ലണ്ടൻ: ഭാര്യയെയും രണ്ടു മക്കളെയും കൊന്നെന്ന കുറ്റത്തിന് കണ്ണൂർ സ്വദേശിയായ സാജു ചെലവേലിനു നോർത്താംപ്റ്റൻ ക്രൗൺ കോടതി നൽകിയത് 40 വർഷത്തെ തടവ് ശിക്ഷ. രണ്ടിൽ കൂടുതൽ പേർ കൊല്ലപ്പെടുന്ന കേസുകളിൽ പരമാവധി ശിക്ഷ നൽകുന്ന എന്ന ബ്രിട്ടീഷ് നീതിന്യായ വ്യവസ്ഥയോട് കൂറ് കാട്ടും വിധമുള്ള വിധി തന്നെയാണ് പരക്കെ പ്രതീക്ഷിച്ചിരുന്നത്. കൊല്ലപ്പെടുന്നവരിൽ ഒരാൾ മൈനർ ആയാൽ വധശിക്ഷക്ക് സമാനമായ തരത്തിലാണ് ബ്രിട്ടനിലെ കോടതികളിൽ നിന്നും വിധി ഉണ്ടാവാറുള്ളത്.

കെറ്ററിങ് കൊലക്കേസിൽ ഇരു കുട്ടികളും മൈനർ ആയിരുന്നത് ശിക്ഷ കൂടുതൽ കടുപ്പം ഉള്ളതാകാൻ കാരണമായി എന്ന് വിലയിരുത്തപ്പെടുന്നു. വിസ്താര വേളയിൽ എന്തായിരുന്നു കൊലയ്ക്കുള്ള പ്രേരണ എന്ന കാര്യത്തിൽ പ്രതി കാര്യമായ വെളിപ്പെടുത്തൽ നടത്തിയിട്ടിയില്ലെന്നാണ് സൂചനകൾ വ്യക്തമാക്കുന്നത്. പക്ഷെ ഇന്ന് മണിക്കൂറുകൾ നീണ്ട പ്രോസിക്യൂഷൻ വാദത്തിൽ എന്തായിരുന്നു പ്രതിയുടെ ഇംഗിതം എന്ന കാര്യത്തിൽ വളരെ കൃത്യമായ വെളിപ്പെടുത്തലാണ് പുറത്തു വന്നിരിക്കുന്നത്.

വളരെ വൈകി 42 വയസിൽ വിവാഹിതനായ പ്രതിക്ക് 15 വയസോളം പ്രായം കുറഞ്ഞ ഭാര്യയെ സംശയം ഉണ്ടായതാണ് കൊലയിലേക്കു നയിച്ചതെന്ന് പ്രോസിക്യൂഷൻ വിലയിരുത്തി. ഭാര്യ അഞ്ജുവിന് ആരോ മെസേജുകൾ അയക്കുന്നുവെന്നും ഇമെയിൽ മുഖേനെയും അവിഹിത ബന്ധം ഉണ്ടെന്നും ഒക്കെയാണ് പ്രതി സമർത്ഥിക്കാൻ ശ്രമിച്ചത്. മാത്രമല്ല കൊല നടത്തിയ വേളയിൽ അഞ്ജുവിന്റെ നിസ്സഹായാവസ്ഥയോടെയുള്ള നിലവിളി പോലും പ്രതി ശബ്ദ സന്ദേശമായി റെക്കോർഡ് ചെയ്ത മാനസികാവസ്ഥയും കോടതി പരിഗണിച്ചതായി പറയപ്പെടുന്നു. ഈ വോയ്‌സ് റെക്കോർഡ് ഇന്ന് കോടതിയിൽ പ്രോസിക്യൂഷൻ വെളിപ്പെടുത്തിയതിൽ അമ്മയെ ഉപദ്രവിക്കുന്നത് തടയാൻ ശ്രമിക്കുന്ന മക്കളുടെ നിലവിളി പോലും വളരെ കൃത്യമാണ്. ആ ഘട്ടത്തിൽ മക്കളോട് അടങ്ങിയിരിക്കാൻ സജു ആക്രോശിക്കുന്നതും വോയ്‌സ് റെക്കോർഡിൽ ഉണ്ട്.

