ജയ്പുർ: രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ വിമത സ്വരമുടർത്തി ഒരുവിഭാഗം നേതാക്കൾ. പാർട്ടി തഴഞ്ഞ പ്രമുഖ നേതാക്കൾ, നവംബർ 25നു നടക്കുന്ന തിരഞ്ഞെടുപ്പിൽ സ്വതന്ത്രരായോ മറ്റേതെങ്കിലും പാർട്ടിയുടെ ഭാഗമായോ മത്സരിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതായാണ് വിവരം. മുൻ മുഖ്യമന്ത്രി വസുന്ധര രാജെയ്‌ക്കൊപ്പമുള്ള നേതാക്കളാണ് പാർട്ടി തീരുമാനത്തിനെതിരെ കലാപത്തിന് ഒരുങ്ങുന്നത്.

രാജ്പാൽ സിങ് (ഝോട്വാര മണ്ഡലം), വികാസ് ചൗധരി (കിഷൻ ഘട്ട്), രാജേന്ദ്ര ഗുർജാർ (ദേവലി ഉനിയാര), അനിത ഗുർജാർ (നഗർ) എന്നിവരാണ് തങ്ങളുടെ മണ്ഡലങ്ങളിൽ പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർത്ഥികൾക്കെതിരെ മത്സരിക്കാൻ തയ്യാറെടുക്കുന്ന പ്രമുഖർ. വിവിധയിടങ്ങളിൽ ബിജെപി ഓഫീസുകൾക്കു മുന്നിൽ പ്രതിഷേധവുമായി പാർട്ടി പ്രവർത്തകർ കൂടി എത്തിയതോടെ കേന്ദ്രനേതൃത്വം വെട്ടിലായിരിക്കുകയാണ്.

നേരത്തെ, തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകമാണ് ബിജെപി 41 പേരുടെ പ്രാഥമിക പട്ടിക പുറത്തുവിട്ടത്. സിറ്റിങ് എംഎൽഎമാരെയുൾപ്പെടെ അവഗണിച്ചാണ് പാർട്ടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. മുന്മുഖ്യമന്ത്രി വസുന്ധര രാജെയേയും പാർട്ടി ആദ്യ ഘട്ടത്തിൽ പരിഗണിച്ചിട്ടില്ല. അതേസമയം രാജ്യവർധൻ റാത്തോഡ് ഉൾപ്പെടെ 7 എംപിമാരെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പാർട്ടിയിൽ ഒരുവിഭാഗത്തെ മാറ്റിനിർത്താനുള്ള ശ്രമമാണിതെന്ന് ആരോപിച്ച് നിരവധിപ്പേർ രംഗത്തുവന്നതിനു പിന്നാലെയാണ് പുതിയ സംഭവവികാസങ്ങളുണ്ടായിരിക്കുന്നത്.

ദിയാകുമാരി (വിദ്യാധർ നഗർ), ഭഗിരത് ചൗധരി (കിഷൻഘട്ട്), കിരോടിലാൽ മീണ (സവായ് മധോപുർ), ദേവ്ജി പട്ടേൽ (സാഞ്ചോർ), നരേന്ദ്രകുമാർ (മണ്ഡാവ), രാജ്യവർധൻ റാത്തോഡ് (ഝോട്വ), ബാബ കലാക്‌നാഥ് (തിജാര) എന്നീ എംപിമാരെയാണ് നിലവിൽ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ചിട്ടുള്ളത്. ജെ.പി. നഡ്ഡയുടെ നേതൃത്വത്തിലുള്ള ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പു സമിതി ഒക്ടോബർ 1നു തന്നെ പട്ടിക അംഗീകരിച്ചിരുന്നു.

രാജസ്ഥാനിൽ ഒക്ടോബർ 30ന് തിരഞ്ഞെടുപ്പിന്റെ ഗസറ്റ് വിജ്ഞാപനം പ്രസിദ്ധീകരിക്കും. നവംബർ 6 വരെ നാമനിർദേശപത്രിക സമർപ്പിക്കാം. നവംബർ 7ന് സൂക്ഷ്മപരിശോധന നടത്തും. സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ നവംബർ 9 വരെ സമയം നൽകും. 5.25 കോടി വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. 2.73 കോടി പുരുഷന്മാരും 2.52 കോടി സ്ത്രീകളും. ഇതിൽ 22.04 ലക്ഷം പേർ പുതിയ വോട്ടർമാരാണ്. ഡിസംബർ മൂന്നിനാണു വോട്ടെണ്ണൽ.