ലണ്ടൻ: ഒരു വശത്തു തകൃതിയായ വിദേശ നഴ്‌സുമാരുടെ റിക്രൂട്ടിങ്. മറുവശത്തു വന്നവർ യുകെയിലേക്ക് എത്തിയതിനേക്കാൾ വേഗത്തിൽ മടങ്ങുന്നു. ഇതോടെ ആശുപത്രിയിൽ എത്തുന്നവർക്ക് ഇപ്പോഴും ആക്സിഡന്റ് ആൻഡ് എമാർജൻസിയിൽ അടക്കം കാത്തിരിപ്പ് സമയത്തിന് കുറവൊന്നുമില്ല. മാത്രമല്ല മറ്റൊരു വിന്റർ അടുത്തെത്തി നിൽക്കെ കാത്തിരിപ്പ് സമയം കൂടുതൽ ദീർഘിക്കും എന്ന റിപ്പോർട്ടുകളും എത്തിക്കഴിഞ്ഞു. ഇതോടെയാണ് ബ്രിട്ടനിലേക്ക് റിക്രൂട്ട് ചെയ്തു എത്തിക്കുന്ന പതിനായിരക്കണക്കിന് നഴ്സുമാരും ഡോക്ടർമാരും ഒക്കെ എവിടെയെന്ന ചോദ്യം പ്രസക്തമാകുന്നത്.

എന്നാൽ പതിനായിരം പൗണ്ടിലേറെ ഒരു നഴ്‌സിനെ എത്തിക്കാൻ ചെലവാക്കുന്ന എൻഎച്ച്എസിന് അവരെ പിടിച്ചു നിർത്തുന്ന കാര്യത്തിൽ ഒന്നും ചെയ്യാനാകുന്നില്ല എന്ന റിപ്പോർട്ട് കൂടിയാണ് ഇപ്പോൾ പുറത്തു വരുന്നത്. യുകെയിൽ എത്തുന്നവരിൽ ചെറിയൊരു ശതമാനം പോലും ജോലിയിലും യുകെ ജീവിതത്തിലും അത്ര സന്തോഷം കണ്ടെത്തുന്നില്ല എന്നതാണ് റിപ്പോർട്ടിന്റെ കാതൽ. നഴ്‌സിങ് പ്രാക്ടീസ് എന്ന വെബ്‌സൈറ്റിലാണ് ഇതുസംബന്ധിച്ച വിശദാംശങ്ങളും കണക്കുകളും പുറത്തു വന്നിരിക്കുന്നത്. കഴിഞ്ഞ വർഷം 40,000 നഴ്‌സുമാർ യുകെ വിട്ടെന്ന കണക്കുകൾ ലഭ്യമായതോടെയാണ് ഇതിന്റെ പിന്നാമ്പുറ കഥ തേടി അന്വേഷണം തുടങ്ങിയത്.

കിട്ടുന്ന ശമ്പളം വാടകയും ബില്ലുകളും കഴിഞ്ഞാൽ ഒന്നിനും തികയുന്നില്ല എന്ന പരാതി ഉയർന്നതോടെ ചില ട്രസ്റ്റുകൾ സ്റ്റാഫ് ഫുഡ് ബാങ്ക് എന്ന പ്രാഥമിക ആശയം നടപ്പാക്കാൻ ഒരുങ്ങുകയാണ്. മുൻപ് സ്റ്റാഫ് റൂമിൽ കാപ്പിയും ചായയും ഉണ്ടാക്കാനും താത്കാലിക വിശപ്പ് മാറ്റാൻ ടോസ്റ്റും സാൻഡ് വിച്ചിനും ഒക്കെയുള്ള സാധനങ്ങൾ സൗജന്യമായി നൽകിയിരുന്ന ബ്രിട്ടനിൽ 2008 ലെ സാമ്പത്തിക മാന്ദ്യത്തിൽ എൻഎച്ച്എസിന് പണം ലാഭിക്കാൻ ഉള്ള വഴികളിൽ ഒന്നായാണ് സ്റ്റാഫിന് നൽകിയിരുന്ന സൗജന്യങ്ങൾ വെട്ടിക്കുറച്ചത്. ഇത് 15 വർഷം കഴിഞ്ഞിട്ടും മടക്കി കൊണ്ടുവരാൻ എൻഎച്ച്എസ് ട്രസ്റ്റുകൾക്ക് കഴിഞ്ഞിട്ടില്ല.

