ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിൽ ആദ്യ ബില്ലായാണ് വനിതാ സംവരണ ബിൽ അവതരിപ്പിച്ചത്. 128ാം ഭരണഘടനാ ഭേദഗതിയായാണ് കേന്ദ്ര നിയമമന്ത്രി അർജുൻ രാം മേഘ്വാൾ ലോക്‌സഭയിൽ ബിൽ അവതരിപ്പിച്ചത്. ഇപ്പോൾ ബില്ലിനെ അനുകൂലിച്ച് പ്രതികരിച്ചിരിക്കുകയാണ് ബോളിവുഡ് നടിമാരായ കങ്കണ റണൗട്ടും ഇഷാ ഗുപ്തയും.

അദ്ഭുതകരമായ ആശയം എന്നാണ് കങ്കണ റണൗട്ട് വനിതാ ബില്ലിനെ വിശേഷിപ്പിച്ചത്. ഇതിനെല്ലാത്തിനും കാരണം ബഹുമാനപ്പെട്ട പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ സർക്കാരും സ്ത്രീകളുടെ ഉന്നമനത്തിനായുള്ള അദ്ദേഹത്തിന്റെ ചിന്താശക്തിയുമാണെന്നും അവർ മാധ്യമങ്ങളോട് പ്രതികരിച്ചു. നടി ഇഷാ ഗുപ്തയും ബില്ലിനെ പിന്തുണച്ച് രംഗത്തെത്തി.

പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയതത് മനോഹരമായ ഒരു കാര്യമാണെന്നും ഇതിലൂടെ സ്ത്രീകൾക്കും തുല്യ അധികാരം ലഭിക്കുമെന്നും ഇഷ ഗുപത പറയുന്നു. രാജ്യത്തിന്റെ മുന്നേറ്റത്തിനുള്ള വലിയ ചുവടാണിത്. പ്രധാമന്ത്രി വാക്ക് നൽകിയത് പാലിച്ചുവെന്നും ഇഷ കൂട്ടിച്ചേർത്തു.

നിയമനിർമ്മാണ സഭകളിലേക്കുള്ള തിരഞ്ഞെടുപ്പുകളിൽ മൂന്നിലൊന്ന് സീറ്റിൽ സ്ത്രീകൾക്ക് സംവരണം ഉറപ്പാക്കുന്നതാണ് വനിതാ സംവരണബിൽ. അതുവഴി ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഉറപ്പാകും. ബിൽ പ്രകാരം പട്ടിക ജാതി-വർഗ സംവരണ സീറ്റുകളിലും മൂന്നിലൊന്ന് സീറ്റ് ആ വിഭാഗങ്ങളിൽനിന്നുള്ള സ്ത്രീകൾക്കായി മാറ്റിവെക്കണം. ഈ സംവരണ സീറ്റുകൾ ചാക്രിക ക്രമത്തിൽ മാറും.

യു.പി.എ. ഭരണകാലത്ത് 2008-ൽ കൊണ്ടുവന്ന ബിൽ 2010-ൽ രാജ്യസഭ പാസാക്കിയിരുന്നു. പിന്നീട് പത്തുവർഷത്തിലേറെയായിട്ടും ബിൽ ലോക്‌സഭയിൽ വന്നില്ല. ഭരണഘടനയുടെ 108-ാം ഭേദഗതി ബിൽ എന്നറിയപ്പെടുന്ന ഈ ബിൽ 2008-ലാണ് തയ്യാറാക്കിയതെങ്കിലും 2010-ലാണ് രാജ്യസഭ പാസാക്കിയത്. ബിൽ നിയമമാകുന്നതോടെ ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിൽ സുപ്രധാന നാഴികകല്ലായി മാറും. എന്നാൽ 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വനിതാ സംവരണം നടപ്പിലാകില്ല.