ന്യൂഡൽഹി: മോഷണക്കേസിൽ കുറ്റക്കാരനെന്ന് ഡൽഹി കോടതി വിധിച്ചതിനു പിന്നാലെ പ്രതി തീഹാർ ജയിലിൽ ജീവനൊടുക്കി. തിഹാർ സെൻട്രൽ ജയിലിലാണ് സംഭവം. 26 കാരനായ ജാവേദ് എന്ന യുവാവാണ് തിഹാർ ജയിലിലെ ബാത്‌റൂമിൽ തൂങ്ങിമരിച്ചത്. ബാത്‌റൂമിലെ ട്രാപ്പിൽ തുണിയുപയോഗിച്ച് തൂങ്ങുകയായിരുന്നു.

തിങ്കളാഴ്ച വൈകീട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവമെന്ന് ജയിൽ ഡി.ജി.പി സഞ്ജയ് ബനിവാൽ പറഞ്ഞു. ഡൽഹിയിലെ മാളവ്യ നഗർ പൊലീസ് സ്റ്റേഷനിൽ 2016ൽ രജിസ്റ്റർ ചെയ്ത മേഷണക്കേസിലാണ് ജാവേദ് കുറ്റക്കാരനാണെന്ന് തെളിഞ്ഞത്. ജാവേദിന്റെ ആത്മഹത്യ സംബന്ധിച്ച് കോടതിയെ അറിയിച്ചിട്ടുണ്ടെന്നും വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

കോടതിയിൽ നിന്ന് തിരിച്ചു വന്നപ്പോൾ മുതൽ ഇയാൾ കരയുകയായിരുന്നെന്ന് പൊലീസ് പറയുന്നു. വൈകീട്ട് ബാത്‌റൂമിൽ പോയി അടിവസ്ത്രങ്ങൾ കൂട്ടിപ്പിരിച്ച് കയറുണ്ടാക്കി തൂങ്ങുകയായിരുന്നു. ബാത്‌റൂം ഏരിയയിൽ സി.സി.ടി.വി കവറേജില്ലാത്തതിനാൽ ശ്രദ്ധയിൽ പെട്ടില്ല. പിന്നീട് കണ്ടെത്തിയപ്പോൾ ഉടൻ ജയിലിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

മോഷണം, മോഷണത്തിനിടെ കൊല്ലാനോ ഗുരുതരമായി പരിക്കേൽപ്പിക്കാനോ ഉള്ള ശ്രമം, മോഷ്ടിച്ച വസ്തുക്കൾ സ്വീകരിക്കുക, ഒരേ ഉദ്ദേശ്യത്തോടെ നിരവധി പേർ ചേർന്ന് പ്രവർത്തിക്കുക തുടങ്ങിയ കുറ്റങ്ങളാണ് യുവാവിനെതിരെ ചുമത്തിയിരുന്നത്.