പുതുതലമുറക്കാർക്ക് ഒപ്പം വർഷങ്ങളുടെ പരിശീലനം നേടിയ നഴ്സുമാരും ശമ്പളം പോരെന്ന പരാതിയുമായി എൻഎച്ച്എസ് വിട്ടുകൊണ്ടിരിക്കുന്നത് തീരാ തലവേദന ആയി മാറുകയാണ് മിക്ക ട്രസ്റ്റിലും. സ്പെഷ്യലൈസ്ഡ് നഴ്‌സുമാരുടെ കുറവ് ഏറ്റവും രൂക്ഷത നേരിടുന്ന സാഹചര്യത്തിലേയ്ക്ക് എത്തിയത് ഇതുകൊണ്ടു കൂടിയാണ്.

ഇതല്ല ഞങ്ങൾ ആഗ്രഹിച്ച, സ്വപ്നം കണ്ട ബ്രിട്ടൻ

വലിയ പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് ഇപ്പോൾ യുകെയിൽ എത്തിക്കൊണ്ടിരിക്കുന്ന ന്യു ജെൻ നഴ്‌സുമാരുടെ പ്രശ്നം. ഇന്ത്യയടക്കമുള്ള നാടുകളിലെ അടിസ്ഥാന സൗകര്യം വികസിച്ചതോടെ അതിന്റെ അനേകം മടങ്ങു സൗകര്യമുള്ള ബ്രിട്ടനാണ് അവരുടെ മനസുകളിൽ. എന്നാൽ യുകെയിൽ കാലു കുത്തുന്ന നിമിഷം മുതൽ അവർ അസന്തുഷ്ടിയുടെ വഴിയിലാണ്. ഇതല്ല തങ്ങൾ ആഗ്രഹിച്ചതും സ്വപ്നം കണ്ടതുമായ ബ്രിട്ടൻ എന്നാണ് പൊതുവിൽ ഉള്ള സംസാരം. യുകെയിൽ എത്തുമ്പോൾ താത്കാലിക താമസത്തിനായി എൻഎച്ച്എസ് ഒരുക്കുന്ന വീടുകൾ മുതൽ തുടങ്ങുകയായി പരാതികൾ.

ഒരു ബാച്ചിൽ എത്തുന്ന എട്ടോ പത്തോ പേർക്ക് വേണ്ടി വാടകക്ക് എടുത്ത വീടുകളിൽ ടോയ്‌ലെറ്റ് മറ്റുള്ളവരുമായി ഷെയർ ചെയ്യുന്നത് മുതൽ പരാതിയും അനിഷ്ടവും തുടങ്ങുകയാണ്. ബാത്ത് അറ്റാച്ച്ഡ് മുറികളാണ് തങ്ങൾ ആഗ്രഹിച്ചതെന്നു പുത്തൻ നഴ്‌സുമാർ പറയുമ്പോൾ അതിനു ഹോട്ടലിൽ പോയി സ്വന്തം ചെലവിൽ താമസിക്കേണ്ടി വരും എന്നാണ് എൻഎച്ച്എസിൽ നിന്നും കിട്ടുന്ന മറുപടി. ഇത്തരം അടിസ്ഥാന കാര്യങ്ങൾ ഒക്കെ പ്രയാസം ഉണ്ടാകും എന്ന് റിക്രൂട്ടിങ് ഏജൻസികൾ ഒരിക്കലും പുതുതായി എത്തുന്നവരോട് ഒരു സൂചനയും നൽകാത്തതും പരാതികൾ കൂടാൻ കാരണമാണ്. മധ്യവർഗ വീടുകളിൽ നിന്നും എത്തുന്ന പുതു തലമുറക്കാർക്ക് അഡ്ജസ്റ്റ്മെന്റ് എന്നതൊന്നും അത്ര വേഗത്തിൽ പിടികിട്ടാത്ത കാര്യമാണ്. യുകെയിൽ എത്തിയതോടെ ജീവിതത്തിലെ പ്രയാസങ്ങൾ തുടങ്ങി എന്ന ഇവരുടെ പരിദേവനത്തിന്റെ കാരണവും മറ്റൊന്നല്ല.