ഇതോടെ ആദ്യം സജു കൊലപ്പെടുത്തിയത് ഭാര്യയെ ആണെന്ന് വ്യക്തമാണ്. ഭാര്യയെ കൊന്ന ശേഷം മക്കളെ കൂടി കൊലപ്പെടുത്തിയ സാജു പിന്നീട് എന്ത് ചെയ്യണമെന്ന സ്ഥിതിയിൽ നിൽക്കവെയാണ് ബഹളം കേട്ട് ലഭിച്ച സന്ദേശത്തെ തുടർന്ന് പൊലീസ് എത്തുന്നതും പ്രതി കസ്റ്റഡിയിൽ ആകുന്നതും. എന്നാൽ ഭാര്യയിൽ പ്രതി അവിശ്വാസം പ്രകടിപ്പിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ അഞ്ജുവിന്റെ ഫോണിലെ ഫോറൻസിക് പരിശോധനയിൽ പ്രതി ആരോപിക്കും വിധമുള്ള ഒന്നും കണ്ടെത്താനായില്ലെന്നാണ് വ്യക്തമായിരിക്കുന്നത് ഇതോടെ ഒരു സൈക്കോ കില്ലറുടെ മാനസിക നിലയാണ് ഇപ്പോൾ പുറത്തു വരുന്നത്, മാത്രമല്ല ഭാര്യയിൽ അവിശ്വാസം രേഖപ്പെടുത്തുമ്പോൾ തന്നെ പ്രതി മൊബൈൽ ഫോണിൽ ലൈംഗിക വേഴ്ച ദൃശ്യമാകുന്ന വെബ്‌സൈറ്റുകൾ തുടർച്ചയായി സന്ദർശിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഈ സാഹചര്യത്തിൽ ഇപ്പോൾ ലഭിച്ച ശിക്ഷ പരോൾ കാലത്തിനു ശേഷം റിവ്യൂ ചെയ്തു പ്രതി സാമൂഹ്യ ജീവിതത്തിനു ദോഷം സൃഷ്ടിക്കില്ല എന്ന് കണ്ടെത്തിയാൽ മാത്രമേ 92 വയസിനു ശേഷവും ജയിലിനു പുറത്തിറങ്ങാനാകൂ. പ്രതിക്കു വേണ്ടി സർക്കാർ അഭിഭാഷകൻ എത്തിയെങ്കിലും വൃദ്ധയായ മാതാവ് ഒറ്റയ്ക്ക് ആയതും വീട്ടിലെ ചുമതലകൾ നിർവഹിച്ചിരുന്ന ഏക മകൻ എന്ന നിലയിൽ ഒട്ടേറെ ത്യാഗപൂർണമായ അനുഭവത്തിലൂടെ ജീവിച്ച വ്യക്തി എന്ന നിലയിൽ കുറഞ്ഞ ശിക്ഷ നൽകണം എന്ന് മാത്രമാണ് എതിർ വാദം ഉയർത്തിയത്.

എന്നാൽ ആ വാദം ശിക്ഷയിൽ ഒരിളവും വരുത്തിയില്ല എന്നാണ് ഇപ്പോൾ വ്യക്തമാകുന്നതും. കേസിന്റെ തുടക്കം മുതൽ ഇന്ന് വിധി വരും വരെ ലണ്ടനിൽ താമസിക്കുന്ന ജെപി എബ്രഹാം എന്ന നിയമ വിദഗ്ധനാണ് തർജ്ജമ സഹായി ആയി പ്രവർത്തിച്ചത്. അഞ്ജുവിന്റെ സഹപ്രവർത്തകൻ മനോജ് മാത്യു, കെറ്ററിങ് മലയാളി അസോസിയേഷൻ ഭാരവാഹി സോബിൻ എന്നിവരൊക്കെ ഇന്ന് വിധി കേൾക്കാൻ കോടതിയിൽ എത്തിയിരുന്നു.

ബ്രിട്ടനിൽ വധശിക്ഷ നടപ്പിൽ ഇല്ലാത്തതിനാൽ ആണ് ജീവിതകാലം മുഴുവൻ ജയിലിൽ കിടക്കും വിധം വിധി പ്രസ്താവം ഉണ്ടാകാറുള്ളതും. മകൾ അടക്കം ഉള്ള സ്ത്രീകളെ അകാരണമായി വീട്ടിലെ ഇരുട്ടറയിൽ 30 വർഷങ്ങളോളം തടവിൽ പാർപ്പിച്ചതിനു സഖാവ് ബാല എന്നറിയപ്പെട്ടിരുന്ന അരവിന്ദൻ ബാലകൃഷണൻ എന്ന മലയാളിയെ മുൻപ് 23 വർഷം തടവിന് ശിക്ഷിച്ചതാണ് ഏറ്റവും നീണ്ട കാലം യുകെയിൽ മലയാളി നേരിട്ട ജയിൽ ശിക്ഷ. എന്നാൽ നാല് വർഷത്തെ ജയിൽ വാസം പൂർത്തിയാക്കിയപ്പോഴേക്കും എഴുപതു പിന്നിട്ട അരവിന്ദൻ ബാലയെ തേടി മരണം എത്തുക ആയിരുന്നു. ഇപ്പോൾ ശിക്ഷിക്കപ്പെട്ട സജുവിന് 52 വയസു മാത്രമാണ് പ്രായം. ഇതനുസരിച്ചു 92 വയസു വരേയ്ക്കും സാജു ജയിലിൽ കഴിയേണ്ടി വരും.

ഇക്കഴിഞ്ഞ ഡിസംബറിലാണ് പ്രവാസ മലയാളി ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചു വൈക്കം സ്വദേശിനിയായ അഞ്ജുവിനെയും മക്കളായ ജീവയേയും ജാൻവിയെയും സാജു കൊലപ്പെടുത്തിയത്. നീണ്ട കാലം ഗൾഫിൽ ജീവിച്ച ശേഷം യുകെയിൽ എത്തി ഒരു വർഷം പൂർത്തിയാക്കുമ്പോഴേക്കും അരുംകൊല സംഭവിക്കുക ആയിരുന്നു. നാട്ടിൽ മുത്തച്ഛനെയും മുത്തശ്ശിയേയും ഒപ്പം കഴിഞ്ഞിരുന്ന കുട്ടികൾ മാസങ്ങൾ മാത്രമാണ് കൊലയ്ക്ക് മുൻപായി അമ്മയ്‌ക്കൊപ്പം ജീവിച്ചത്. നഴ്സ് ആയ അഞ്ജുവിന്റെയും മക്കളുടെയും കൊലപാതകം ബ്രിട്ടീഷ് ജനതയെയും ഏറെ വിഷമിപ്പിച്ച ദാരുണ സംഭവമായാണ് വിലയിരുത്തപ്പെടുന്നത്.