജയങ്ങളെ വിലയിരുത്താതെ കേരള ഘടകം മുന്നോട്ടു പോവുകയാണ്. ഞാൻ ബിജെപിയിൽ നിന്നും വിട്ടു പോയെങ്കിലും മറ്റൊരു പാർട്ടിയിലേയ്ക്ക് ചേക്കേറിയിട്ടില്ല.

സന്ദീപ് വചസ്പതി ഉൾപ്പെടെയുള്ളവരെ കേരളത്തെ ചെറുപ്പക്കാർ ഉറ്റുനോക്കുന്ന മുഖങ്ങളാണ്. ഇവരൊക്കെയാണ് മുമ്പോട്ട് വരേണ്ടത്. മാറ്റങ്ങൾക്ക് വിധേയമായില്ലങ്കിൽ പ്രസ്താനത്തോട് യോജിച്ചു പോകുവാൻ സാധ്യമല്ല. പാർട്ടിയിൽ നിന്നു ഒരാൾ കൊഴിഞ്ഞു പോയാൽ അ്തിനെ ലഘൂകരിച്ചു കാണുവാൻ പാടില്ല. ടിപി സെൻകുമാർ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഓടി നടന്നു പ്രവർത്തിച്ചതാണ്.

അതേസമയം സുരേഷ് ഗോപി നേതൃസ്ഥാനത്തേയ്ക്ക് ഇനിയും വരാത്തത് എന്താണ് എന്നത് ഒരു പ്രധാന ചോദ്യമാണ്. നേതൃത്വം ഈ ചോദ്യത്തിനും മറുപടി പറയാൻ ബാധ്യസ്ഥരല്ലേ? ഐക്യത്തോടെ സുരേഷ് ഗോപി നേതൃ നിരയിലേക്ക് വരുമെന്നു പറഞ്ഞതല്ലേ. എന്നിട്ടു അദ്ദേഹം എവിടെയാണ് നിൽക്കുന്നത്? പാർട്ടിക്കകത്ത് അദ്ദേഹത്തിനു എന്തു സ്ഥാനമാണുള്ളത്? ഞങ്ങൾ എല്ലാവരും ആഗ്രഹിച്ചിരുന്നു ആരെങ്കിലും നേതൃസ്ഥാനം ഏറ്റെടുക്കുമെന്നു. എന്നാൽ അതുണ്ടായില്ലെന്നും രാമസിംഹൻ അബൂബക്കർ മറുനാടനോട് പ്രതികരിച്ചു.