അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള താരപ്രചാരകരുടെ പട്ടിക പുറത്തുവിട്ട് കോൺഗ്രസ് നേതൃത്വം. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മുഖ്യമന്ത്രി അശോക് ഗെലോട്ട്, രമേശ് ചെന്നിത്തല തുടങ്ങിയവർ താരപ്രചാരകരായി ഇടംപിടിച്ചു. ആനന്ദ് ശർമ, ശശി തരൂർ, മനീഷ് തിവാരി, രൺദീപ് സിങ് സുർജേവാല എന്നിവരുൾപ്പെടെ പാർട്ടിയിലെ മുതിർന്ന നേതാക്കളെ ഒഴിവാക്കിയാണ് താരപ്രചാരകരുടെ പട്ടിക പുറത്തുവിട്ടിരിക്കുന്നത്.

പാർട്ടിയിൽ മാറ്റങ്ങൾ അനിവാര്യമാണെന്ന് ആവശ്യപ്പെട്ടുകൊണ്ട് സോണിയ ഗാന്ധിക്ക് കത്തയച്ച ജി 23 ഗ്രൂപ്പിന്റെ ഭാഗമായിരുന്നു ആനന്ദ് ശർമ്മയും ശശി തരൂരും മനീഷ് തിവാരിയും. അടുത്തിടെ നടന്ന അദ്ധ്യക്ഷ തെരഞ്ഞെടുപ്പിലും തരൂർ ഖാർഗെക്കെതിരെ മത്സരിച്ച് പരാജയപ്പെട്ടിരുന്നു.

പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, സച്ചിൻ പൈലറ്റ്, ഛത്തീസ്‌ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ എന്നിവരും രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ പാർട്ടിക്ക് വേണ്ടി പ്രചാരണ ചുമതല ഏൽപ്പിച്ച മറ്റ് നേതാക്കളിൽ ഉൾപ്പെടുന്നു.

ഇതു കൂടാതെ കഴിഞ്ഞ കുറച്ച് വർഷങ്ങൾ കൊണ്ട് നരേന്ദ്ര മോദി സർക്കാരിനെതിരായ കടുത്ത വിമർശനങ്ങളിലൂടെ പ്രശസ്തിയിലേക്ക് ഉയർന്ന ജിഗ്‌നേഷ് മേവാനിയും കനയ്യ കുമാറും സ്റ്റാർ പ്രചാരകരുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.

182 സീറ്റുകളിലേക്കാണ് ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബർ ഒന്ന്, അഞ്ച് തിയ്യതികളിൽ രണ്ട് ഘട്ടങ്ങളിലായാകും വോട്ടെടുപ്പ്. ഡിസംബർ എട്ടിനാണ് വോട്ടെണ്ണൽ. 2017 തെരഞ്ഞെടുപ്പിൽ ബിജെപി സീറ്റുകൾ 99 ആയി കുറഞ്ഞിരുന്നു. 77 സീറ്റുകളായിരുന്നു മുഖ്യപ്രതിപക്ഷമായ കോൺഗ്രസിന് ഗുജറാത്ത് നിയമസഭയിലുള്ളത്.