ലണ്ടൻ: 'കുട്ടിയെ വളർത്താൻ മാത്രം സമ്പന്നയല്ല ഞാൻ'' ഇക്കഴിഞ്ഞ ശനിയാഴ്ച ദി ടൈംസ് പത്രത്തിന്റെ എഡിറ്റർ ചാർളി ഗോവൻസ് ഇഗ്ലിറ്റൻ വാരാന്ത്യ പതിപ്പിൽ എഴുതിയ ലേഖനത്തിന്റെ തലക്കെട്ടാണിത്. യുകെയിലെ കുട്ടികളെ സംരക്ഷിക്കുന്നതിന്റെ ചെലവ് കൂടുന്നതിനെ പറ്റിയുള്ള ആശങ്കയിൽ തയ്യാറാക്കിയ ലേഖനമാണിത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയിൽ ഏറ്റവും കുറവ് കുട്ടികൾ ബ്രിട്ടനിൽ ജനിച്ച ചിന്തയിൽ നിന്നുമാണ് 28കാരിയായ ചാർളി ഈ അഭിപ്രായത്തിൽ എത്തുന്നത്. യൗവ്വന യുക്തയായ യുവതി എന്ന നിലയിൽ തീർച്ചയായും കുഞ്ഞുങ്ങളെ പ്രസവിക്കാൻ ഇഷ്ടം ആണെന്നും എന്നാൽ ആ ഇഷ്ടം ഉത്തരവാദിത്തത്തോടെ നിറവേറ്റാൻ കഴിയുന്ന സാമ്പത്തിക സാമൂഹ്യ സാഹചര്യത്തിലാണോ തന്നെപ്പോലെയുള്ള മിലേനിയം കാലത്തിൽ പിറന്ന ജനതയുടെ അവസ്ഥ എന്നുമാണ് ചാർളി ഗോവൻസിനെ ആശങ്കപ്പെടുത്തുന്നത്.

യുകെയിൽ ഒരു കുട്ടിയെ വളർത്തി വലുതാക്കുക എന്നത് അത്ര ചെറിയ കാര്യമല്ല. അതിനാലാണ് പലരുടെയും വിവാഹം വൈകുന്നതും വീടും സ്ഥിരം ജോലിയും ഒക്കെ ആയ ശേഷം അതിനു ശ്രമിക്കുന്നതും. കുട്ടികൾ ഉണ്ടെങ്കിൽ വാടക വീട് പോലും കിട്ടാനുള്ള ബുദ്ധിമുട്ട് മലയാളി കുടുംബങ്ങൾക്കറിയാം. കുട്ടി 16 വയസു വരെ സംരക്ഷണയിലാകണം, വീട്ടിൽ മാതാപിതാക്കളിൽ ഒരാളോ മുതിർന്ന ആരെങ്കിലുമോ വേണം എന്നൊക്കെയുള്ള നൂലാമാലകൾ വേറെ. കുട്ടിയെ ആരെയെങ്കിലും നോക്കാൻ ഏൽപ്പിച്ചാൽ സാധാരണക്കാരൻ ജോലി ചെയ്യുന്നതിനേക്കാൾ കൂടുതൽ അവർക്കായി നൽകണം. ബ്രിട്ടനിലെ ഏറ്റവും പ്രമുഖ പത്രത്തിലെ എഡിറ്റർ ആയ ചാർളി ഗോവൻസ് ഇഗ്ലിറ്റൻ കുട്ടിയെ പ്രസവിക്കാൻ മാത്രം സമ്പന്നയല്ല ഞാൻ എന്ന് തന്റെ പ്രതിവാര കോളത്തിലൂടെ ഇത് പറയുമ്പോൾ, സാധാരണക്കാരന്റെ പ്രയാസം ഊഹിക്കാനാകും.

