കൊച്ചി: മലയാള സിനിമയിൽ പ്രതിഭ കൊണ്ട് വളരെ മുന്നിലാണ് ഷെയിൻ നിഗം എന്ന നടൻ. അഭിനേതാവായ അഭിയുടെ മകനെന്ന നിലയിൽ മലയാളം സിനിമാ ലോകത്ത് കാര്യമായ പ്രാധാന്യവും ഷെയിന് കിട്ടി. എന്നാൽ, ഷെയിൻ സിനിമകൾക്ക് വലിയ ആരാധക പിന്തുണ ലഭിച്ചതോടെയാണ് നടന്റെ സ്വഭാവവും മാറിത്തുടങ്ങി. ഷൂട്ടിങ് സെറ്റിൽ കൃത്യമായി എത്താതിരിക്കുന്നത് അടക്കമുള്ള നിലപാട് സ്വീകരിച്ചതോടെ ഷെയിൻ നിഗമിനെതിരെ നിർമ്മാതാക്കൾ പരാതികളുമായി രംഗത്തു വന്നു. ഒടുവിൽ ഇടക്കാലം വിലക്കും ഷെയിൻ നിഗമിന് ലഭിച്ചു.

വിലക്കിന് ശേഷം വീണ്ടും സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് യുവനടൻ. പ്രിയദർശന്റെ സംവിധാനത്തിൽ പുറത്തിറങ്ങാനിരിക്കുന്ന കൊറോണ പേപ്പേഴ്‌സ് എന്ന സിനിമയിൽ ഷെയിൻ നിഗമിന് കാര്യമായി പ്രധാന്യമുള്ള വേഷവും ലഭിച്ചിട്ടുണ്ട്. ഇതോടെ വീണ്ടും സിനിമയിൽ സജീവമാണ് നടൻ.  ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന സിനിമയുടെ ഷൂട്ടിങ് സെറ്റിലും ഷെയിൻ പ്രശ്‌നം ഉണ്ടാക്കിയതോടെയാണ് ആകെ കുഴഞ്ഞിരിക്കയാണ് അണിയറ പ്രവർത്തകർ.

വീക്കെന്റ് ബ്ലോക്ക് ബസ്റ്ററിന്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിച്ച് നവാഗതനായ നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്യുന്ന ആർ.ഡി.എക്‌സ് സിനിമയുടെ ഷൂട്ടിങ് സൈറ്റിലാണ് ഷെയിൻ നിഗം വീണ്ടും വില്ലനായത്. സിനിമയുടെ ചിത്രീകരണ സമയത്ത് മറ്റു നടന്മാരേക്കാൾ പ്രാധാന്യം തനിക്ക് വേണമെന്ന് പറഞ്ഞ് സംവിധായകന്റെ സ്വാതന്ത്ര്യത്തിൽ ഇടപെടാൻ തുടങ്ങിയതോടെയാണ് പ്രശ്‌നങ്ങൾ വഷളായത്. സിനിമയുടെ ഷൂട്ടിങ് നടക്കുന്നത് മുളന്തുരുത്തിയിൽ വച്ചാണ്. സിനിമയിൽ മൂന്ന് നടന്മാർ ഒരുമിച്ച് നടന്നുവരുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ തനിക്ക് പിന്നിലായേ മറ്റു നടന്മാർ നിൽക്കാൻ പാടുള്ളൂ എന്നു പറഞ്ഞാണ് ഷെയിൻ പ്രശ്‌നം ഉണ്ടാക്കിയത്.

സംസാരമായപ്പോൾ ഇനി അഭിനയിക്കണമെങ്കിൽ ഇതുവരെ ഷൂട്ടു ചെയ്ത ഭാഗങ്ങൾ കാണണം എന്നായി നടന്റെ പിടിവാശി. തുടർന്ന് മറ്റു മാർഗ്ഗങ്ങളില്ലാതെ സംവിധായകൻ ഷൂട്ട് ചെയ്ത ഭാഗം മുഴുവൻ നടനെ കാണിക്കുകയും ചെയ്തു. ഷൂട്ട് ചെയ്ത രംഗങ്ങൾ കണ്ടതോടെ ഷെയിനും മാതാവും ചേർന്ന് പരിഹസിക്കുകയാണ് ഉണ്ടായത്. തുടർന്ന് സംവിധായകൻ നഹാസിന്റെ വാക്കുകൾ കേൾക്കാതെ വന്നതോടെ ഫെഫ്ക നേതാവ് ബി ഉണ്ണികൃഷ്ണന്റെ മുന്നിൽ വിഷയം എത്തി. കൊച്ചിയിൽ ഉണ്ടായിരുന്ന ഉണ്ണിക്കൃഷ്ണൻ പ്രശ്‌നം പരിഹരിക്കാൻ വേണ്ടി ഷൂട്ടിങ് സൈറ്റിൽ എത്തുകയും ചെയ്തു. എന്നാൽ, ഉണ്ണിക്കൃഷ്ണൻ പറഞ്ഞതും കേൾക്കാതെ കയർത്തു സംസാരിക്കുന്ന അവസ്ഥയിലേക്കും കാര്യങ്ങളെത്തി.

