അഹ്മദാബാദ്: 2016ൽ റോഡ് ഉപരോധിച്ച കേസിൽ ഗുജറാത്തിലെ എംഎ‍ൽഎ ജിഗ്‌നേഷ് മേവാനിക്ക് ആറ് മാസം തടവ് ശിക്ഷ. അഹമ്മദാബാദിലെ മോട്രോ പൊളിറ്റൻ കോടതിയാണ് ശിക്ഷ വിധിച്ചത്. അംബേദ്കറുടെ പേരിൽ ഒരു കെട്ടിടം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സംഘടിപ്പിച്ച റാലിയെ തുടർന്നായിരുന്നു കേസ്.

കലാപം സൃഷ്ടിക്കൽ, നിയമവിരുദ്ധമായി സംഘം ചേരൽ തുടങ്ങിയ കുറ്റങ്ങളാണ് മേവാനിക്കും കൂടെയുണ്ടായിരുന്നവർക്കും എതിരെ ചുമത്തിയത്. അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് പി എൻ ഗോസ്വാമിയാണ് വിധി പ്രസ്താവിച്ചത്. ആറു മാസം തടവും 700 രൂപ പിഴയുമാണ് കോടതി വിധിച്ചത്. വിധിയെ ചോദ്യംചെയ്യാൻ പ്രതികളെ അനുവദിച്ചുകൊണ്ട് ഉത്തരവ് കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു. രാകേഷ് മഹേരിയ, സുബോധ് പർമർ, ദീക്ഷിത് പർമർ എന്നിവർക്കാണ് മേവാനിക്കൊപ്പം കോടതി ശിക്ഷ വിധിച്ചത്.

വദ്ഗാമിൽ നിന്നുള്ള സ്വതന്ത്ര എംഎ‍ൽഎയാണ് മേവാനി. 'ഗുജറാത്ത് സർക്കാർ എല്ലാ ബലാത്സംഗികളെയും ജയിലിൽ നിന്ന് മോചിപ്പിച്ചു. അവരെ ഹാരമണിയിച്ചു. അവരുടെ സ്വഭാവം വളരെ മികച്ചതാണെന്ന് പറഞ്ഞു. ഗുജറാത്ത് ബിജെപി അധ്യക്ഷൻ സി ആർ പാട്ടീലിനെതിരെ 108 കേസുകൾ ഉണ്ട്. എന്നാൽ ഒരു കേസിലും അദ്ദേഹം ശിക്ഷിക്കപ്പെട്ടില്ല. ബാബാ സാഹിബ് അംബേദ്കറുടെ പേരിൽ ഒരു കെട്ടിടം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് റാലി നടത്തിയതിന് ആറ് മാസത്തെ തടവിന് ശിക്ഷിക്കപ്പെട്ടു. വിധിയെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു'-എന്നായിരുന്നു മേവാനിയുടെ പ്രതികരണം.