ആഴ്ചകൾക്ക് മുമ്പ് ഷെഫീൽഡിൽ നിന്നും ഭർത്താവുമായി വഴക്കിട്ടു കുട്ടികളെ ഉപേക്ഷിച്ചു കേരളത്തിലേക്ക് പറന്ന മലയാളി വനിതയുടെ പിന്നാലെ ബ്രിട്ടീഷ് സംവിധാനം എത്തി എന്ന വിവരമറിയുമ്പോഴും ഡെവണിൽ രാത്രി അമിതമായി മദ്യപിച്ചു ഭാര്യയെയും മക്കളെയും വീട്ടിൽ നിന്നും ഇറക്കി വിട്ട 17 വർഷമായി യുകെയിൽ കഴിയുന്ന മലയാളിയുടെയും കഥയറിയുമ്പോഴും ചാർളി എഴുതിയ വാക്കുകളാണ് ഓരോ യുകെ മലയാളിയുടെയും ഓർമ്മയിൽ എത്തേണ്ടത്. ഒരു കുട്ടിയെ സംരക്ഷിക്കാനും വളർത്താനും പക്വത നേടാത്ത മലയാളി യുവതി യുവാക്കൾ എടുത്തു ചാട്ടം എന്നോണം ചെയ്യേണ്ടതല്ല വിവാഹവും സന്താന ഉൽപ്പാദനവും എന്ന ചിന്തയാണ് ടൈംസ് എഡിറ്റർ ചാർളി പങ്കുവയ്ക്കുന്നത്.

ഭർത്താവിനിട്ട് പണികൊടുക്കാൻ മക്കളെ ഉപേക്ഷിച്ചു ഭാര്യ മലബാറിലെത്തി

വടക്കൻ പട്ടണമായ ഷെഫീൽഡിനടുത്ത പട്ടണത്തിൽ നിന്നും കേൾക്കുന്നത് അത്ര സുഖമുള്ള വാർത്തയല്ല. യുകെയിൽ അധികം കാലം ആകാത്ത ഭാര്യയും ഭർത്താവും വഴക്കിട്ടപ്പോൾ ഭർത്താവിന് ഒരു പണിയിരിക്കട്ടെ എന്ന മട്ടിലാണ് നിന്ന നിൽപ്പിൽ യുവതിയായ ഭാര്യ മക്കളെ ഉപേക്ഷിച്ചു സ്വന്തം വീട്ടിൽ എത്തിയത്. എന്നാൽ ഭർത്താവ് പരാതി നൽകിയിട്ടാണോ അതോ കുട്ടികൾ സ്‌കൂളിൽ എത്താത്തതിനാലോ എന്ന് വ്യക്തമല്ല ഇപ്പോൾ യുവതിയുടെ പുറകെയാണ് ബ്രിട്ടീഷ് സോഷ്യൽ കെയർ സിസ്റ്റം.

കുട്ടികളെ ഉപേക്ഷിച്ചു നാട് വിടാൻ കാരണം എന്ത് എന്ന അന്വേഷണമാണ് ഇപ്പോൾ യുവതി നേരിടുന്നത്. വിവരം അധികൃതർ അറിഞ്ഞു എന്നായതോടെ അങ്കലാപ്പിലാണ് യുവതിയും. കുട്ടികളെ നഷ്ടമാകുമോ എന്ന ചിന്ത ഇപ്പോളാണ് യുവതിയെ തേടി എത്തുന്നത്. നാട്ടിലേക്ക് പോകാനുള്ള ആവേശത്തിൽ ഇക്കാര്യങ്ങൾ ഒന്നും യുവതി ഓർത്തതേയില്ല. ഇക്കാര്യത്തിൽ ഉപദേശം തേടി ബ്രിട്ടീഷ് മലയാളിക്കും യുവതിയിൽ നിന്നും സന്ദേശം എത്തിയിരുന്നു. എന്തായാലും യുകെയിൽ മടങ്ങി എത്തിയാലും ഇലയ്ക്കും മുള്ളിനും കേടില്ലാത്ത വിധത്തിൽ യുവതി കാര്യങ്ങൾ അധികൃതരെ ധരിപ്പിക്കേണ്ടി വരും. ഉത്തരവാദിത്തമില്ലാത്ത അമ്മയല്ല താനെന്നു ധരിപ്പിക്കാൻ അൽപം പ്രയാസം തന്നെ ആയിരിക്കുമെന്ന് ഉറപ്പാണ്.

