കൊച്ചി: മുതിർന്ന മാധ്യമ പ്രവർത്തകനും റിപ്പോർട്ടർ ടിവിയുടെ മുഖവുമായ ഡോ അരുൺകുമാറിന് കേരള സർവ്വകലാശാലയിൽ അദ്ധ്യാപകനാകാൻ വീണ്ടും മോഹം. കേരള സർവ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ ജോലി രാജിവച്ചാണ് അരുൺകുമാർ റിപ്പോർട്ടറിൽ എത്തിയത്. ഈ രാജി കേരള സർവ്വകലാശാല അംഗീകരിച്ചിരുന്നു. സർവ്വകലാശാല സിൻഡിക്കേറ്റാണ് രാജി അംഗീകരിച്ചത്. ജൂൺ മാസം അഞ്ചിന് രാജി വച്ചതായാണ് സർവ്വകലാശാല വിശദീകരിക്കുന്നു. ഈ ജോലി തിരികെ വേണമെന്നാണ് പുതിയ ആവശ്യം.

കേരളാ സർവ്വകലാശാലയ്ക്ക് അരുൺ കുമാറിന്റെ രാജി പിൻവലിക്കൽ അപേക്ഷ കിട്ടിയെന്ന് മറുനാടനോട് വൈസ് ചാൻസലർ ഡോ മോഹൻ കുന്നുമ്മൽ സമ്മതിച്ചു. ജൂലൈ പത്തിന് രജിസ്ട്രാർക്കാണ് അരുൺകുമാറിന്റെ രാജി പിൻവലിക്കുന്നതിനുള്ള ഇമെയിൽ അപേക്ഷ എത്തിയത്. ഇത് ഇപ്പോൾ വൈസ് ചാൻസലറുടെ പരിഗണനയിലാണ്. മനസ്സർപ്പിക്കുന്നതിൽ വന്ന വീഴ്ചയാണ് രാജിക്കത്തെന്നും അതുകൊണ്ട് അത് പിൻവലിച്ച് തിരികെ ജോലിക്ക് പ്രവേശിക്കണമെന്നുമാണ് കത്തിലെ ഉള്ളടക്കം. മെയിൽ കിട്ടിയ രജിസ്ട്രാർ ഇത് വൈസ് ചാൻസലറുടെ പരിഗണനയ്ക്ക് വിടുകയായിരുന്നു.

അരുൺകുമാർ യൂണിവേഴ്‌സിറ്റി പൊളിട്ടിക്കൽ സയൻസിൽ അസി പ്രൊഫസറായിരുന്നു. ജോലിയിൽ പ്രവേശിച്ച് മൂന്ന് മാസം കഴിഞ്ഞപ്പോൾ 24 ന്യൂസിന്റെ ഭാഗമായി. അന്ന് കോവിഡ് പ്രോജക്ടിന്റെ ഭാഗമായാണ് 24 ന്യൂസിൽ എത്തിയത്. ജോലിയിൽ നിന്ന് അവധി പോലും എടുത്തിരുന്നില്ല. ഇത് വിവാദമായപ്പോൾ അരുൺകുമാർ തിരികെ ജോലിക്ക് എത്തി. അന്ന് പ്രൊബേഷൻ കാലമായതു കൊണ്ട് അവധി നൽകാൻ പറ്റാത്ത സാഹചര്യം കേരള സർവ്വകാലശാലയ്ക്ക് ഉണ്ടായിരുന്നു. പ്രൊബേഷൻ കഴിഞ്ഞയുടൻ വീണ്ടും അവധിക്ക് അപേക്ഷിക്കുന്നവർക്ക് അത് അനുവദിക്കുന്ന നിലപാട് പുതിയ വൈസ് ചാൻസലർക്ക് ഉണ്ടായിരുന്നില്ല. അതിനിടെയാണ് അരുൺകുമാർ രാജി നൽകി റിപ്പോർട്ടറിന്റെ ഭാഗമായത്. ഗവേഷക വിദ്യാർത്ഥികൾക്ക് ഗെയ്ഡ് ഇല്ലാത്ത സാഹചര്യം ചൂണ്ടിക്കാട്ടിയായിരുന്നു അവധി നൽകില്ലെന്ന് വി എസ് നിലപാട് എടുത്തത്. ഇതോടെ അരുൺകുമാർ രാജിവച്ചു എന്നാണ് സൂചന.

