മൊറാദാബാദ്:ബോളിവുഡ് താരങ്ങൾക്ക് നേരെ വിവാദ പരാമർശങ്ങളുമായി യോഗാചാര്യൻ ബാബ രാംദേവ്.മയക്കുമരുന്ന് മാഫിയ രാജ്യത്ത് പിടിമുറുക്കിയെന്നും ചലച്ചിത്ര,രാഷ്ട്രീയ മേഖലകളിൽ എല്ലാം ലഹരിയുടെ സ്വാധീനം വർദ്ധിച്ചെന്നും ബാബ രാംദേവ് പറയുന്നു.

സൽമാൻ ഖാൻ ലഹരിമരുന്ന് ഉപയോഗിക്കുന്ന വ്യക്തിയാണെന്നുമാണ് മൊറാദാബാദിൽ ഒരു ചടങ്ങിൽ പങ്കെടുത്തുകൊണ്ട് ബാബാ രാം ദേവ് പറഞ്ഞത്.ലഹരിമരുന്ന് വിരുദ്ധ കാമ്പയിനുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങിലാണ് ബാബാ രാംദേവിന്റെ വിവാദപരാമർശം.ബോളിവുഡ് താരങ്ങളിൽ പ്രമുഖരായ പലരും ലഹരിമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നാണ് രാംദേവ് ആരോപിക്കുന്നത്.

രാം ദേവിന്റെ വാക്കുകൾ ഇങ്ങനെ,'സൽമാൻ ഖാൻ ലഹരിമരുന്ന് ഉപയോഗിക്കും. ആമീർ ഖാന്റെ കാര്യം എനിക്കറിയില്ല. ഷാരൂഖ് ഖാന്റെ മകൻ ലഹരിമരുന്ന് കേസിൽ ജയിലിലായി. നടിമാരിൽ ആരൊക്കെ ഉപയോഗിക്കുന്നുണ്ടെന്ന് ദൈവത്തിനറിയാം.''സിനിമയിലും രാഷ്ട്രീയത്തിലും മയക്കുമരുന്ന് ഉപയോഗിക്കുന്നവരുണ്ട്. തിരഞ്ഞെടുപ്പിന് മദ്യം വിളമ്പുന്നു. ഇതെല്ലാം തടഞ്ഞെങ്കിൽ മാത്രമേ രാജ്യത്തെ ലഹരിയിൽനിന്ന് മോചിപ്പിക്കാനാകൂ'.

ഇന്ത്യ മയക്കുമരുന്നിൽ നിന്ന് മുക്തമാക്കുന്നതിന് എല്ലാവരും പ്രതിജ്ഞയെടുക്കണമെന്നും അതിനായി ഒരു പ്രസ്ഥാനം തന്നെ ആരംഭിക്കണമെന്നും ബാബ രാംദേവ് കൂട്ടിച്ചേർത്തു.പ്രസംഗത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ബാബാ രാംദേവിനെതിരേ കടുത്ത വിമർശനമാണ് ഉയരുന്നത്. യാതൊരു തെളിവുമില്ലാതെ സൽമാൻ ഖാനെതിരേയും മറ്റു താരങ്ങൾക്കെതിരേയും അസംബന്ധം പറഞ്ഞതിന് മാപ്പ് പറയണമെന്നുമാണ് ആവശ്യം.