മാഞ്ചസ്റ്ററിൽ സംഭവിച്ചത് ഡെവണിൽ ആവർത്തിക്കുമ്പോൾ

മിടുക്കിയായ ഭാര്യയെയും മക്കളെയും തല്ലിച്ചതച്ചപ്പോൾ മൂത്ത കുട്ടി ഫോൺ ചെയ്തതിനെ തുടർന്ന് പൊലീസ് എത്തി അറസ്റ്റിൽ ആകുകയും പിന്നീട് കിട്ടിയ അവസരത്തിൽ നാട്ടിൽ എത്തി പല സ്ത്രീകളുടെ ജീവിതത്തിലേക്ക് എത്തി നോക്കുകയും ചെയ്ത വിവാദ നായകനെ മാഞ്ചസ്റ്റർ മലയാളികൾക്ക് നല്ല പരിചയമാണ്. ഇടയ്ക്കിടെ തന്റെ വീരകഥകൾ സോഷ്യൽ മീഡിയയിൽ എത്തിച്ചില്ലെങ്കിൽ ഇന്നും നായകന് സമാധാനമില്ല.

യുകെയിൽ കഴിയുമ്പോൾ ഡേറ്റിങ് സൈറ്റിൽ കയറി സ്ത്രീകളെ ബുക്ക് ചെയ്തതിനാൽ ആണ് സഹികെട്ട ഭാര്യ ഒടുവിൽ ഇയാളെ തള്ളിക്കളഞ്ഞത്. ഒട്ടും വ്യത്യസ്തമല്ലാത്ത സംഭവമാണ് ഇപ്പോൾ ഡെവണിൽ നിന്നും എത്തുന്നത്. ആഴ്ചകൾക്ക് മുൻപ് മദ്യവും ചീട്ടുകളിയും പതിവാക്കിയ ഇയാൾ മദ്യ ലഹരിയിൽ വീട്ടിൽ അഴിഞ്ഞാടിയപ്പോൾ മൂത്ത കുട്ടിയാണ് പൊലീസിൽ ഫോൺ ചെയ്തത്. ഫോൺ ഇയാൾ തട്ടിപ്പറിച്ചതോടെ ലൊക്കേഷൻ ലഭിക്കാതെ പൊലീസ് വലഞ്ഞു.

എങ്കിലും ഒരു സ്ത്രീയും കുട്ടികളും അപകടത്തിൽ ആണെന്ന് അറിഞ്ഞ ഡെവൺ (കൃത്യ സ്ഥലം സൂചിപ്പിക്കാത്തതു കുടുംബത്തെ കപട സദാചാര കണ്ണിൽ മലയാളി സമൂഹം എത്തി നോക്കാതിരിക്കാൻ) പൊലീസ് രാത്രി മുഴുവൻ പ്രദേശം മുഴുവൻ അരിച്ചു പെറുക്കി അന്വേഷണം തുടങ്ങി. ഓരോ വീട്ടിലും എത്തി ആളുകൾ സുരക്ഷിതരാണോ എന്ന് പട്രോളിങ് നടത്തിയ പൊലീസിന്റെ കണ്ണിലാണ് വീട്ടിൽ നിന്നും മലയാളി ഗൃഹനാഥൻ ഇറക്കി വിട്ട സ്ത്രീയും കുട്ടികളും ചെന്ന് പെട്ടത്.

ഒട്ടും വൈകിയില്ല, മദ്യപാനിയായ ഗൃഹനാഥൻ അറസ്റ്റിലായി, കുടുംബം സുരക്ഷിതമായി വീട്ടിലും. പൊലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ വീട്ടിൽ അല്ല ആ കൗണ്ടിയിൽ പോലും പ്രവേശിക്കാൻ വിലക്കും എത്തി. നാട് വിട്ട മലയാളി മധ്യവയസ്‌കൻ കള്ളക്കഥ പറഞ്ഞ് ഇപ്പോൾ ഒരു ബന്ധുവിന് ഒപ്പം നൂറിലേറെ മൈൽ അകലെയാണ് താമസം. ഇവിടെ നിന്നും കഴിഞ്ഞ ദിവസം സ്റ്റോക് ഓൺ ട്രെന്റിലെ കുപ്രസിദ്ധ മലയാളി ചീട്ടുകളി സംഘത്തിൽ പണം വച്ച് കളിക്കാനും ഇയാൾ എത്തിയിരുന്നു. ചുരുക്കത്തിൽ ജീവിതത്തിൽ ഇപ്പോഴും ഒന്നും പഠിക്കാൻ താൻ തയ്യാറല്ല എന്നാണ് ഇയാൾ തെളിയിക്കുന്നത്.