ഒടുവിൽ ശക്തമായ ഭാഷയിൽ ഉണ്ണിക്കൃഷ്ണൻ മുന്നറിയിപ്പു നൽകിയതോടെയാണ് ഷെയിൻ സിനിമയിൽ അഭിനയിക്കമെന്ന് വഴങ്ങിയത്. എന്നാൽ, ഷൂട്ടിങ് തുടരുമ്പോഴും നടനും ഉമ്മച്ചിയും സംവിധാകനെ പരിഹസിക്കുക പതിവായിരിക്കയാണ്. ഏതു വിധേനയും ഷൂട്ടിങ് തീർക്കാനാണ് സിനിമാക്കാരുടെ തീരുമാനം. അടുത്തിടെ ഷെയിൻ നിഗമിനെയും വെച്ചു പ്ലാൻ ചെയ്ത മറ്റൊരു സിനിമയും തർക്കങ്ങളെ തുടർന്ന് മാറ്റിവെക്കേണ്ടി വന്നിരുന്നു. സാജിത് യഹിയ ഷെയിനിനെ നായകനാക്കി സംവിധാനം ചെയ്യാനിരുന്ന ചിത്രം താരത്തിന്റെ പിടിവാശിയിൽ നടന്നില്ല.

ഒരു കോടി പ്രതിഫലം വേണമെന്നും രശ്മിക മന്ദാനയെ നായികയായി വേണമെന്നും ഷെയിൻ ആവശ്യപ്പെട്ടതോടെ ഖൽബ് എന്ന സിനിമയിൽ നിന്നും ഷെയിനിനെ മാറ്റേണ്ടി വന്നിരുന്നു. പ്രിയദർശൻ സിനിമയിലെ നായകനായതോടെയാണ് ഷെയിൻ നിഗമിന്റെ സ്വാഭാവം മാറിയത്. ആർഡിഎക്‌സ് സിനിമയുടെ പ്രമോഷനിൽ അടത്തം തങ്ങൾക്ക് കൂടുതൽ പ്രാധാന്യം വേണമെന്നാണ് ഷെയിനും ഉമ്മച്ചിയും ആവശ്യപ്പെടുന്നത്.

ഓഗസ്റ്റ് 23ന് ചിത്രീകരണം ആരംഭിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിരുന്നുവെങ്കിലും പ്രതികൂല കാലാവസ്ഥ മൂലം ചിത്രീകരണം കുറച്ചു ദിവസത്തേക്കു നീട്ടിവെച്ചിരുന്നു. അതിനിടയിൽ ഒരു സിനിമയുടെ ചിത്രീകരണത്തിനിടയിൽ ആന്റണി വർഗീസ്സിന്റെ കൈക്കു പരിക്കുപറ്റിയത് വീണ്ടും കാലതാമസത്തിനിടയാക്കി. അതുഭേദമാകാനായി കുറച്ചു കാലതാമസം നേരിട്ടു. പൂർണമായും ആക്ഷൻ ചിത്രമായതിനാൽ കൈയുടെ പരിക്ക് പൂർണ്ണമായും മാറണമായിരുന്നു. സാങ്കേതികമായ തടസ്സങ്ങൾ തരണം ചെയ്താണ് ഇപ്പോൾ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നത്.

വലിയ മുതൽ മുടക്കിൽ പവർ ആക്ഷൻ ചിത്രമായിട്ടാണ് ചിത്രത്തിന്റെ അവതരണം. ഭാഷദേശാതിർത്തിക്കപ്പുറം എല്ലാവർക്കും ഇണങ്ങും വിധത്തിൽ ഒരു പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. റോബർട്ട്, ഡോണി, സേവ്യർ എന്നിങ്ങനെ മൂന്നു സുഹൃത്തുക്കളുടെ കഥയാണ് ആർ.ഡി.എക്സ്സിലൂടെ അവതരിപ്പിക്കുന്നത്. ഷെയിൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവരാണ് ഇതിലെ കേന്ദ്രകഥാപാത്രങ്ങളായ റോബർട്ട്, റോണി, സേവ്യർ എന്നിവരെ അവതരിപ്പിക്കുന്നത്. ഐമാ റോസ്മിയും മഹിമാ നമ്പ്യാരുമാണു ചിത്രത്തിലെ നായികമാർ. ലാൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

നേരത്തെ വെയിൽ സിനിമയുടെ സെറ്റിലാണ് ഷെയിൻ പ്രശ്‌നം ഉണ്ടാക്കിയത്. വെയിലിന്റെ ചിത്രീകരണം പൂർത്തിയാകും വരെ രൂപമാറ്റം വരുത്തരുതെന്ന് കേരള പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും താരസംഘടനയായ അമ്മയും ചേർന്ന് നടത്തിയ ഒത്തുതീർപ്പുചർച്ചയിൽ കരാറുണ്ടാക്കിയിരുന്നു. ഇതെല്ലാം തെറ്റിച്ചതോടെയാണ് ഷെയിനിനെതിരെ നടപടികളും ഉണ്ടായത്. ഇപ്പോഴത്തെ നിലയിൽ ഷൂട്ടിങ്  തടസ്സപ്പെടുന്നതുന്ന വിധത്തിൽ പെരുമാറ്റം ഉണ്ടായാൽ ഷെയിൻ നിഗമിന് വീണ്ടും വിലക്കു വരാനും സാധ്യതകളുണ്ട്.