ന്യൂഡൽഹി: 2002 ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ തെളിവുകളുണ്ടാക്കിയെന്ന് ആരോപിച്ച് അറസ്റ്റിലായ ആക്ടിവിസ്റ്റ് ടീസ്‌ക സെതൽവാദിന്റെ ജാമ്യകാലാവധി നീട്ടി സുപ്രീം കോടതി. ഉടൻ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന ഗുജറാത്ത് ഹൈക്കോടതിയുടെ നിർദേശത്തെ മറികടന്നാണ് സുപ്രീം കോടതിയുടെ വിധി. ജൂലൈ 19 വരെയാണ് ടീസ്തക്ക് കോടതി ജാമ്യം നീട്ടി നൽകിയത്. ജസ്റ്റിസ് ബി.ആർ ഗവായ്, ജസ്റ്റിസ് എ.എസ് ബൊപ്പണ്ണ, ദിപൻകർ ദത്ത എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

ശനിയാഴ്ച രാത്രി അടിയന്തരമായി ചേർന്ന വിശാല ബെഞ്ച് യോഗത്തിലാണ് ടീസ്തക്ക് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ കൂടുതൽ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് ടീസ്ത ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹരജി തള്ളുകയായിരുന്നു.

ഇതോടെയാണ് സുപ്രീം കോടതിയെ സമീപിക്കുന്നത്. എന്നാൽ ഹരജി ആദ്യം പരിഗണിച്ച അഭയ് എസ്. ഓക്ക, പി.കെ മിശ്ര എന്നിവർക്ക് ജാമ്യം സംബന്ധിച്ച് ഭിന്നാഭിപ്രായം നിലനിന്നതിനാൽ ഹരജി വിശാല ബെഞ്ചിന് വിടാൻ ചീഫ് ജസ്റ്റിസ് ശുപാർശ നൽകുകയായിരുന്നു.

വാദം കേൾക്കുന്നതിനിടെ കാലാവധി നീട്ടി നൽകാൻ ടീസ്ത സമർപ്പിച്ച ഹരജി തള്ളിയ ഹൈക്കോടതി നടപടിയെ സുപ്രീം കോടതി ചോദ്യം ചെയ്തു. ഹരജിക്കാരി സ്ത്രീയാണെന്നും ആ പരിഗണനയുടെ അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിക്കുന്നതെന്നും കോടതി വിധി പ്രസ്താവത്തിനിടെ വ്യക്തമാക്കി.