ദ്വാരക: കേരളത്തിന്റെ കടലിൽനിന്ന് അടുത്തിടെ പിടികൂടിയ മയക്കുമരുന്ന് 10 വർഷം നീണ്ട യു.പി.എ ഭരണകാലത്ത് ആകെ പിടികൂടിയ മയക്കുമരുന്നിനേക്കാൾ കൂടുതലാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 1200 കോടിയുടെ മയക്കുമരുന്നാണ് കേരളത്തിന്റെ കടലിൽ നിന്ന് പിടികൂടിയത്.

യു.പി.എ ഭരണകാലത്ത് ആകെ പിടികൂടിയത് 680 കോടിയുടേതു മാത്രമാണ്. തീര സുരക്ഷ മെച്ചപ്പെട്ടതിന് തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ ദേവഭൂമി ദ്വാരക ജില്ലയിലെ ഓഖയിൽ നാഷണൽ അക്കാദമി കോസ്റ്റൽ പൊലീസിങ് (എൻ.എ.സി.പി) സ്ഥിരം കാമ്പസിന്റെ തറക്കല്ലിടൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.

തീര സുരക്ഷയുടെ അഭാവമാണ് 26/11 മുംബെ ഭീകരാമണത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. മോദി അധികാരത്തിലെത്തിയശേഷം അതിർത്തിയോട് ചേർന്ന് താമസിക്കുന്നവരുൾപ്പെടെയുള്ള ഇന്ത്യക്കാർക്ക് കൂടുതൽ സുരക്ഷിതത്വം കൈവന്നതായും അദ്ദേഹം പറഞ്ഞു.