കാത്തിരിപ്പ് വെറും രണ്ടു വർഷത്തേക്ക്, പിന്നെ പറക്കൽ നിന്ന നിൽപ്പിൽ

യുകെയിലെ ഏതു പട്ടണത്തിൽ തിരക്കിയാലും പുതുതായി എത്തിയ മലയാളി കുടുംബങ്ങൾ കൂട്ടത്തോടെ പറക്കാൻ തയ്യാറാകുന്ന കാഴ്ചയാണ് കാണാനാകുന്നത്. ഇതിന്റെ നേർ ഉദാഹരണം ലഭിക്കുന്നത് കവൻട്രിയിൽ നിന്നുമാണ്. പ്രാദേശികമായി രൂപം കൊണ്ട വാട്സാപ്പ് ഗ്രൂപ്പിൽ എല്ലാ ദിവസവും വീട്ടുസാധനങ്ങളിൽ കുട്ടികളുടെ നാപ്പി ചേഞ്ചിങ് മാറ്റ് വരെ രണ്ടു പൗണ്ടിന് വിൽക്കാൻ ഇടുന്ന ട്രെന്റ് കിട്ടിയ പൈസയുമായി യുകെ വിട്ടു പോകാൻ സമയമായി എന്നതാണ് സൂചിപ്പിക്കുന്നത്.

ചെറുപ്പകാർക്കായി പ്രത്യേക വാട്സാപ്പ് ഗ്രൂപ് തുടങ്ങിയതിൽ കവൻട്രിയിൽ വന്ന് അധികം താമസിയാതെ വീട് വാങ്ങിയവർ പലരും ഇപ്പോൾ വീട് വിൽക്കാൻ ഇട്ടിരിക്കുന്ന കാഴ്ചയും യുകെ മടുത്തു എന്ന സൂചനയാണ് നൽകുന്നത്. വീടുകളുടെ റീ മോർട്ട്ഗേജ് എത്തിയതോടെ പുതിയ പലിശ നിരക്കിൽ മോർട്ട്ഗേജ് അടക്കുന്നത് ലാഭകരം അല്ലെന്നു മനസ്സിലായതും മലയാളികൾ സ്വന്തമാക്കിയ വീടുകൾ അധികമായി വിപണിയിൽ എത്താൻ കാരണമായി. ഏകദേശം ഒരു ഡസനിലേറെ വീടുകൾ ഇപ്പോൾ മലയാളികളുടേതായി വിൽപനയ്ക്ക് ലഭ്യമാണ്. എൻഎച്ച്സിൽ രണ്ടു വർഷം ചുരുങ്ങിയത് ജോലി ചെയ്തിരിക്കണം എന്ന നിബന്ധന പൂർത്തിയായി കിട്ടാൻ കാത്തിരിക്കുകയാണ് പലരും.

അടുത്തിടെ കവൻട്രിയിൽ നിന്നും ഓസ്‌ട്രേലിയക്ക് പറന്ന മൂവാറ്റുപുഴക്കാരായ കുടുംബം ഓസ്‌ട്രേലിയയിൽ എത്തിയ ശേഷമാണ് തങ്ങൾ യുകെ വിട്ടെന്ന കാര്യം ഡിപ്പാർട്മെന്റ് അധികൃതരെ പോലും അറിയിച്ചത്. കാരണം തിരക്കിയപ്പോൾ തിരക്കിലായിപ്പോയി എന്ന ഒഴുക്കൻ മറുപടിയും. ഇത്തരം പ്രവണത പലയിടത്തും ആവർത്തിക്കുന്നതായി മുതിർന്ന മലയാളി ജീവനക്കാർ തന്നെ സാക്ഷ്യപ്പെടുത്തുമ്പോൾ ഇപ്പോൾ റിക്രൂട്മെന്റിൽ പഞ്ചാബിലും ഡൽഹിയിലും മുംബൈയിലും ഒക്കെയുള്ളവർക്കു മലയാളികളേക്കാൾ മുൻഗണന കിട്ടുന്ന ട്രെൻഡും തുടങ്ങിയിട്ടുണ്ട്. ഇതിനർത്ഥം വെറും താത്കാലിക ഇടത്താവളം എന്ന മാനസിക പുലർത്തി ജോലിക്കെത്തുന്നവർ ആ മനോഭാവം തൊഴിൽ ഇടത്തും സഹപ്രവർത്തകരോടുള്ള മനോഭാവത്തിലും കാട്ടിത്തുടങ്ങുന്നു എന്നുമാണ് പ്രധാന പരാതി.

ഇത് നിവൃത്തിയില്ലാത്ത സാഹചര്യത്തിൽ മലയാളി നഴ്‌സുമാരെ പരിഗണിക്കാം എന്ന മനോഭാവത്തിലേക്ക് എൻഎച്ച്എസ് സീനിയർ മാനേജ്‌മെന്റിനെ എത്തിച്ചാലും അത്ഭുതപ്പെടേണ്ടതില്ല. തൊഴിൽ രംഗത്ത് കടുത്ത വംശീയത ആണെന്ന് പരാതിപ്പെടുന്ന മലയാളി നഴ്‌സുമാരുടെ എണ്ണവും കൂടുതലാണ്. എന്നാൽ വർഷങ്ങൾക്ക് മുൻപ് എത്തിയവരോട് ചോദിച്ചാൽ ഇപ്പോൾ കാര്യങ്ങൾ എത്രയോ ഭേദമാണ് എന്ന ഉത്തരം ലഭിക്കുമെങ്കിലും അതൊന്നും ഞങ്ങൾക്കറിയണ്ട എന്ന ഉത്തരത്തിൽ ഒതുക്കും പുതുതലമുറക്കാരുടെ മറുപടികൾ.

