നാസിക്: മഹാരാഷ്ട്രയിൽ ഷിർദി സായിബാബ ഭക്തർ സഞ്ചരിച്ച ആഡംബര ബസ് ട്രക്കുമായി കൂട്ടിയിടിച്ച് പത്തു പേർ മരിച്ചു. അഞ്ചു പേർക്കു പരിക്കേറ്റു. നാസിക്കിൽ പതാർഡെയിലാണ് അപകടം. താനെ അംബർനാഥിൽനിന്ന് ഷിർദിയിലേക്കു പോവുകയായിരുന്നു ബസ്. രാവിലെ ഏഴോടെയാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തിൽ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ നടുക്കം പ്രകടിപ്പിച്ചു. മരിച്ചവരുടെ ബന്ധുക്കൾക്ക് അഞ്ചു ലക്ഷം രൂപ വീതം അടിയന്തര നഷ്ടപരിഹാരം നൽകുമെന്ന് അദ്ദേഹം അറിയിച്ചു. പരിക്കേറ്റവർക്കു സൗജന്യ ചികിത്സ നൽകും. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ മുഖ്യമന്ത്രി ഉത്തരവിട്ടു.