ചെന്നൈ:തമിഴ്‌നാട്ടിൽ ഹിന്ദി വിരുദ്ധ പ്രതിഷേധത്തിനിടയിൽ കർഷകൻ തീ കൊളുത്തി ആത്മഹത്യ ചെയ്തു.ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ചാണ് കർഷകൻ ഡി.എം.കെ ഓഫീസിന് പുറത്ത് തീ കൊളുത്തി ആത്മഹത്യ ചെയ്തത്.85 കാരനായ ഡി.എം.കെ മുൻ കർഷക യൂണിയൻ ഓർഗനൈസർ തങ്കവേൽ ആണ് പ്രതിഷേധത്തെ തുടർന്ന് ജീനൊടുക്കിയത്.

സേലത്ത് രാവിലെ 11 മണിയോടെയാണ് സംഭവം.ഹിന്ദി ഭാഷ നിർബന്ധമാക്കുന്നതിനെതിരെ തങ്കവേൽ രാവിലെ തലയൂരിലുള്ള ഡി.എം.കെ പാർട്ടി ഓഫീസിന് മുന്നിൽ പ്രതിഷേധിക്കുകയായിരുന്നു.ശരീരത്തിൽ പെട്രോൾ ഓഴിച്ച് തീ കൊളുത്തിയ ഇയാൾ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിക്കുന്ന ബാനറും തങ്കവേലിന്റെ കൈവശം ഉണ്ടായിരുന്നു. 'മോദി സർക്കാരേ, കേന്ദ്ര സർക്കാരേ, ഞങ്ങൾക്ക് ഹിന്ദി വേണ്ട. ഞങ്ങളുടെ മാതൃഭാഷ തമിഴും ഹിന്ദി കോമാളികളുടെ ഭാഷയുമാണ്. തീരുമാനം പിൻവലിക്കൂ'- മരിക്കുന്നതിന് മുമ്പ് തങ്കവേൽ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

ഡി.എം.കെയുടെ സജീവ പ്രവർത്തകനായ തങ്കവേൽ ഹിന്ദിയെ പഠന മാധ്യമമായി കൊണ്ടുവരാനുള്ള കേന്ദ്രസർക്കാർ നീക്കത്തെ തുടക്കം മുതൽ എതിർത്തിരുന്നു.