ഹൈദരാബാദ്: തെലങ്കാനയിൽ ഇലക്ട്രിക് സ്‌കൂട്ടർ പൊട്ടിത്തെറിച്ച് അപകടമുണ്ടായതിനെത്തുടർന്ന് ഉപഭോക്താവിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടു. കമ്മീഷൻ പ്രസിഡന്റ് ഗജ്ജല വെങ്കിടേശ്വരലുവും അംഗം മാക്കം വിജയ് കുമാറും ആണ് ഇത് സംബന്ധിച്ച ഹർജി പരിശോധിച്ചത്. ഇലക്ട്രിക് സ്‌കൂട്ടർ നിർമ്മാതാക്കളായ ബെൻലിംഗാണ് തുക നൽകേണ്ടത്.

പൊട്ടിത്തെറിച്ചതിന്റെ കാരണങ്ങൾ മനസിലാക്കേണ്ടത് നിർമ്മാതാവിന്റെ ഉത്തരവാദിത്തമാണ്. മനസിലാക്കിയാൽ മാത്രം പോര പരാതിക്കാർക്ക് നേരിടേണ്ടി വന്ന നാശനഷ്ടങ്ങൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കേണ്ടതും കടമയാണെന്നും എന്നാൽ ഇക്കാര്യത്തിലൊന്നും നിർമ്മാതാക്കൾ മെനക്കെടുന്നില്ലെന്നുമാണ് കോടതി പരാമർശം.

ബെൻലിങ്ങിൽ നിന്ന് 2021 ഏപ്രിലിൽ വാങ്ങിയ ഇലക്ട്രിക് സ്‌കൂട്ടർ 2023 ഫെബ്രുവരിയിൽ പൊട്ടിത്തെറിച്ചെന്നാണ് പരാതിയിൽ പറയുന്നത്. 13.5 ലക്ഷം രൂപ നഷ്ടപരിഹാരവും 40,000 രൂപ വ്യവഹാരച്ചെലവും നൽകണമെന്നായിരുന്നു പരാതിക്കാർ ആവശ്യപ്പെട്ടത്. നഷ്ടപ്പെട്ടതിന് പകരമായി ഒരു സ്‌കൂട്ടർ നൽകാൻ കഴിഞ്ഞില്ലെങ്കിൽ തുല്യമായ വില നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.

പരാതികൾ നൽകിയിട്ടും വാഹന നിർമ്മാതാക്കളോ വാഹന ഡീലറോ മറുപടി നൽകാത്തതിനെത്തുടർന്നാണ് കോടതിയെ സമീപിച്ചതെന്ന് പരാതിക്കാർ കമ്മീഷനെ അറിയിച്ചത്. വാഹന നിർമ്മാതാക്കൾക്കും ഡീലർമാർക്കും കമ്മീഷൻ നോട്ടീസ് അയച്ചെങ്കിലും ഹാജരായില്ല. തുടർന്നാണ് എക്സ്പാർട്ടി ഉത്തരവ് പുറപ്പെടുവിച്ചത്. നാശനഷ്ടങ്ങൾക്ക് 10 ലക്ഷം രൂപയും വ്യവഹാര ചെലവുകൾക്കായി 10,000 രൂപയും നൽകാനുമാണ് കമ്മീഷൻ നിർദ്ദേശം.