പട്‌ന: അപകടത്തിൽ മരിച്ചയാളുടെ മൃതദേഹം പാലത്തിൽ നിന്ന് കനാലിലേക്ക് തള്ളി ബീഹാർ പൊലീസ്. ധോധി പാലത്തിൽ നിന്നാണ് 3 പൊലീസുകാർ ചേർന്ന് മൃതദേഹം കനാലിലേക്ക് ഇട്ടത്. ബിഹാറിലെ മുസഫർപൂരിലെ ഫാകുലി ഒ.പി ഏരിയയിലാണ് സംഭവം. വാഹനാപകടത്തിൽ മരിച്ചയാളുടെ മൃതദേഹമാണ് 2 പൊലീസുകാർ ചേർന്ന് വലിച്ചിഴച്ച് മൂന്നാമതൊരാളുടെ സഹായത്തോടെ കനാലിലേക്ക് വലിച്ചറിഞ്ഞത്.

നാട്ടുകാർ നോക്കിനിൽക്കുമ്പോളാണ് പൊലീസ് ഈ ക്രൂരകൃത്യം ചെയ്തത്. സംഭവം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് പൊലീസിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. വീഡിയോ വൈറലായതോടെ വലിച്ചെറിഞ്ഞ ഭാഗങ്ങൾ കനാലിൽ നിന്ന് പൊലീസ് വീണ്ടെടുക്കുകയും പോസ്റ്റ്‌മോർട്ടത്തിന് അയക്കുകയും ചെയ്തു.

'ഞായറാഴ്ച രാവിലെയാണ് വൃദ്ധൻ അപകടത്തിൽപ്പെട്ട് മരിച്ചത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് മരിച്ചയാളുടെ മൃതദേഹം ശ്രീകൃഷ്ണ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു' മുസഫർപൂർ പൊലീസിന്റെ പ്രസ്താവനയിൽ പറയുന്നു.

വീഡിയോ പ്രചരിച്ചതിന് പിന്നാലെ പൊലീസിനെതിരെ രൂക്ഷവിമർശനമുയർന്നു. മനുഷ്യത്വ രഹിതമായ നടപടിയാണ് പൊലീസുകാരുടെ ഭാഗത്തുനിന്നുണ്ടായതെന്നും മാന്യമായ ശവസംസ്‌കാരം എല്ലാവരുടെയും അവകാശമാണെന്നും പലരും അഭിപ്രായപ്പെട്ടു.