ന്യൂഡൽഹി:സാമൂഹിക മാധ്യമ കമ്പനികൾക്കുമേൽ നിയന്ത്രണം കടുപ്പിക്കാൻ ഐ.ടി നിയമത്തിൽ ഭേദഗതികളുമായി കേന്ദ്രസർക്കാർ.നവമാധ്യമങ്ങളുടെ ഉപയോഗം സംബന്ധിച്ച പരാതികൾ തീർപ്പാക്കുന്നതിലെ അധികാര മാറ്റത്തിലൂടെയാണ് ഐ.ടി മേഖലയിലെ ഇടപെടലുകളിൽ സർക്കാർ പിടിമുറുക്കാനൊരുങ്ങുന്നത്.ഫേസ്‌ബുക്ക്, ട്വിറ്റർ പോലെയുള്ള സോഷ്യൽ മീഡിയാ സേവനങ്ങൾക്കെതിരായ പരാതികൾ അതാത് കമ്പനികൾ തന്നെ പരിഹരിക്കുന്ന രീതിയാണ് ഇതുവരെ പിന്തുടർന്നുവന്നിരുന്നത്.ഇതിനാണ് 2021 ലെ ഐ.ടി നിയമത്തിൽ ഭേദഗതി വരുത്തിക്കൊണ്ട് മാറ്റമുണ്ടാകുക.

2021 ഫെബ്രുവരിയിൽ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഒരു പരാതി പരിഹാര ഓഫീസറെ നിയമിക്കണമെന്ന് സർക്കാർ നിർദ്ദേശിച്ചിരുന്നു. സോഷ്യൽ മീഡിയയിലെ ഉള്ളടക്കത്തിനോ,മറ്റൊരു ഉപഭോക്താവിനോ എതിരായ പരാതികൾ ഉപഭോക്താക്കൾക്ക് ഈ ഉദ്യോഗസ്ഥനെ അറിയിക്കാമെന്നതായിരുന്നു നിയമം.എന്നാൽ നിലവിലെ ഭേദഗതി പ്രകാരം ഉപയോക്താക്കളുടെ പരാതിയിൽ സാമൂഹികമാധ്യമങ്ങളുടെ പരാതിപരിഹാര സംവിധാനം എടുക്കുന്ന തീരുമാനത്തിനെതിരേ അപ്പീൽനൽകാൻ ഉപയോക്താവിന് കഴിയും.കമ്പനിയുടെ പരാതി പരിഹാര ഉദ്യോഗസ്ഥരുടെ തീരുമാനങ്ങളിൽ അതൃപ്തിയുണ്ടെങ്കിൽ നേരിട്ട് കോടതിയെ സമീപിക്കുന്നതിന് പകരം ഇനി മുതൽ ഉപഭോക്താക്കൾക്ക് ഇതിനായുള്ള ഗ്രിവൻസ് അപ്പല്ലറ്റ് കമ്മറ്റിയെ സമീപിക്കാം.അപ്പലേറ്റ് സംവിധാനം നിലവിൽവന്നാലും പരാതിക്കാരന് ഏതുസമയവും കോടതിയെ സമീപിക്കാമെന്നും ഭേദഗതിയിൽ നിർദ്ദേശിക്കുന്നു.

വിജ്ഞാപനം പുറത്തിറങ്ങി മൂന്നു മാസത്തിനുള്ളിൽ (2023 ജനുവരിയോടെ) പരാതിപരിഹാര അപ്പലേറ്റ് കമ്മിറ്റി (ജി.എ.സി.) രൂപവത്കരിക്കും. സാമൂഹികമാധ്യമങ്ങളുടെ പരാതിപരിഹാര ഉദ്യോഗസ്ഥന്റെ തീരുമാനത്തിൽ അതൃപ്തിയുള്ള പരാതിക്കാർക്ക്, ഉദ്യോഗസ്ഥന്റെ തീരുമാനം വന്ന് 30 ദിവസത്തികം അപ്പലേറ്റ് കമ്മിറ്റിയെ സമീപിക്കാം.ഇത് അടുത്ത 30 ദിവസത്തിനകം തീർപ്പാക്കാൻ സമിതി ശ്രമിക്കണം.നടപടിക്രമങ്ങൾ ഡിജിറ്റൽ മാർഗത്തിലാകും.ഇതിനായി പ്രത്യേക വെബ്സൈറ്റ് രൂപവത്കരിക്കും.