ഭർത്താവിനെയും മക്കളെയും ഇറക്കി വിട്ട് വ്യാജ പരാതി, കോടതി മലയാളി സ്ത്രീക്ക് എതിരെ

ഏതാനും മാസം മുൻപ് ഭർത്താവിനേയും മക്കളെയും ഇറക്കി വിട്ട മധ്യ വയസ്‌കയായ മലയാളി സ്ത്രീയുടെ അനുഭവവും ടൈംസ് എഡിറ്റർ ചാർളി ഗോവൻസ് എഴുതിയ കുറിപ്പുമായി ചേർത്ത് വച്ച് വായിക്കേണ്ടത് തന്നെയാണ്. ഇംഗ്ലണ്ടിൽ നടന്ന ഈ സംഭവത്തിൽ കേസ് അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ്. ഇതിനിടയിൽ തന്നെ സ്ത്രീയുടേത് വ്യാജ പരാതി ആയിരുന്നു എന്ന് പൊലീസ് കോടതിയിൽ മൊഴി നൽകിയിട്ടുണ്ട്.

ഇതോടെ ഭർത്താവിനോടും മക്കളോടും ആവശ്യമെങ്കിൽ ഇറക്കി വിട്ട വീട്ടിലേക്ക് മടങ്ങുവാൻ കോടതി പറഞ്ഞെങ്കിലും ഭാവിയിൽ ഉണ്ടാകാവുന്ന മറ്റു കേസുകൾ ഓർത്തു തങ്ങൾ ഇപ്പോൾ സുരക്ഷിതരാണ് എന്നാണ് ഇവർ കോടതിയിൽ മൊഴി നൽകിയത്. വഴക്കുകളും അസ്വാരസ്യങ്ങളും ഒക്കെ എല്ലാ വീടുകളിലും ഉണ്ടാകാമെങ്കിലും കേരളത്തിൽ ജീവിക്കും പോലെ എടുത്തു ചാട്ടവുമായി ആണും പെണ്ണും യുകെയിലെ പൊലീസിലും കോടതിയിലും എത്തിയാൽ തിരിച്ചടി ആയിരിക്കും നേരിടേണ്ടി വരിക എന്നാണ് ഈ സംഭവങ്ങൾ തെളിയിക്കുന്നത്.

മാത്രമല്ല ഓരോ കേസിലും പ്രായപൂർത്തി ആയില്ലെങ്കിൽ പോലും കുട്ടികളുടെ മൊഴികളും നിർണായകമാണ്. കുട്ടികളെ പ്രത്യേകം മാറ്റിയിരുത്തി വിവരങ്ങൾ തിരക്കുന്ന പൊലീസും കോടതിയും നീതി ആർക്കും നിഷേധിക്കപ്പെടരുത് എന്ന സന്ദേശമാണ് നൽകുന്നത്. മാത്രമല്ല പരാതി ആര് നൽകുന്നു എന്നത് പോലും പ്രസ്‌കതമല്ല. പല സംഭവങ്ങളും പരാതിക്കാർക്ക് എതിരായാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത് എന്നുകൂടിയാണ് തെളിയുന്നത്.

അതിനാൽ വീട്ടു വഴക്കിനെ തുടർന്ന് നാട്ടിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യും മുൻപേയും പൊലീസിനെ വിളിക്കും മുൻപേയും ഓർക്കുക, താനൊരു ഉത്തരവാദിത്തമുള്ള അമ്മയോ അച്ഛനോ ആണോയെന്ന്. കാരണം ഈ ചോദ്യം കോടതിയിൽ നിങ്ങളെ കാത്തിരിക്കുകയാണ്. ആ ഉത്തരത്തെ അടിസ്ഥാനപ്പെടുത്തിയാകും കോടതി കേസുകളിൽ വിധി പറയുക. അതിനാൽ എടുത്തു ചാട്ടം വേണ്ട, കുട്ടികളുടെ കാര്യത്തിൽ എങ്കിലും ഉത്തരവാദിത്തമുള്ള മാതാപിതാക്കളാകുക എന്നാണ് ചാർളിയുടെ ലേഖനം ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നതും.