പിറവം: അമേരിക്കയിൽ മലയാളി വെടിയേറ്റു മരിച്ചു. ഒഹായോയിൽ ഇന്നലെ രാത്രിയാണ് അജ്ഞാതന്റെ വെടിയേറ്റു മലയാളി മരിച്ചത്. കളമ്പൂർ ചാത്തംകുഴിയിൽ സി.വി.വിജയകുമാർ (55) ആണു മരിച്ചത്. ഒഹായോയിലെ കൊളംബസിൽ സൂപ്പർ മാർക്കറ്റ് നടത്തുകയാണു വിജയകുമാർ. കടയിലെത്തിയ ആളാണ് തോക്കെടുത്തു വെടിവെച്ചു വീഴ്‌ത്തിയത്.

ഇന്ത്യൻ സമയം ഇന്നലെ രാത്രി 11.30നാണ് (ഓഹായോയിൽ പകൽ 1.30) സംഭവം നടന്നതെന്നു നാട്ടിൽ വിവരം ലഭിച്ചു. കടയിൽ എത്തിയ ആൾ യാതൊരു പ്രകോപനവുമില്ലാതെ വിജയകുമാറിന് നേരെ വെടിയുതിർക്കുകയായിരുന്നു എന്നാണു വിവരം. മോഷണ ശ്രമത്തിനിടെയാണ് ആക്രമണമെന്നു പറയപ്പെടുന്നു. പൊലീസ് സ്ഥലത്തെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകാതെ മരിച്ചു.

റിട്ട. ക്യാപ്റ്റൻ സി. വേലായുധന്റെയും ലീലയുടെയും മകനാണ്. 20 വർഷമായി വിജയകുമാർ ഒഹായോയിലാണ്. കഴിഞ്ഞ ജൂലൈയിൽ നാട്ടിൽ എത്തിയിരുന്നു. മക്കൾ: പ്രണവ്, പ്രവീൺ.