ന്യൂഡൽഹി: കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ അഴിമതി പരാതികൾ ലഭിച്ചത് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്കെതിരെയാണെന്ന് കേന്ദ്ര വിജിലൻസ് കമീഷൻ (സിവിസി). അതിനുശേഷം, റെയിൽവേ, ബാങ്ക് ഉദ്യോഗസ്ഥരാണ് അഴിമതി പരാതി നേരിടുന്നത്. സിവിസിയുടെ വാർഷിക റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്.

2022ൽ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്കെതിരെ ലഭിച്ചത് 1,15,203 പരാതിയാണ്. ഇതിൽ 85,437 എണ്ണം തീർപ്പാക്കിയതായും 29,766 പരാതി തീർപ്പാക്കാനുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനെതിരെ 46,643 പരാതിയും റെയിൽവേക്കെതിരെ 10,580 പരാതിയും ബാങ്കുകൾക്കെതിരെ 8129 പരാതിയുമാണ് ലഭിച്ചത്. തലസ്ഥാനമായ ഡൽഹിയിലെ സർക്കാർ ഉദ്യോഗസ്ഥർക്കെതിരെമാത്രം 7370 പരാതി ലഭിച്ചു. ഇതിൽ 6604 എണ്ണം തീർപ്പാക്കിയെന്നും സിവിസി റിപ്പോർട്ടിൽ പറയുന്നു. വിജിലൻസ് ഉദ്യോഗസ്ഥർക്ക് പരാതികൾ പരിശോധിക്കാൻ മൂന്നുമാസത്തെ സമയമാണ് കേന്ദ്ര വിജിലൻസ് കമീഷൻ നൽകിയിരിക്കുന്നത്.