മലയാളി നഴ്സുമാർക്ക് ബ്രിട്ടൻ വെറുമൊരു ഇടത്താവളമായി മാറുന്നു

ഒരു നഴ്സിനെ ഇന്ത്യയിൽ നിന്നും എത്തിക്കാൻ എൻഎച്ച്എസ് ട്രസ്റ്റുകൾ 10,000 പൗണ്ട് വരെ ചെലവാക്കുന്നു എന്ന വാർത്തകൾക്കിടയിൽ ഇങ്ങനെ എത്തുന്നവർ പോലും രാജ്യത്തു ചുവടു ഉറപ്പിക്കുന്നില്ല എന്നതും പ്രതിസന്ധി വളർത്തുകയാണ്. കേരളത്തിൽ നിന്നും യുകെയിൽ എത്തിയ നഴ്സുമാരിൽ ആയിരക്കണക്കിന് പേര് ഇതിനകം യുകെ ഉപേക്ഷിച്ചു എന്നാണ് കണക്കുകൾ ഇപ്പോൾ എൻഎച്ച്എസ് വിദേശ റിക്രൂട്ട്‌മെന്റ് വിഭാഗത്തിനെ തേടി എത്തിയിരിക്കുന്നത്. ഒരുപക്ഷെ വിദേശ റിക്രൂട്ട്‌മെന്റിന് വേണ്ടി മുടക്കിയ മില്യൺ കണക്കിന് പൗണ്ട് പ്രയോജനപ്പെടുന്നില്ലേ എന്ന ചിന്തയിലേക്ക് രാജ്യം വിടുന്നവരുടെ എണ്ണം പുറത്തു വന്നാൽ ശ്രദ്ധ തിരിയുമോ എന്ന ആശങ്കയും എൻഎച്ച്എസ് റിക്രൂട്ട്‌മെന്റ് വിഭാഗത്തിനുണ്ടാകാം. അതിനിടെ കേരളത്തിൽ നിന്നും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും നിന്നും വരുന്നവർ യുകെ ഉപേക്ഷിക്കുന്നത് വീണ്ടും ഏജൻസികൾക്ക് അവസരം ഒരുക്കുകയാണ്.

വീണ്ടും വീണ്ടും ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെടാൻ രാജ്യം വിടുന്നവരുടെ എണ്ണം സഹായിക്കും എന്നതിനാൽ ഈ ഒഴുക്ക് ട്രെന്റ് ആയി മാറുന്നത് മൂടി വയ്ക്കാൻ ഉള്ള ശ്രമവും എൻഎച്ച്എസ് അധികൃതരിൽ ഉണ്ടെന്നാണ് വിലയിരുത്തൽ. യുകെയിൽ എത്തുന്നവർക്ക് കുറഞ്ഞത് ഇത്രകാലം രാജ്യത്തിന് സേവനം ചെയ്തിരിക്കണം എന്ന കരാർ ഉറപ്പാക്കാൻ ട്രസ്റ്റുകൾക്ക് കഴിയുന്നുമില്ല. ഇത്തരം കരാറുകൾ ഒക്കെ നടപ്പിലാക്കിയാൽ ആളെ കിട്ടില്ല എന്ന സന്ദേശമാണ് റിക്രൂട്ട്‌മെന്റ് വിഭാഗത്തിൽ എത്തിയിരിക്കുന്നത്. അതേസമയം കോൺട്രാക്ടിൽ കുറഞ്ഞ കാലം സേവനം ചെയ്തിരിക്കണം എന്ന നിഷ്‌കർഷ പുലർത്തുന്ന ട്രസ്റ്റുകളുമുണ്ട്. യുകെയിൽ നിന്നും കൊഴിഞ്ഞു പോകുന്നവരുടെ കാര്യത്തിൽ ദേശീയ മാധ്യങ്ങൾ ശ്രദ്ധ നൽകി തുടങ്ങിയതോടെ ഇക്കാര്യത്തിൽ സർക്കാരിനും വീണ്ടു വിചാരം നടത്താതിരിക്കാനാകില്ല.