ഭോപ്പാൽ:ഗാനരംഗത്തിലെ വസ്ത്രധാരണത്തിന്റെ പേരിൽ ഷാരൂഖ് ഖാൻ ചിത്രമായ പത്താനെതിരെയുള്ള പ്രതിഷേധങ്ങളും വിവാദങ്ങളും ശക്തമായി തന്നെ തുടരുകയാണ്.ഇതിനോടകം തന്നെ ചിത്രത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ ബഹിഷ്‌കരണാഹ്വാനവും വന്നുകഴിഞ്ഞു.ചിത്രത്തിലെ 'ബേഷാരം രംഗ്' എന്ന ഗാനം പുറത്ത് വന്നതിന് പിന്നാലെയാണ് സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തുവന്നിരിക്കുന്നത്.പാട്ടിലൂടെ കാവി നിറത്തെ അപമാനിച്ചുവെന്നാണ് ആരോപണം.

പത്താനെതിരെ ആരോപണങ്ങൾ പുറത്തുവന്നതിന് പിന്നാലെ രൂക്ഷവിമർശനവുമായി മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്രയാണ് ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്.ചിത്രത്തിലെ ഗാനത്തിൽ കാവി നിറത്തിലുള്ള വസ്ത്രങ്ങൾ ഉപയോഗിച്ചത് തന്നെ ചൊടിപ്പിച്ചെന്നും ചിത്രത്തിൽ ആക്ഷേപകരമായ രംഗങ്ങളുണ്ടെന്നും ഇവയുടെ ചിത്രീകരണം വളരെ തെറ്റായിപ്പോയെന്നുമാണ് മന്ത്രിയുടെ വിമർശനം.

വസ്ത്രങ്ങളും രംഗങ്ങളും തിരുത്തണമെന്നും അല്ലാത്തപക്ഷം പത്താൻ മധ്യപ്രദേശിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ ആക്ഷേപകരമായ രംഗങ്ങൾ ഇല്ലാതാക്കിയാൽ പരിഗണക്കുമെന്നും പറഞ്ഞു.

'ബെഷറാം രംഗ്' എന്ന് തുടങ്ങുന്ന ഗാനത്തിലെ ദീപിക പദുകോണിന്റെ വസ്ത്രധാരണവും അതിന്റെ നിറവുമാണ് വിവാദങ്ങൾക്ക് കാരണം. ഗാനരംഗത്തിൽ കാവി നിറത്തിലുള്ള വസ്ത്രം ധരിച്ച് നടി എത്തുന്നുണ്ട്. ഈ രംഗത്തോടൊപ്പം ബെഷറാം രംഗ്( ലജ്ജയില്ലാത്ത നിറം) എന്ന വരികളും ചേർത്തതാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്.പാട്ട് യൂട്യൂബിലെ വ്യൂവർഷിപ്പിൽ ആദ്യസ്ഥാനത്ത് ഇടംപിടിച്ചിട്ടുണ്ടെങ്കിലും ഗാനത്തിനെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്.