തൃശൂർ: ശശി തരൂരിനെ പിന്തുണച്ച എൻഎസ്എസ് നിലാപാടിനെതിരെ ടി എൻ പ്രതാപൻ എംപ. പാർട്ടി സ്ഥാനാർത്ഥികളെ നിശ്ചയിക്കരുതെന്ന് പ്രതാപൻ വ്യക്തമാക്കി. പാർട്ടിയും ജനങ്ങളുമാണ് ആര് സ്ഥാനാർത്ഥിയാകണമെന്ന് തീരുമാനിക്കുന്നത്. മത, സമുദായിക സംഘടനകൾ ജനപ്രതിനിധികളെ നിശ്ചയിക്കുന്ന സ്ഥിതിയുണ്ടാകരുത്. കോൺഗ്രസ് ഏതെങ്കിലും മതത്തിന്റെയോ സമുദായത്തിന്റെയോ നിർദേശ പ്രകാരം സ്ഥാനാർത്ഥിയെ നിശ്ചയിക്കുന്ന പാർട്ടിയല്ലെന്നും പ്രതാപൻ ചൂണ്ടിക്കാട്ടി.

ശശി തരൂർ പ്രധാനമന്ത്രിയാകാൻ വരെ യോഗ്യനാണെന്ന എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു പ്രതാപൻ. ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഇനി മത്സരിക്കില്ലെന്നും ഇക്കാര്യം കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചതായും പ്രതാപൻ വ്യക്തമാക്കി. എംഎ‍ൽഎയായ കാലത്താണ് കൂടുതൽ ജനങ്ങളെ സേവിക്കാനായത്. തൃശൂർ ലോക്‌സഭ സീറ്റിൽ മത്സരിക്കാനാവുന്ന പകരക്കാരന്റെ പേര് മനസിലുണ്ട്.

സ്ഥാനാർത്ഥി സംബന്ധിച്ച അഭിപ്രായം ആരാഞ്ഞാൽ ജയസാധ്യതയുള്ള ആളുടെ പേര് പറയും. അന്തിമമായി സ്ഥാനാർത്ഥിയെ നിശ്ചയിക്കേണ്ടത് കോൺഗ്രസ് ഹൈക്കമാൻഡ് ആണെന്നും ടി.എൻ പ്രതാപൻ ചൂണ്ടിക്കാട്ടി.