സമിതിയുടെ ഉത്തരവുകൾ നടപ്പാക്കിയശേഷം സാമൂഹികമാധ്യമങ്ങൾ അവരുടെ വെബ്സൈറ്റിൽ വിവരങ്ങൾ പ്രസിദ്ധീകരിക്കണം.ഫേസ്‌ബുക്ക്, ട്വിറ്റർ ഉൾപ്പടെയുള്ള സോഷ്യൽ മീഡിയാ സേവനങ്ങളുടെ ഉള്ളടക്കങ്ങൾ നിയന്ത്രിക്കുന്ന രീതികൾ (കണ്ടന്റ് മോഡറേഷൻ) തീരുമാനങ്ങൾ പുനഃപരിശോധിക്കാൻ ഈ സമിതിക്ക് അധികാരമുണ്ടാവുമെന്നും വിജ്ഞാപനത്തിൽ പറയുന്നു.ഒരു അധ്യക്ഷനും രണ്ട് മുഴുവൻസമയ അംഗങ്ങളും അടങ്ങുന്നതാവും അപ്പലേറ്റ് കമ്മിറ്റി.ഇതിൽ ഒരാളെ സർക്കാർ നാമനിർദ്ദേശം ചെയ്യും.മറ്റ് രണ്ടുപേർ സ്വതന്ത്ര അംഗങ്ങളായിരിക്കും.സമിതി സംബന്ധിച്ച മറ്റ് വിശദാംശങ്ങൾ രണ്ടാഴ്ചയ്ക്കകം ഐ.ടി. മന്ത്രാലയം അറിയിക്കും.

രാജ്യത്തെ 80 കോടിയിലേറെ ജനങ്ങൾ ഉപയോഗിക്കുന്ന ഇന്റർനെറ്റിന്റെ സുരക്ഷിതത്വവും വിശ്വാസ്യതയും കാത്തുസൂക്ഷിക്കുന്നതിനാണ് ഈ ഭേദഗതി നടപ്പാക്കുന്നതെന്ന് കേന്ദ്ര ഐ.ടി. സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ശനിയാഴ്ച പത്രസമ്മേളനത്തിൽ പറഞ്ഞു.ഉപയോക്താക്കളുടെ പരാതികൾ സമയബന്ധിതമായി പരിഹരിക്കാൻ സാമൂഹിക മാധ്യമങ്ങൾ, ഫിൻടെക്, ഇ-കൊമേഴ്സ് ഉൾപ്പെടെയുള്ള ഇന്റർമീഡിയറികൾ ബാധ്യസ്ഥരാണെന്നും മന്ത്രി വ്യക്തമാക്കി.

സോഷ്യൽ മീഡിയാ സേവനങ്ങളുടെ പ്രൈവസി പോളിസിയും ഉപഭോക്താക്കളുമായുള്ള കരാർ വ്യവസ്ഥകളും എട്ട് ഇന്ത്യൻ ഭാഷകളിൽ ലഭ്യമാക്കും.ഉള്ളടക്കം നീക്കംചെയ്യണമെന്ന് ആവശ്യപ്പെട്ട് ലഭിക്കുന്ന പരാതികളിൽ സാമൂഹിക മാധ്യമങ്ങൾ ഉൾപ്പെടെയുള്ള ഇന്റർമീഡിയറികൾ 72 മണിക്കൂറിനുള്ളിൽ നടപടിയെടുക്കണം.വിദ്വേഷംവളർത്തൽ, അശ്ലീലം, ആൾമാറാട്ടം, വ്യാജവാർത്ത, രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയങ്ങൾ എന്നിവയെപ്പറ്റി പരാതിലഭിച്ചാൽ 72 മണിക്കൂറിനകം നടപടിയെടുക്കണമെന്ന് ഭേദഗതിയിൽ വ്യവസ്ഥചെയ്യുന്നു. ഇത്തരം ഉള്ളടക്കങ്ങൾ തങ്ങളുടെ പ്ലാറ്റ്ഫോമിൽ പ്രചരിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് കമ്പനികളുടെ ഉത്തരവാദിത്വമാക്കുന്നതിനുള്ള വ്യവസ്ഥയും കഴിഞ്ഞദിവസം പ്രാബല്യത്തിൽവന്ന കേന്ദ്ര ഐ.ടി. ചട്ടഭേദഗതിയിലുണ്ട്.