കൊച്ചി: ആദായ നികുതി വകുപ്പ് നോട്ടീസ് നൽകിയ സിനിമാ നിർമ്മാതാക്കളിൽ ഒരാളെ കേന്ദ്ര ഏജൻസി കസ്റ്റഡിയിലെടുത്തതായി അഭ്യൂഹം. 10 വർഷത്തെ കണക്കുകൾ വ്യക്തമാക്കണമെന്ന് കാട്ടിയായിരുന്നു നോട്ടീസ് നൽകിയത്. എന്നാൽ ഈ നോട്ടീസിന് കൃത്യമായി മറുപടി നൽകിയിട്ടി എന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാവണം നിർമ്മാതാവിനെ കേന്ദ്ര ഏജൻസി കസ്റ്റഡിയിലെടുത്തതെന്നാണ് പരക്കുന്ന അഭ്യൂഹം.

കഴിഞ്ഞ ഡിസംബറിലാണ് മലയാള സിനിമയിലെ 4 നിർമ്മാതാക്കൾക്ക് ആദായ നികുതി വകുപ്പ് നോട്ടീസ് നൽകിയത്. നടനും നിർമ്മാതാവുമായ പൃഥ്വിരാജ്, ആന്റണി പെരുമ്പാവൂർ, ആന്റോ ജോസഫ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർക്കായിരുന്നു നോട്ടീസ് നൽകിയത്. കണക്കുകളിൽ പൊരുത്തക്കേട് കണ്ടതിനാലായിരുന്നു നോട്ടീസ്. ഇതിൽ പൃഥ്വിരാജ് മാത്രമാണ് പിഴ അടച്ച് നിയമ നടപടികളിൽ നിന്നും ഒഴിവായത്. ഇവരിൽ ഒരാളെയാണ് കേന്ദ്ര ഏജൻസി കസ്റ്റഡിയിൽ എടുത്തിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. കസ്റ്റഡിയിലായ നിർമ്മാതാവിനെ മറുനാടൻ ബന്ധപ്പെട്ടെങ്കിലും ഫോൺ സ്വിച്ച്ഡ് ഓഫാണ്.

ഡിസംബർ മുതൽ മലയാള സിനിമാ നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട താരങ്ങളുടെയും നിർമ്മാതാക്കളുടെയും വീടുകളിലും ഓഫീസുകളിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിവരികയായിരുന്നു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്. നടൻ മോഹൻലാലിന്റെ മൊഴി ആദായ നികുതി വകുപ്പ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. മോഹൻലാലും നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും തമ്മിലുള്ള സാമ്പത്തിക ഇടപാടിലായിരുന്നു അന്വേഷണം.

സിനിമയിറങ്ങി രണ്ടാഴ്ച കഴിയും മുൻപ് തന്നെ കളക്ഷൻ അൻപതും എഴുപതും കോടി നേടിയെന്ന് ചില നിർമ്മാതാക്കൾ തന്നെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അവകാശപ്പെട്ടത് മുൻനിർത്തിയാണ് പ്രധാനമായും അന്വേഷണം. നൂറു മുതൽ ഇരുനൂറു വരെ സ്‌ക്രീനുകളിൽ റിലീസ് ചെയ്യുന്ന മലയാള ചിത്രങ്ങൾ അധികം ആളില്ലാത്ത അവസ്ഥയിലും പത്തോ ഇരുപതോ ദിവസം കൊണ്ട് 50 കോടി നേടുന്ന കണക്കുകൾ ആദായ നികുതി വകുപ്പിന് സംശയം ഉളവാക്കിയിട്ടുണ്ട്.

കഴിഞ്ഞ ഡിസംബർ 15 മുതലാണ് മലയാള സിനിമാ നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട പ്രമുഖ താരങ്ങളുടെയും പ്രമുഖ നിർമ്മാതാക്കളുടെയും വീടുകളിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്. അന്നത്തെ പരിശോധനയിൽ 225 കോടി രൂപയുടെ കള്ളപ്പണ ഇടപാട് തിരിച്ചറിഞ്ഞതായും 70 കോടിയിലേറെ നികുതി വെട്ടിപ്പ് നടത്തിയതായും സൂചനയുണ്ട്.

പ്രമുഖ താരങ്ങൾ അടക്കമുള്ളവർ വിദേശത്ത് സ്വത്തുക്കൾ വാങ്ങിയതിലും ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. ചില താരങ്ങളും നിർമ്മാതാക്കളും യു എ ഇ, ഖത്തർ കേന്ദീകരിച്ച് വൻ നിക്ഷേപം നടത്തിയതായി കണ്ടെത്തി. മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ്, ആന്റണി പെരുമ്പാവൂർ, ആന്റോ ജോസഫ്,ലിസ്റ്റിൻ സ്റ്റീഫൻ, തുടങ്ങി മലയാള സിനിമാ മേഖലയിൽ നിർമ്മാണ രംഗത്ത് സജീവമായവരുടെ സാമ്പത്തിക ഇടപാടുകളിലും നിർമ്മാണ സ്ഥാപനങ്ങളും കേന്ദ്രീകരിച്ചുമായിരുന്നു ഡിസംബറിലെ പരിശോധന.

ചില താരങ്ങളുടെ ബിനാമികളാണ് ചില നിർമ്മാതാക്കൾ എന്നും ആരോപണം ഉണ്ട്. ഇവർ നിർമ്മിക്കുന്ന സിനിമകളുടെ ഓവർസീസ് വിതരണാവകാശത്തിന്റെ മറവിലായിരുന്നു വിദേശത്തെ കള്ളപ്പണ ഇടപാടെന്നാണ് സൂചന. ഇവരിൽ ചിലരുടെ വിദേശ ബാങ്ക് അക്കൗണ്ടുകളുടെ വിശദാംശങ്ങൾ പരിശോധിക്കുകയാണ്. ചില തമിഴ് സിനിമാ നിർമ്മാതാക്കളും ബിനാമി ഇടപാടിലുടെ മലയാള സിനിമയിൽ പണം മുടക്കുന്നതായി തിരിച്ചറിഞ്ഞിട്ടുണ്ട്. വരും ദിവസങ്ങളിൽ വീണ്ടും മലയാള സിനിമയിലെ പണമൊഴുക്കിന്റെ കേന്ദ്രങ്ങൾ തേടിയുള്ള അന്വേഷണം തുടരുമെന്നാണ് ലഭിക്കുന്ന സൂചന.