ചെന്നൈ: തമിഴ്‌നാട്ടിലെ 35 കേന്ദ്രങ്ങളിൽ ആർ.എസ്.എസിന് റൂട്ട് മാർച്ച് നടത്താൻ മദ്രാസ് ഹൈക്കോടതി അനുമതി നൽകി. ഇതുമായി ബന്ധപ്പെട്ട് പൊലീസിന് കോടതി നിർദ്ദേശം നൽകി. ജസ്റ്റിസ് ജി. ജയചന്ദ്രനാണ് ഉത്തരവിട്ടത്. റൂട്ട് മാർച്ചിന് അനുമതി നൽകുന്നതിനെ സംസ്ഥാന സർക്കാർ എതിർത്തിരുന്നു. ഒക്ടോബർ 22, 29 തിയതികളിലായി റൂട്ട് മാർച്ച് നടക്കുമെന്നാണ് വിവരം.

പൊലീസ് ഉന്നയിച്ച എല്ലാ എതിർപ്പുകളെയും അവഗണിച്ചാണ് കോടതി അനുമതി നൽകിയത്. മാർച്ചിന് മൂന്നു ദിവസം മുമ്പെങ്കിലും പൊലീസ് അനുമതി നൽകണമെന്ന് കോടതി നിർദേശിച്ചു. മാർച്ച് കടന്നുപോകുന്നതിന് മുൻകൂർ നിശ്ചയിച്ച വഴികളിൽ യാതൊരു മാറ്റവും പാടില്ല. ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താമെന്നും കോടതി വ്യക്തമാക്കി.

കഴിഞ്ഞ വർഷം തമിഴ്‌നാട്ടിൽ ആർ.എസ്.എസ് റൂട്ട് മാർച്ച് നിശ്ചയിച്ചതിന് പൊലീസ് അനുമതി നൽകിയിരുന്നില്ല. സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികവും ബി.ആർ. അംബേദ്ക്കറുടെ ജന്മശതാബ്ദിയും വിജയദശമിയും മുൻനിർത്തി 51 കേന്ദ്രങ്ങളിൽ റൂട്ട് മാർച്ചും പൊതുസമ്മേളനവും നടത്താനാണ് ആർ.എസ്.എസ് നിശ്ചയിച്ചിരുന്നത്. പിന്നീട് കോടതിയിൽ നിന്നാണ് റൂട്ട് മാർച്ചിന് അനുമതി നേടിയത്.