സർവ്വകലാശാല ജോലിയിൽ നിന്നും റിലീവ് ചെയ്ത് പോകുന്നവർക്ക് വേണമെങ്കിൽ തിരികെ ജോലിയിൽ പ്രവേശിപ്പിക്കാം. മറ്റ് സർക്കാർ ജോലി കിട്ടുമ്പോഴാണ് സാധാരണ ഇങ്ങനെ റിലീവ് ചെയ്യാറ്. എന്നാൽ അരുൺകുമാർ കേരള സർവ്വകലാശാലയിൽ നിന്നും രാജി വച്ച് പോയതാണ്. അതുകൊണ്ട് തന്നെ രാജി പിൻവലിക്കുന്നതിന് ഏറെ പ്രതിസന്ധിയുണ്ട്. കേരളാ സർവ്വകലാശാല സിൻഡിക്കേറ്റിന് അരുൺകുമാറിനെ തിരികെ എടുക്കണമെന്ന ആഗ്രഹമുണ്ട്. രാഷ്ട്രീയ കാരണങ്ങളാലാണ് ഇത്. എന്നാൽ വൈസ് ചാൻസലറുടെ നിലപാടാകും നിർണ്ണായകം. രാജി വച്ച് പോവുകയും അത് യൂണിവേഴ്‌സിറ്റി അംഗീകരിക്കുകയും ചെയ്ത സാഹചര്യത്തിൽ അരുൺകുമാറിനെ തിരിച്ചെടുത്താൽ അത് നിയമ പ്രശ്‌നങ്ങളിലേക്ക് പോവുകയും ചെയ്യും.

റിപ്പോർട്ടർ ടിവിയുടെ പ്രധാന മുഖമാണ് അരുൺകുമാർ. എഡിറ്റോറിയൽ ടീമിലെ പ്രധാനി. തുടക്കത്തിലെ പ്രശ്‌നങ്ങൾ അതിജീവിച്ച് റിപ്പോർട്ടർ ടിവി പ്രേക്ഷക ശ്രദ്ധ നേടുമ്പോഴാണ് അരുൺ കുമാറിന്റെ അദ്ധ്യാപകനായി തിരികെ പോകാനുള്ള നീക്കവും ചർച്ചകളിൽ എത്തുന്നത്. സർവ്വകലാശാല രാജി പിൻവലിച്ചാൽ റിപ്പോർട്ടർ ടിവിയിൽ നിന്നും രാജിവച്ച് അരുൺകുമാറിന് അദ്ധ്യാപക കുപ്പായം ഏറ്റെടുക്കേണ്ടി വരും. കേരള സർവ്വകലാശായിൽ ജോലിയിൽ തിരികെ പ്രവേശിച്ചാൽ ദീർഘകാലത്തേക്ക് പിന്നീട് അവധി നൽകാനും സാധ്യത കുറവാണ്.

അരുൺകുമാർ രാജിവച്ചാൽ അത് റിപ്പോർട്ടർ ടിവിയേയും ബാധിക്കും. മുട്ടിൽ മരം മുറിയുമായി ബന്ധപ്പെട്ട ആരോപണങ്ങളെ പ്രതിരോധിക്കുന്ന തിരക്കിലാണ് റിപ്പോർട്ടർ. അതിനിടെയാണ് അരുൺ കുമാർ ചാനലിൽ നിന്ന് തിരികെ പോകാൻ ആഗ്രഹിക്കുന്ന എന്ന തരത്തിൽ യൂണിവേഴ്‌സിറ്റിക്ക് നൽകിയ കത്ത് ചർച്ചയാകുന്നത്. അരുൺകുമാറിനെ യൂണിവേഴ്‌സിറ്റിയിൽ വീണ്ടും ജോലിക്കെടുക്കാൻ രാഷ്ട്രീയ സമ്മർദ്ദം ശക്തമാണ് എന്നും സൂചനയുണ്ട് ഐഎഎസിൽ നിന്നും രാജിവച്ച് പോകുന്നവർക്ക് പോലും തിരികെ സിവിൽ സർവ്വീസിലെത്താൻ അവസരം കിട്ടാറുണ്ട്. അതുകൊണ്ട് തന്നെ അരുൺകുമാറിനും ആ പരിഗണന നൽകണമെന്ന് സിൻഡിക്കേറ്റിലെ ബഹുഭൂരിപക്ഷത്തിനും താൽപ്പര്യമുണ്ട്.

സിപിഎമ്മിനും അരുൺകുമാർ സർവ്വീസിൽ തിരിച്ചെത്തുന്നതിനോട് അനുകൂല മനസ്സാണുള്ളത്. എന്നാൽ ജോലി രാജിവച്ച് പോയ ആളിനെ തിരികെ കൊണ്ടു വരാൻ വിസിക്ക് താൽപ്പര്യക്കുറവുണ്ട്. ചാൻസലർ കൂടിയായ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനും ഇതിനെ അംഗീകരിക്കാൻ ഇടയില്ലെന്നാണ് റിപ്പോർട്ട്.