ന്യൂഡൽഹി: പശുക്കടത്ത് ആരോപിച്ച് ബി.എസ്.എഫ് രണ്ട് പേരെ വെടിവെച്ചുകൊന്നു. ബംഗ്ലാദേശിൽ നിന്നുള്ളവർ കൊല്ലപ്പെട്ടതായാണ് സൂചന. പശ്ചിമ ബംഗാളിലെ കൂച്ച്ബിഹാറിലാണ് സംഭവം. പശുക്കളുടെ തലയുമായാണ് ഇവരെത്തിയത്. ഇതുസംബന്ധിച്ച് നിരവധി തവണ മുന്നറിയിപ്പ് നൽകിയിരുന്നു.

നവംബർ ഒമ്പതാം തീയതിയാണ് സംഭവമുണ്ടായതെന്ന് ബി.എസ്.എഫ് വിശദീകരിക്കുന്നു. അന്താരാഷ്ട്ര അതിർത്തിയിലൂടെ പശുക്കളുടെ തലയുമായി 15 അംഗ സംഘം എത്തുകയായിരുന്നു. ഇവർക്ക് മുന്നറിയിപ്പ് നൽകിയെങ്കിലും അവഗണിക്കുകയായിരുന്നുവെന്ന് ബി.എസ്.എഫ് വിശദീകരിച്ചു.

പിന്നീട് ഹൈബീം ടോർച്ച് ബി.എസ്.എഫിന് നേരെ ഉപയോഗിക്കുയും കല്ലെറിയുകയും ചെയ്തു. സ്വയരക്ഷക്ക് മറ്റൊരു വഴിയുമില്ലാതായതോടെ ഇവർക്ക് നേരെ നിറയൊഴിക്കുകയായിരുന്നുവെന്ന് ബി.എസ്.എഫ് വിശദീകരിക്കുന്നു.