ജയ്പൂർ:തകർന്നടിഞ്ഞ ഗുജറാത്തിലേയും തിരിച്ചെടുത്ത ഹിമാചലിലേയും തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ കൂൾ മൂഡിലുള്ള കോൺഗ്രസ് നേതാക്കളുടെ ചിത്രങ്ങൾ വൈറലാവുന്നു.രാജസ്ഥാനിലെ രൻധാമോർ നാഷനൽ പാർക്കിലെ സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയായി മാറുന്നത്.പാർക്കിന്റെ ഇൻസ്റ്റഗ്രാം പേജിലാണ് കോൺഗ്രസിലെ മുതിർന്ന നേതാക്കൾ ജീപ്പിലിരിക്കുന്ന ചിത്രമുള്ളത്.

അതേ സമയം എപ്പോഴാണ് ചിത്രം എടുത്തത് എന്നത് വ്യക്തമല്ല.രാജസ്ഥാനിലെ സവായ് മധുപൂരിലാണ് രൻധാൻപൂർ പാർക്ക് സ്ഥിതി ചെയ്യുന്നത്.കടുവകളുടെ സങ്കേതമായ പാർക്ക് വിനോദസഞ്ചാരികളുടെ ആകർഷണ കേന്ദ്രമാണ്.76ാം ജന്മദിനത്തോടനുബന്ധിച്ചാണ് സോണിയ നാലുദിവസത്തെ സന്ദർശനത്തിനായി രാജസ്ഥാനിലെത്തിയത്.പ്രിയങ്ക ഗാന്ധിയും ഒപ്പമുണ്ട്.എന്നാൽ ചിത്രങ്ങളിൽ പ്രിയങ്കയില്ല.രാജസ്ഥാനിലെ കോടയിലൂടെയാണ് നിലവിൽ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കടന്നുപോകുന്നത്.

സ്വകാര്യ സന്ദർശനമായതിനാൽ രാഷ്ട്രീയ നേതാക്കൾക്ക് സോണിയയുമായി കൂടിക്കാഴ്ച നടത്താൻ അനുവാദമില്ല.അതേസമയം,രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്,കോൺഗ്രസ് മേധാവി ഗോവിന്ദ് സിങ് ഡൊടാസ്ര എന്നിവർ ജന്മദിനത്തോടനുബന്ധിച്ച് സോണിയയുമായി കൂടിക്കാഴ്‌ച്ച നടത്തിയെന്നാണ് വിവരം.ഹിമാചലിൽ സർക്കാർ രൂപീകരണ വിഷയത്തിൽ തർക്കങ്ങളും ചർച്ചകളും തുടരുന്ന സാഹചര്യത്തിലാണ് നേതാക്കളുടെ ചിത്രങ്ങൾ പുറത്തുവരുന്നതെന്നതും ശ്രദ്ധേയമാണ്.